അബൂ സംറ വഴി ഖത്തറിലേക്കുള്ള ചരക്കുനീക്കം ഞായറാഴ്ച തുടങ്ങും; 8 നിബന്ധനകൾ പാലിക്കണം
ദോഹ: കരവഴി ഖത്തറിലേക്കുള്ള ചരക്കുനീക്കം ഞായറാഴ്ചയാരംഭിക്കുമെന്ന് ഖത്തര്‍ കസ്റ്റംസ് അറിയിച്ചു. കഴിഞ്ഞ മൂന്നര വര്‍ഷത്തിനു ശേഷമാണ് അബൂ സംറ ബോര്‍ഡര്‍ വഴി ചരക്കു ഗതാഗതം തുടങ്ങുന്നത്. കയറ്റുമതി, ഇറക്കുമതി വ്യവസ്ഥകള്‍, ട്രക്ക് ഡ്രൈവര്‍മാര്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ കോവിഡ് പശ്ചാത്തലത്തിലുളള എന്‍ട്രി, എക്സിറ്റ് വ്യവസ്ഥകള്‍ മുതലായവയും ഇതോടൊപ്പം വ്യക്തമാക്കിയിട്ടുണ്ട്.
ഉപരോധത്തിന് മുമ്പ് സൗദിയില്‍ നിന്നും ദുബൈയില്‍ നിന്നും നൂറ് കണക്കിന് ട്രക്കുകളാണ് ആഴ്ചയില്‍ ദോഹയിലെത്തിയിരുന്നത്. നിര്‍മാണ മേഖലയിലേക്കുള്ള സാധനങ്ങള്‍, ഭക്ഷ്യ വസ്തുക്കള്‍, മറ്റു വാണിജ്യാവശ്യങ്ങള്‍ക്കുള്ള ഉല്‍പന്നങ്ങള്‍ തുടങ്ങി നിരവധി ബിസിനസുകളുടെ ആശ്രയമായിരുന്നു അബൂ സംറ ബോര്‍ഡര്‍. ഖത്തര്‍ ജനതയ്ക്കാവശ്യമായ നിത്യോപയോഗ ഭക്ഷ്യവസ്തുക്കളില്‍ 70 ശതമാത്തിലേറെ ഈ അതിര്‍ത്തി വഴിയാണ് വന്നിരുന്നത്. കരമാര്‍ഗം അടഞ്ഞതോടെ കപ്പല്‍ വഴിയും വ്യോമ മാര്‍ഗവുമാണ് ഖത്തറിലേക്ക് ചരക്കുകള്‍ എത്തിയിരുന്നത്. അബൂസംറ തുറക്കുന്നത് ഗള്‍ഫിലെ വാണിജ്യ മേഖലയ്ക്കു തന്നെ പുതിയ ഉണര്‍വേകും.
അബൂസംറ വഴിയുള്ള ചരക്കു ഗതാഗത്തിന് പാലിക്കേണ്ട നടപടിക്രമങ്ങള്‍
- സൗദി അറേബ്യയിലെ സല്‍വ അതിര്‍ത്തി വഴി വരുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ബോര്‍ഡറിലെത്തുന്നതിന് 72 മണിക്കൂറിനുള്ളില്‍ പരിശോധിച്ച സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം
- അബൂസംറ ബോര്‍ഡര്‍ വഴി ഖത്തറിലേക്ക് ചരക്ക് കൊണ്ടുവരുന്ന ഡ്രൈവര്‍മാരും ട്രക്കുകളും രാജ്യത്തേക്ക് പ്രവേശിക്കില്ല. സാധനങ്ങള്‍ ബോര്‍ഡറില്‍ ഇറക്കുകയും ഇറക്കുമതിക്കാരനോ ബോര്‍ഡറിലെ അദ്ദേഹത്തിന്റെ പ്രതിനിധിയോ പ്രാദേശിക ട്രക്കുകളില്‍ ചരക്കുകള്‍ വീണ്ടും ലോഡ് ചെയ്ത് രാജ്യത്തേക്ക് എത്തിക്കുകയാണ് വേണ്ടത്.
- ട്രക്കുകളും ഡ്രൈവര്‍മാരും അബു സംറ ബോര്‍ഡറില്‍ അണ്‍ലോഡിംഗ് പ്രക്രിയ പൂര്‍ത്തിയാക്കിയ ഉടന്‍ സൗദി അറേബ്യയിലെ സല്‍വ ബോര്‍ഡറിലേക്ക് മടങ്ങണം.
- 4 അബൂ സംറ ബോര്‍ഡര്‍ വഴി ചരക്ക് ഇറക്കുമതി ചെയ്യുന്നവരെല്ലാം സ്വീകരിച്ച സാധനങ്ങള്‍ കടത്താന്‍ അനുയോജ്യമായ പ്രാദേശിക ട്രക്കുകള്‍ തയ്യാറാക്കാനും ബോര്‍ഡറിലേക്ക്് പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനും ട്രക്കുകളുടെ തീയതിയും എണ്ണവും മുന്‍കൂട്ടി അബു സംറ ബോര്‍ഡര്‍ അധികൃതരെ അറിയിക്കണം.
- ഇറക്കുമതി ചെയ്യുന്ന ചരക്കുകളുടെ കസ്റ്റംസ് നടപടിക്രമങ്ങള്‍ ബോര്‍ഡറില്‍ നടക്കും. നിയന്ത്രിത ചരക്കുകളുടെ വിവരങ്ങള്‍ ഇലക്ട്രോണിക് കസ്റ്റംസ് ക്ലിയറന്‍സ് സിസ്റ്റം (അല്‍നദീബ്) വഴി ബന്ധപ്പെട്ട അതോറിറ്റിക്ക് സമര്‍പ്പിക്കണം.
- അബു സംറ ബോര്‍ഡര്‍ ദീര്‍ഘകാലം അടഞ്ഞുകിടക്കുകയും പ്രത്യേക ലബോറട്ടറികള്‍ രാജ്യത്തിന്റെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുകയും ചെയ്തതിനാല്‍, സാധനങ്ങളുടെ സാമ്പിളുകള്‍ രാജ്യത്തെ ബന്ധപ്പെട്ട രജിസ്ട്രേഷന്‍ അധികാരികള്‍ പരിശോധനയ്ക്കും വിശകലനത്തിനുമായി എടുക്കും.
- ചരക്ക് കയറ്റുമതി ചെയ്യുന്നവര്‍ സാധനങ്ങള്‍ എത്തുമ്പോള്‍ തടസ്സങ്ങള്‍ ഒഴിവാക്കാന്‍ ചരക്കുകള്‍ കയറ്റുമതി ചെയ്യുന്നതിനോ വീണ്ടും കയറ്റുമതി ചെയ്യുന്നതിനോ മുമ്പായി സൗദി കസ്റ്റംസ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം.
- ഖത്തറില്‍ നിന്ന് കയറ്റുമതി ചെയ്യുന്നതോ വീണ്ടും കയറ്റുമതി ചെയ്യുന്നതോ ആയ സാധനങ്ങള്‍ പ്രാദേശിക ട്രക്കുകള്‍ അബു സംറ ബോര്‍ഡറിലൂടെ സല്‍വ ബോര്‍ഡറിലേക്ക് കൊണ്ടുപോകും. ഇത് സംബന്ധിച്ച് സല്‍വ തുറമുഖത്തെ സൗദി അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."