ദലിതര്‍ സംഘപരിവാര്‍ വഞ്ചന തിരിച്ചറിഞ്ഞു: മുഖ്യമന്ത്രി
തിരുവനന്തപുരം: സംഘപരിവാറിന്റെ ദലിത് സ്‌നേഹമെന്ന വഞ്ചന തിരിച്ചറിഞ്ഞുള്ള ജനകീയ പ്രതികരണമാണ് ഉനയില്‍ ദലിത് അസ്മിതാ യാത്രയില്‍ മുഴങ്ങിയ സ്വാതന്ത്ര്യപ്രഖ്യാപനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ രാഷ്ട്രീയത്തില്‍ ദൂരവ്യാപക ചലനങ്ങളുണ്ടാക്കുന്ന മുന്നേറ്റത്തിനാണ് ബി.ജെ.പിയുടെ ശക്തിദുര്‍ഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗുജറാത്തില്‍ തുടക്കമായതെന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റില്‍ വ്യക്തമാക്കി.
ചത്ത പശുവിന്റെ തൊലിയുരിച്ചതിന്റെ പേരില്‍ നാല് ദലിത് യുവാക്കളെ ഗോരക്ഷാസംഘം ആക്രമിച്ചതിനെതിരേ ഉയര്‍ന്ന ജനവികാരം സംഘപരിവാറിന്റെ വര്‍ഗീയ ദലിത്‌വിരുദ്ധ അജന്‍ഡയ്‌ക്കെതിരായ ജനമുന്നേറ്റമായി മാറി. സ്വാതന്ത്ര്യദിനത്തിലാണ് ജാതീയ അനാചാരങ്ങള്‍ക്കും അടിച്ചമര്‍ത്തലിനുമെതിരേ ഗുജറാത്തില്‍ ശക്തമായ ദലിത്പ്രക്ഷോഭം രൂപപ്പെട്ടതെന്ന് അദ്ദേഹം പറയുന്നു.
''ചത്ത കന്നുകാലികളെ നീക്കംചെയ്യുക''എന്ന ജാതിത്തൊഴിലില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് പ്രതീകാത്മകമായി ത്രിവര്‍ണ പതാക ഉയര്‍ത്തിയതോടെ ആദ്യഘട്ടം പിന്നിട്ടു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ജാതീയതയുടെ രൂക്ഷത കുറവാണ്. ഇതിന് വലിയൊരു കാരണം നവോഥാന മുന്നേറ്റങ്ങളുടെ അടിത്തറയാണ്. അവയ്ക്ക് തുടര്‍ച്ച നല്‍കിയ ഭൂപരിഷ്‌കരണ നിയമവും അധികാരവികേന്ദ്രീകരണ പ്രവര്‍ത്തനങ്ങളും അതിന് നേതൃത്വം കൊടുത്ത ഇടതുപക്ഷത്തിന്റെ നിലപാടുകളും ജാതീയമായ അടിച്ചമര്‍ത്തലുകളെയും വിവേചനത്തെയും അകറ്റിനിര്‍ത്തിയ ഘടകങ്ങളാണ്.
വിവിധ ധാരകളിലുണ്ടായ പ്രക്ഷോഭങ്ങളുടെയും സമരങ്ങളുടെയും ആകത്തുകയാണ് കേരളത്തില്‍ നിലനില്‍ക്കുന്ന താരതമ്യേന ഉയര്‍ന്ന നിലയിലുള്ള സാമൂഹ്യനീതി. രാജ്യത്തെമ്പാടും സാമൂഹ്യനീതിക്കും സ്വാതന്ത്ര്യത്തിനുമായി നടക്കുന്ന ഇത്തരം സമരങ്ങളോട് ഐക്യപ്പെടേണ്ടത് പുരോഗമനാശയങ്ങളെ മുറുകെപ്പിടിക്കുന്നവരുടെ കര്‍ത്തവ്യമാണ്.
തുല്യതയിലും നീതിയിലും അധിഷ്ഠിതമായ സമൂഹം കെട്ടിപ്പടുക്കാന്‍ കര്‍ഷകരും തൊഴിലാളികളും ആദിവാസികളും ദലിതരും വിദ്യാര്‍ഥികളും യുവാക്കളും സ്ത്രീ, പുരുഷ, ഇതരലിംഗക്കാരും ഉള്‍പടെ വ്യത്യസ്തവിഭാഗങ്ങളുടെ സമരനിര രൂപപ്പെടുത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."