ഓണ്‍ലൈന്‍ മദ്യവില്‍പനക്കെതിരേ ബി.ജെ.പി
തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് കണ്‍സ്യൂമര്‍ഫെഡ് പിന്‍മാറണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇത് ഓണക്കാലത്ത് കേരളത്തെ മദ്യത്തില്‍ മുക്കാനേ സഹായിക്കുകയുള്ളൂവെന്നും നാടിന്റെ അന്തസിനേയും അഭിമാനത്തേയും ബാധിക്കുന്ന തരത്തിലേക്ക് ഓണമെന്ന സങ്കല്‍പത്തിന് പുതിയ ഭാഷ്യം നല്‍കാനുള്ള ശ്രമമാണ് ഈ നടപടിയെന്നും കുമ്മനം പറഞ്ഞു.
മദ്യപാനത്തെ ഓണവുമായി ബന്ധിപ്പിച്ച് ജനകീയമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് മഹത്തായ പൈതൃകത്തെ അവഹേളിക്കലാണ്. ടൂറിസം മേഖലയെ ചൂണ്ടിക്കാട്ടി മദ്യലഭ്യത കൂട്ടാന്‍ ടൂറിസം മന്ത്രിയും സര്‍ക്കാരും ശ്രമിക്കുകയാണ്. മദ്യനിയന്ത്രണം മൂലം വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കുറവു വന്നു എന്ന മന്ത്രിയുടെ വാദം തെറ്റാണ്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെത്തിയ വിനോദ സഞ്ചാരികളുടെ എണ്ണം മുന്‍ വര്‍ഷത്തേക്കാള്‍ 5.36 ശതമാനം കൂടുതലാണെന്ന് ടൂറിസം വകുപ്പിന്റെ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.
മദ്യപാനത്തിനാണ് ടൂറിസ്റ്റുകള്‍ കേരളത്തിലെത്തുന്നതെന്ന ധാരണ ശരിയല്ല. മദ്യനയത്തെപ്പറ്റി സര്‍ക്കാരിന് വ്യക്തമായ ധാരണയില്ലാത്തത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് കാലത്ത് മദ്യലോബിയുമായി ഉണ്ടാക്കിയ രഹസ്യധാരണയാണ് ഇപ്പോഴത്തെ നടപടികളില്‍ കൂടി പുറത്തുവരുന്നത്. മദ്യ വിപത്തിനെപ്പറ്റി ബോധവത്കരണം നടത്തേണ്ട സര്‍ക്കാര്‍ മദ്യം വ്യാപകമാക്കാന്‍ ശ്രമിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. യു.ഡി.എഫിന്റെ മദ്യനയം പരാജയമാണ്. പടിപടിയായാണ് മദ്യവര്‍ജനം നടത്തേണ്ടതെന്നും കുമ്മനം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."