വീണ്ടും വിസ്മയിപ്പിച്ച് ദുബൈ: ഫ്യൂച്ചര്‍ മ്യൂസിയം 22ന് മിഴിതുറക്കും
ദുബൈ: മനുഷ്യ ബുദ്ധിയുടെയും സാങ്കേതിക മികവിന്റെയും ബലത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച് ലോകശ്രദ്ധ പടിച്ചുപറ്റി ദുബൈ വീണ്ടും രംഗത്ത്. ഈമാസം 22 ന് ഭാവിയിലേക്കുള്ള കാഴ്ചകളും ആശയങ്ങളും പങ്കുവെക്കുന്ന ദുബൈ ഫ്യൂച്ചര്‍ മ്യൂസിയം എന്ന അത്ഭുതം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുകയാണ്. ഭൂമിയിലെ ഏറ്റവും മനോഹരമായ ഒരു കെട്ടിടം രാജ്യം ലോകത്തിന് സമര്‍പ്പിക്കുമെന്നാണ് ദുബൈ ഭരണാധികാരി ശൈഖ്് മുഹമ്മദ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയത്.
ഭാവിയിലേക്കുള്ള നൂതന ഗവേഷണങ്ങളും പുതിയ സാങ്കേതികവിദ്യകളും അവതരിപ്പിക്കുന്ന വേറിട്ട കേന്ദ്രമാണ് ഫ്യൂച്ചര്‍ മ്യൂസിയം. ഒരേ സമയം നൂതന സാങ്കേതികതയും സര്‍ഗാത്മകമായ ആശയങ്ങളും അവതരിപ്പിക്കുന്ന ഇടമാണിത്. ശൈഖ് സാഇദ് റോഡില്‍ ദുബൈ ഫൈനാന്‍ഷ്യല്‍ ഡിസ്ട്രിക്കിലാണ് ഈ അതിമനോഹര കെട്ടിടമുള്ളത്. 30,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയും 77 മീറ്റര്‍ ഉയരവുമുള്ള കെട്ടിടത്തിന് ഏഴ് നിലകളുണ്ട്. തൂണുകളില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.
അറബി കാലിഗ്രഫിയുള്ള ഇതിന്റെ 1,024 പാനലുകള്‍ നിര്‍മിച്ചത് റോബോട്ടുകളാണ്.
500 ദശലക്ഷം ദിര്‍ഹം ചെലവിട്ട് നിര്‍മിച്ച കെട്ടിടത്തില്‍ ലാബുകളും ക്ലാസ്മുറികളുമുണ്ടാകും. സന്ദര്‍ശകര്‍ക്ക് പുത്തന്‍ സാങ്കേതികവിദ്യകളെ മനസ്സിലാക്കാന്‍ കഴിയുന്ന പ്രദര്‍ശനങ്ങളുമുണ്ടാകും. ഫ്യൂച്ചര്‍ മ്യൂസിയത്തിന്റെ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചുകഴിഞ്ഞു. 145 ദിര്‍ഹമാണ് ടിക്കറ്റിന്റെ വില. ഭിന്നശേഷിക്കാര്‍ക്കും, മൂന്ന് വയസിന് താഴെയുള്ള കുട്ടികള്‍ക്കും പ്രവേശനം സൗജന്യമാണ്. മ്യൂസിയം സന്ദര്‍ശനത്തിനുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു.www.motf.ae എന്ന വെബ്‌സൈറ്റ് വഴിയാണ് ടിക്കറ്റ് ലഭിക്കുക. ആഴ്ചയില്‍ എല്ലാദിവസവും പ്രവേശനം അനുവദിക്കും. രാവിലെ പത്ത് മുതല്‍ വൈകുന്നേരം ആറ് വരെയാണ് സമയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."