കേരളം എന്ന് നിക്ഷേപസൗഹൃദമാകും?
അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങിയത് യു.എ.ഇ വഴിയാണ്. അതിനൊരു ഉദ്ദേശ്യമുണ്ടായിരുന്നു. വ്യവസായ സംരംഭകരെയും വ്യാപാരികളെയും കേരളത്തിൽ മുതലിറക്കാൻ പ്രേരിപ്പിക്കുകയെന്നതായിരുന്നു അത്. കേരളം ഇപ്പോൾ പഴയത് പോലെയല്ലെന്നും വ്യവസായ സൗഹൃദ സംസ്ഥാനമായി മാറിയിട്ടുണ്ടെന്നും നിക്ഷേപമിറക്കാൻ പറ്റിയ സമയമാണെന്നും ദുബൈയിലെ പ്രമുഖ വ്യവസായികളെ ബോധ്യപ്പെടുത്തി അതിന്റെ വർധിത ആത്മവിശ്വാസവുമായാണ് മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തിയത്. അതിന് തൊട്ടുപിന്നാലെ സി.ഐ.ടി.യു അവരുടെ തനത് സ്വഭാവം കണ്ണൂരിലെ മാതമംഗലത്ത് പുറത്തെടുക്കുന്നതാണ് കണ്ടത്.
സി.ഐ.ടി.യു മാറിയിട്ടില്ല, പഴയപടി തന്നെയാണ്. അവർ മാറിയെന്ന ധാരണയിലായിരിക്കാം ഒരുപക്ഷേ, മുഖ്യമന്ത്രി ദുബൈയിലെ വ്യവസായ പ്രമുഖരെ കേരളത്തിലേയ്ക്ക് ക്ഷണിച്ചത്. മാതമംഗലത്തെ ഒരു പ്രവാസി തൻ്റെ ആജീവനാന്ത സമ്പാദ്യംകൊണ്ട് ആരംഭിച്ച കട കഴിഞ്ഞ ദിവസം പൂട്ടിച്ചുകൊണ്ട്, മുഖ്യമന്ത്രിക്ക് തൊഴിൽ രംഗത്തെക്കുറിച്ച് ഇപ്പോഴുണ്ടായ ബോധ്യം വെറും തെറ്റിദ്ധാരണയാണെന്ന് സി.ഐ.ടി.യു ബോധ്യപ്പെടുത്തിയിരിക്കുന്നു.
നോക്കുകൂലി എന്ന, ജോലി ചെയ്യാതെ കൂലി വാങ്ങുന്ന വിദ്യ കേരളത്തിൽ പരീക്ഷിച്ചു വിജയിപ്പിച്ചെടുത്ത പാരമ്പര്യം സി.ഐ.ടി.യുവിനുണ്ട്. പൊതുസമൂഹം പോകട്ടെ, സി.പി.എം തന്നെ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും, ചുമടെടുക്കാതെയും ഇറക്കാതെയും കൂലി പറ്റുന്ന ഈ 'അപൂർവ സൗഭാഗ്യം' കൈവിടാൻ സി.ഐ.ടി.യു തയാറായിരുന്നില്ല. അതുകൊണ്ടുതന്നെ കോടതികൾക്ക് പല തവണ ഈ വിഷയത്തിൽ ഇടപെടേണ്ടി വന്നു. ഒടുവിൽ നോക്കുകൂലിയെന്ന ഒഴിയാബാധ ഇല്ലാതാക്കാൻ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിക്ക് കടുത്ത നിലപാട് എടുക്കേണ്ടി വന്നു. നോക്കുകൂലി വാങ്ങുന്ന തൊഴിലാളികൾ സി.ഐ.ടി.യുക്കാരാണെങ്കിൽ അവരെ സംഘടനയിൽ നിന്ന് ഒഴിവാക്കാൻ തുടങ്ങിയതോടെയാണ് ഈ പിടിച്ചുപറിക്ക് താൽക്കാലിക ശമനമായത്.
ഇതുപോലെ കോടതിയിൽ നിന്നുണ്ടായ മറ്റൊരു ഉത്തരവാണ് തൊഴിൽ ഉടമയ്ക്ക് സ്വന്തമായോ ഉടമ സ്വന്തം നിലയ്ക്ക് നിയോഗിക്കുന്നവരെ ഉപയോഗിച്ചോ കയറ്റിറക്ക് ജോലികൾ നടത്താമെന്നത്. ഇത് പക്ഷേ കണ്ണൂരിലെ മാതമംഗലത്തെ സി.ഐ.ടി.യുവിന് ബോധ്യമായിട്ടില്ല. അവരുടെ ഉപരോധസമരവും ഭീഷണിയും കാരണം 70 ലക്ഷം മുടക്കി തുടങ്ങിയ ഹാർഡ്‌വെയർ കട പ്രവാസി മലയാളിക്ക് പൂട്ടേണ്ടിവന്നിരിക്കുകയാണ്. തൊഴിൽ തർക്കമെന്ന പേരിട്ട് തൊഴിലാളി സംഘടനകൾ സംസ്ഥാനത്ത് പൂട്ടിച്ചുകൊണ്ടിരിക്കുന്ന വ്യാപാര-വ്യവസായ സ്ഥാപനങ്ങളിൽ അങ്ങനെ ഒരെണ്ണം കൂടി. കട പൂട്ടിയതിനെ മന്ത്രി ശിവൻ കുട്ടി ന്യായീകരിച്ചത്, 'തൊഴിൽ സമരം കൊണ്ടല്ല കട പൂട്ടിയതെ'ന്നും 'ലൈസൻസ് ഇല്ലാതെ കട പ്രവർത്തിച്ചതിനാലാ'ണെന്നുമാണ്. നിയമസഭയിൽ സ്പീക്കറുടെ ഡയസിൽ മുണ്ടും പൊക്കിയുടുത്ത് അക്രമം കാണിച്ചതിന് മന്ത്രി ശിവൻ കുട്ടിക്ക് എതിരേ നിലവിൽ കേസുണ്ട്. കേസ് തള്ളിക്കളയണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടും കോടതി അംഗീകരിച്ചിട്ടില്ല.
ലൈസൻസ് റദ്ദാക്കിയിട്ടില്ലെന്നും അനുമതിയിൽ കൂടുതൽ സ്ഥലം ഉപയോഗിക്കുന്നത് ക്രമപ്പെടുത്താനുള്ള നോട്ടിസ് നൽകുക മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും ഇത് സാധാരണമാണെന്നും ലൈസൻസ് നൽകിയ എരമം കുറ്റൂർ പഞ്ചായത്ത് സെക്രട്ടറി കഴിഞ്ഞ ദിവസം വ്യക്തമാക്കി. കഴിഞ്ഞ 50 ദിവസമായി സി.ഐ.ടി.യു ഈ കടയ്ക്ക് മുമ്പിൽ നടത്തിവന്ന ഉപരോധ സമരം ഇവിടെനിന്ന് സാധനങ്ങൾ വാങ്ങാനെത്തുന്നവരെ തടയുന്നതിലേക്കും ഭീഷണിപ്പെടുത്തുന്നതിലേക്കും മർദിക്കുന്നതിലേക്കും വരെ എത്തിയപ്പോൾ പരാതിപ്പെട്ടിട്ടും പൊലിസ് സഹായിക്കാൻ തയാറാകാതിരുന്നതോടെയാണ് കട പൂട്ടാൻ ഉടമ നിർബന്ധിതനായത്. ഈ കടയിൽ നിന്നു സാധനങ്ങൾ വാങ്ങിയതിന്റെ പേരിൽ സി.ഐ.ടി.യുക്കാരുടെ മർദനമേറ്റതായി എ.ജെസെക്യൂർ കംപ്യൂട്ടേഴ്സ് ഉടമ അഫ്സൽ കുഴിക്കാട് പൊലിസിൽ പരാതി നൽകിയിരുന്നു. ഈ പരാതി നൽകിയതിന്റെ പേരിൽ സി.ഐ.ടി.യുക്കാരിൽ നിന്നു വധഭീഷണിയടക്കമുണ്ടായതായി അഫ്സൽ പറയുന്നു. ഭീഷണി നിലനിൽക്കുന്നതിനാൽ, ജീവഭയമുള്ളതിനാൽ താൻ സ്ഥാപനം പൂട്ടിയെന്നാണ് അഫ്സൽ പറഞ്ഞത്. അഫ്സലിന്റെ പരാതിയിൽ അക്രമം കാണിച്ച സി.ഐ.ടി.യു പ്രവർത്തകനെ പാർട്ടി ഓഫിസിൽ കയറി ചെന്ന് അറസ്റ്റ് ചെയ്ത വനിതാ എസ്.ഐയും ഇപ്പോൾ പാർട്ടി നേതാവിന്റെ ഭീഷണിയുടെ നിഴലിലാണ്.
ഇവിടേയ്ക്കാണ് മുഖ്യമന്ത്രി പ്രവാസി സംരംഭകരെ മുതലിറക്കാൻ സൗഹാർദപൂർവം ക്ഷണിച്ചിരിക്കുന്നത്. മാതമംഗലത്ത് എസ്.ആർ അസോസിയേറ്റ്സ് എന്ന സ്ഥാപനം തുടങ്ങിയ ഇ.പി റബി മുഹമ്മദും പ്രവാസി സംരംഭകനാണ്. കൊവിഡിനെത്തുടർന്ന് ജോലി നഷ്ടപ്പെട്ടതിനാലാണ് 70 ലക്ഷം മുടക്കി റബി മുഹമ്മദ് നാട്ടിൽ ഹാർഡ് വെയർ കട തുടങ്ങിയത്. സ്വന്തം തൊഴിലാളികളെ വച്ച് കടയിലേക്ക് സാധനങ്ങൾ ഇറക്കാനും കട പ്രവർത്തിപ്പിക്കാനും റബി മുഹമ്മദിനു കോടതി അനുകൂല ഉത്തരവ് നൽകിയതാണ്. അതിന്റെ ബലത്തിലായിരുന്നു റബി മുഹമ്മദ് കട പ്രവർത്തിപ്പിച്ചിരുന്നത്. എന്നാൽ അതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന മട്ടിൽ അമ്പത് ദിവസത്തെ സി.ഐ.ടി.യു ഉപരോധ സമരം അവസാനം അക്രമത്തിൽ കലാശിക്കുകയായിരുന്നു.
കണ്ണൂർ ജില്ലയിൽ സി.പി.എം പാർട്ടി ഗ്രാമങ്ങളുള്ള സ്ഥലമാണ് മാതമംഗലം പോലുള്ള പ്രദേശങ്ങൾ. ചെറിയൊരു തീപ്പൊരി വീണാൽ അത് ആളിക്കത്താൻ ഇവിടെ ഏറെ സമയമൊന്നും വേണ്ട. അതിവൈകാരികതയാണ് ഇവിടത്തെ രാഷ്ട്രീയം. മേഖലയിൽ ഇപ്പോഴുണ്ടായത് തൊഴിൽ സംബന്ധമായ തർക്കമാണെങ്കിലും അതൊരു കലാപത്തിലേക്ക് വഴുതിവീഴാനുള്ള സാധ്യതകൾ ഏറെയാണ്. അതാണ് കണ്ണൂരിന്റെ ചരിത്രവും. മുമ്പ് പന്നിയൂർ, നാദാപുരം, വാണിമേൽ എന്നിവിടങ്ങളിൽ ഉണ്ടായ അനിഷ്ട സംഭവങ്ങൾ മറക്കാറായിട്ടില്ല. തെങ്ങിൻ കുലയ്ക്കും മനുഷ്യൻ്റെ തലയ്ക്കും രക്ഷയില്ല എന്ന മുദ്രാവാക്യം ഉയർന്നതും ഇവിടുത്തെ അക്രമത്തെ ഉദ്ദേശിച്ചായിരുന്നു. അത്തരമൊരു സംഭവം ഇനി ആവർത്തിക്കരുത്. ആവർത്തിക്കാതിരിക്കാൻ നിയമപാലകർ കണിശമായ നിലപാട് എടുക്കേണ്ടിയിരിക്കുന്നു. മുസ് ലിം യൂത്ത് ലീഗ് നേതാവുകൂടിയായ എ.ജെ സെക്യൂർ കംപ്യൂട്ടേഴ്സ് ഉടമ അഫ്സൽ കട പൂട്ടിയിട്ടും നിരന്തരമായി അക്രമിക്കപ്പെടുന്നു എന്നത് ആശങ്കയുണ്ടാക്കുന്നതാണ്. അഫ്സലിനെ മർദിച്ചതിനെതിരേ പ്രതിഷേധ യോഗം നടത്തിയവർക്കും യോഗത്തിൽ പ്രസംഗിച്ചവർക്കും മർദനം ഏറ്റതായി പറയപ്പെടുന്നു. അങ്ങനെയാണെങ്കിൽ മേഖലയിലെ സ്ഥിതി ആശങ്കാജനകമാണ്. അതിനാൽ മാതമംഗലത്തെ തൊഴിൽ തർക്കം മറ്റൊരു അനിഷ്ട സംഭവത്തിലേക്ക് വഴുതി വീഴാതിരിക്കാൻ ജനാധിപത്യ വിശ്വാസികളും നിയമപാലകരും അതീവ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. സമാധാനം തകർക്കുന്നവർക്കെതിരേ പൊലിസ് മുഖം നോക്കാതെ കർശന നടപടിയെടുക്കുക തന്നെ വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."