എല്ലാ വഴികളും അടഞ്ഞു, ഭക്ഷണത്തിന് പോലും പണമില്ല; ശനിയാഴ്ച മുതല്‍ ഭിക്ഷാ സമരവുമായി റാങ്ക് ഹോള്‍ഡേഴ്‌സ്
തിരുവനന്തപുരം: 'മുന്നിലെ എല്ലാ വഴികളും അടഞ്ഞു, സമരം ചെയ്യുന്നവര്‍ക്ക് ഭക്ഷണാവശ്യത്തിന് പോലും പണം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഇന്ന് മുതല്‍ ഞങ്ങള്‍ ഭിക്ഷയെടുക്കാന്‍ ബക്കറ്റുമായി ഇറങ്ങുകയാണ്- സെക്രട്ടേറിയറ്റിന് മുന്നില്‍ കഴിഞ്ഞ ആറു ദിവസമായി സമരം ചെയ്യുന്ന സിവില്‍ പൊലിസ് ഓഫിസര്‍ റാങ്ക് ഹോള്‍ഡേഴ്‌സ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നീതി കിട്ടും വരെ സമരം തുടരും. തങ്ങളുടെ സമരപ്പന്തലില്‍ പരിചയമില്ലാതെ ചിലരെ കാണുന്നുണ്ട്. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാക്കി സമരത്തെ തകര്‍ക്കാനാണോ ഇവരുടെ ലക്ഷ്യമെന്ന് അറിയില്ല. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന ആവശ്യമാണ് ഞങ്ങള്‍ ഉന്നയിക്കുന്നത്.
കൂലിപ്പണിയെടുത്തിട്ടാണ് പഠിച്ചത്. എല്ലാവര്‍ക്കും ജോലി നല്‍കണമെന്ന് ആവശ്യപ്പെടുന്നില്ല. ഒഴിവുകള്‍ക്കനുസൃതമായി നിയമനം നടത്താന്‍ സര്‍ക്കാര്‍ തയാറാവണം. താല്‍ക്കാലിക ജീവനക്കാരോട് കാണിക്കുന്ന മാനുഷിക പരിഗണന പോലും തങ്ങളോട് കാണിക്കുന്നില്ല. വകുപ്പില്‍ ഒഴിവുകളുണ്ടെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖകളും മറ്റ് തെളിവുകളും കൈയിലുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഇളക്കിവിട്ടവരാണ് സെക്രട്ടേറിയേറ്റ് പടിക്കല്‍ സമരം നടത്തുന്നതെന്നാണ് മന്ത്രിമാരും നേതാക്കളും പറയുന്നത്.
ഞങ്ങള്‍ക്ക് കക്ഷി രാഷ്ട്രീയമില്ല, അര്‍ഹതപ്പെട്ട ജോലിക്കുവേണ്ടിയാണ് പോരാടുന്നത്. സമരക്കാരില്‍ ചിലര്‍ ആത്മഹത്യാശ്രമം നടത്തിയത് ഞങ്ങള്‍ അറിഞ്ഞുകൊണ്ടല്ല. അവരുടെ മാനസികാവസ്ഥയാണ് അതിന് പ്രേരിപ്പിച്ചത്. ആരുടെയെങ്കിലും ജീവന്‍ നഷ്ടപ്പെട്ടാല്‍ മാത്രമേ നീതി കിട്ടൂവെങ്കില്‍ വരുംദിവസങ്ങളില്‍ അതും സംഭവിച്ചേക്കും. ആര്‍ക്കെങ്കിലും എന്തെങ്കിലും പറ്റിയാല്‍ അതിനുത്തരവാദി സര്‍ക്കാരായിരിക്കും- റാങ്ക് ഹോള്‍ഡേഴ്‌സ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."