വിവാദ ചോദ്യങ്ങളോട് കടക്കൂ പുറത്തെന്ന്: മുഖ്യമന്ത്രിയുമായുള്ള സംവാദത്തില്‍ ചോദിക്കാനാവുക 20 വിദ്യാര്‍ഥികള്‍ക്ക് മാത്രം
തേഞ്ഞിപ്പലം: 'നവകേരളം യുവകേരള'മെന്ന പേരു നല്‍കി കാലിക്കറ്റ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുമായി ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്താനിരിക്കുന്ന സംവാദം വിവാദത്തില്‍. പരിപാടിയില്‍ മുന്‍കൂട്ടി അനുമതി കിട്ടാതെ ആരും മുഖ്യമന്ത്രിയോടു ചോദ്യം ചോദിക്കരുതെന്ന രീതിയില്‍ നിര്‍ദേശമുണ്ടായതോടെയാണ് വിവാദത്തിന് തീപിടിച്ചത്.
മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് രൂപീകരിച്ച കമ്മിറ്റിയുടെ വാട്‌സ്ആപ് ഗ്രൂപ്പില്‍നിന്ന് ആരും ഒരു ചോദ്യവും ഉന്നയിക്കരുതെന്ന രീതിയില്‍ ഒരധ്യാപികയുടെ ശബ്ദസന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവാദം കത്തിയത്.
പി.എസ്.സി സമരം ശക്തമായി തുടരുമ്പോള്‍ അതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ എല്ലാം ഒഴിവാക്കാനാണ് അധികൃതരുടെ നീക്കം. കാലിക്കറ്റില്‍നിന്ന് 165 വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ട്. കാര്‍ഷിക സര്‍വകലാശാലയില്‍നിന്ന് ഇരുപതും മലയാളം സര്‍വകലാശാലയില്‍നിന്ന് പത്തും കലാമണ്ഡലത്തില്‍നിന്ന് അഞ്ചും വിദ്യാര്‍ഥികള്‍ നേരിട്ട് പങ്കെടുക്കും. ഓണ്‍ലൈനായി 800 വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം.
സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികളുമായി നടക്കുന്ന സംവാദത്തിന്റെ ഭാഗമായാണ് ശനിയാഴ്ച പതിനൊന്നിനു വാഴ്‌സിറ്റി സെമിനാര്‍ കോംപ്ലക്‌സില്‍ വിദ്യാര്‍ഥി സൗഹൃദ പരിപാടി നടക്കുന്നത്.
പരിപാടിയില്‍ മുന്‍കൂട്ടി തയാറാക്കിയ ഇരുപത് പേര്‍ക്ക് മാത്രം ചോദ്യങ്ങള്‍ ചോദിക്കാം. ഇരുപത് ചോദ്യങ്ങളും നേരത്തേ തയാറാക്കി മുഖ്യമന്ത്രിയുടെ ഓഫിസിന് അയച്ചുകൊടുത്തിട്ടുണ്ട്. ഇവയാണ് സദസില്‍ നേരത്തേ ഒരുക്കിനിര്‍ത്തിയ ഇരുപത് വിദ്യാര്‍ഥികള്‍ ചോദിക്കേണ്ടത്. മറ്റൊന്നും ചോദിക്കരുത്.
സദസില്‍ നേരത്തേ പാസ് നല്‍കുന്ന 200 വിദ്യാര്‍ഥികളാണ് പങ്കെടുക്കേണ്ടത്. ഇവര്‍ മുഖ്യമന്ത്രിയോട് നേരിട്ടു ചോദ്യം ചോദിക്കരുതെന്നും നിര്‍ദേശമുണ്ടെന്നാണറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."