വിഭജന പ്രത്യയശാസ്ത്രം നുഴഞ്ഞുകയറുമ്പോള്‍
സാമൂഹിക ധ്രുവീകരണത്തിന്റെയും രാഷ്ട്രീയ കരുനീക്കങ്ങളുടെയും ഏറ്റവും അപകടകരമായ വഴികളാണ് ഫാസിസ്റ്റ് ആള്‍ക്കൂട്ടങ്ങള്‍, തങ്ങളുടെ ലക്ഷ്യം നേടാന്‍ എക്കാലത്തും സ്വീകരിക്കാറുള്ളത്. ജനാധിപത്യം സജീവമായ രാഷ്ട്രീയക്രമങ്ങളില്‍ പൊളിറ്റിക്കല്‍ എന്‍ജിനീയറിങ്ങിന്റെ സാധ്യമായ രീതികളെല്ലാം അവര്‍ സമര്‍ഥമായി ഉപയോഗിക്കുന്നു. മത, വംശ, ജാതി, സംസ്‌കാര വൈവിധ്യതകളാല്‍ സമ്പന്നമായ സാമൂഹികക്രമത്തില്‍ പൊളിറ്റിക്കല്‍ എന്‍ജിനീയറിങ്ങിന്റെ വഴികള്‍ വിപുലമായിരിക്കും. പക്ഷേ, ആ സമൂഹത്തിന്റെ സാംസ്‌കാരിക നിലവാരവും രാഷ്ട്രീയ ബോധവുമനുസരിച്ച് ഫലപ്രാപ്തിയില്‍ വ്യത്യാസം സംഭവിക്കാം. ചിലയിടങ്ങളില്‍ വേഗവും വ്യാപ്തിയും കൂടാം, മറ്റു ചിലയിടങ്ങളില്‍ കാലതാമസം നേരിടാം.
ആര്‍.എസ്.എസിന്റെ
ഇന്ത്യന്‍ അജന്‍ഡകള്‍
ലോകത്തെങ്ങുമുള്ള ഫാസിസ്റ്റ് സംഘങ്ങള്‍ ഏറക്കുറെ സമാനസ്വഭാവത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അവയെ മാതൃകയാക്കിയ ഇന്ത്യയിലെ ലക്ഷണമൊത്ത ഫാസിസ്റ്റ് സംഘടനയായ ആര്‍.എസ്.എസ് തുടക്കം മുതല്‍ സ്വീകരിച്ചുവരുന്നതും ബി.ജെ.പിയുടെ രാഷ്ട്രീയ സജീവതയ്ക്കുശേഷം 2002 ഓടെ വിപുലപ്പെടുത്തിയതുമായ പ്രവര്‍ത്തന രീതികള്‍ പൊളിറ്റിക്കല്‍ എന്‍ജിനീയറിങ്ങിന്റെ അപകടകരമായ വഴികളിലൂടെയാണ് മുന്നോട്ടുപോകുന്നത്. സൂക്ഷ്മ ലക്ഷ്യങ്ങള്‍ക്കായി, ആസൂത്രിതമായി ആവിഷ്‌കരിച്ച സ്വന്തം അജന്‍ഡകള്‍, തങ്ങളുടേതാണെന്ന് തിരിച്ചറിയാനാകാത്ത വിധത്തിലാണ് ആര്‍.എസ്.എസ് നടപ്പിലാക്കുന്നത്. ഉദാഹരണമായി, സ്വാഭാവികമെന്ന് തോന്നുംവിധം രൂപപ്പെടുന്ന ചില വിവാദങ്ങള്‍ സംഘ്പരിവാറിന്റെ അടുക്കളയില്‍ പാകം ചെയ്‌തെടുത്തതാണെന്ന് തിരിച്ചറിയാതെയാണ് പലരും എറ്റെടുക്കാറുള്ളത്. സംഘ്പരിവാറിന്റെ ചൂണ്ടയാണെന്നറിയാതെ അവയില്‍ കൊത്തുകയും ആവേശം പൂണ്ട ഇടപെടലുകളിലൂടെ സ്വന്തം പക്ഷത്തുനിന്ന് പൊരുതുകയും ചെയ്തവര്‍ വിവാദം അവസാനിച്ചു കഴിയുമ്പോള്‍ നേട്ടം കൊയ്തത് സംഘ്പരിവാറാണെന്ന് ചിന്തിക്കാറുണ്ടോ!
സമീപകാലത്ത് കത്തിപ്പടര്‍ന്ന ചില വിവാദങ്ങള്‍ നിരീക്ഷിക്കുക. ലൗ ജിഹാദ്, ശബരിമലയിലെ യുവതി പ്രവേശനം, സര്‍ക്കാര്‍ സര്‍വിസിലെ മുസ്‌ലിം പ്രാതിനിധ്യം, യു.പി.എസ്.സി ജിഹാദ്, ഹലാല്‍ ഭക്ഷണം തുടങ്ങിയവയെ വിവാദ ബഹളങ്ങള്‍ക്കപ്പുറം മൂന്നാം കണ്ണുകൊണ്ട് നിരീക്ഷിക്കുക. ഓരോ വിവാദത്തിന്റെയും ഉത്ഭവം, പങ്കാളികള്‍, ഇരകള്‍, വളര്‍ച്ച, പ്രചാരണ രീതികള്‍, പ്രചാരകരായ സോഷ്യല്‍ മീഡിയാ 'വ്യക്തിത്വങ്ങള്‍', പരിസമാപ്തി, അനന്തര ഫലങ്ങള്‍ തുടങ്ങിയവയെ മുന്നില്‍നിന്നു മാത്രമല്ല, പിന്നില്‍നിന്നും പരിശോധനാ വിധേയമാക്കണം. മതവും സമുദായങ്ങളുമായി ബന്ധപ്പെട്ട ഏതാണ്ടെല്ലാ സമകാലിക വിവാദങ്ങളും ആര്‍.എസ്.എസിന്റെ അടുക്കളയില്‍ ഉരുവംകൊണ്ടതോ അവരുടെ ഉമ്മറത്തെ വോട്ടുപെട്ടിയില്‍ അവസാനിക്കുന്നതോ ആയിരിക്കും.
ഹീനമായ ചില അടിസ്ഥാനങ്ങളിലാണ് ആര്‍.എസ്.എസ് നിലകൊള്ളുന്നത്. കളവ്, വിദ്വേഷം, വംശവെറി, അവിശ്വാസം, ചതി, ഭിന്നിപ്പ്, ഹിംസ തുടങ്ങിയവയാണ് അവരുടെ പ്രത്യയശാസ്ത്രത്തിന്റെ അനിവാര്യ ചേരുവകള്‍. മാലിന്യങ്ങളില്‍ വളരുന്ന ചില ജീവികളുണ്ട്. അപ്രകാരം, നുണകളെ ജീവവായുവാക്കിയ ആര്‍.എസ്.എസിന് ഏറ്റവും ഭയമുള്ളത് സത്യത്തെയാണ്. സാമൂഹിക ഐക്യത്തിന്റെ ബദ്ധവൈരികളായ അവര്‍ സാമുദായിക ധ്രുവീകരണത്തിന് ഏതു കുതന്ത്രവും പ്രയോഗിക്കാന്‍ മടിക്കില്ല. ചതിയുടെ കുറുക്കുവഴികളല്ലാതെ നേര്‍ക്കു നേരെയുള്ള നിലപാടുകളൊന്നും ആര്‍.എസ്.എസില്‍നിന്ന് പ്രതീക്ഷിക്കരുത്. അവര്‍ ഒരു പ്രഖ്യാപനം നടത്തുമ്പോള്‍ അതിലെ വാക്കുകള്‍ക്കപ്പുറമുള്ള തലങ്ങളില്‍ മൂന്നാം കണ്ണുകൊണ്ട് അതിനെ വായിച്ചെടുക്കാന്‍ കഴിയണം. ഏതെങ്കിലുമൊരു ചതിക്കുഴി വെട്ടാതെ ആര്‍.എസ്.എസ് ഒന്നും ചെയ്യില്ലെന്നത് ഓര്‍ത്തുവയ്‌ക്കേണ്ട ബാലപാഠമാണ്.
ഐക്യത്തിലും ഒരുമയിലും കഴിയുന്ന ഒരു സമൂഹം ആര്‍.എസ്.എസിന്റെ ആശയങ്ങള്‍ക്കെതിരും ലക്ഷ്യങ്ങള്‍ക്ക് വിഘാതവുമാണ്. ഭിന്നിച്ചുനില്‍ക്കുന്ന, വര്‍ഗീകരിക്കപ്പെട്ട സമൂഹത്തെയാണ് ആര്‍.എസ്.എസ് വിഭാവനം ചെയ്യുന്നത്. ആര്‍.എസ്.എസിന്റെ രാഷ്ട്രസങ്കല്‍പ്പം ഭിന്നതയിലാണ്, യോജിപ്പിലല്ല ഊന്നിയിട്ടുള്ളത്. മതം, ജാതി, ലിംഗം, ദേശീയത തുടങ്ങിയവയുടെ പേരില്‍ സമൂഹത്തെ വിഭജിക്കുന്നു. മനുസ്മൃതിയും വിചാരധാരയും ആധാരമായുള്ള ഒരാള്‍ക്കൂട്ടത്തില്‍ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാന്‍. വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ് അവരുടെ പ്രത്യയശാസ്ത്രം. മതസമുദായങ്ങള്‍ക്കിടയില്‍ പരസ്പരം അവിശ്വാസം വളര്‍ത്തുക, സാമൂഹിക അരക്ഷിതത്വം സൃഷ്ടിക്കുക, അപരനെക്കുറിച്ച് ഭയം ജനിപ്പിക്കുക, സംഘര്‍ഷങ്ങളുണ്ടാക്കിയെടുക്കുക, ഇതിനായി ജനങ്ങളെ തമ്മിലകറ്റുന്ന പ്രസ്താവനകള്‍ ഇറക്കുക, മതസമുദായങ്ങള്‍ക്കിടയില്‍ കടലാസ് സംഘടനകളെയും കപട വ്യക്തിത്വങ്ങളെയും ഉണ്ടാക്കുക, സമൂഹമാധ്യമങ്ങളില്‍ വ്യാജ വിലാസങ്ങള്‍ സൃഷ്ടിക്കുക, സ്വന്തമായി പടച്ച നുണകള്‍ അതുവഴി പ്രചരിപ്പിക്കുക തുടങ്ങി എല്ലാ കുത്സിതവൃത്തികളും അവര്‍ നിരന്തരം തുടരുന്നുണ്ട്. വ്യാജ വാര്‍ത്തകളുടെ കുടില്‍ വ്യവസായമാണ് സംഘ്പരിവാര്‍ നടത്തുന്നത്. ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നടപ്പിലാക്കി വിജയിച്ച പൊളിറ്റിക്കല്‍ എന്‍ജിനീയറിങ് പദ്ധതി തന്നെയാണ് കുറച്ച് വര്‍ഷങ്ങളായി ബംഗാളിലും കേരളത്തിലും അവര്‍ നടപ്പിലാക്കുന്നത്. മതസമുദായ ബന്ധമുള്ള പ്രാദേശികവും വൈകാരികവുമായ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന്, പരസ്പര സ്പര്‍ധ വളര്‍ത്തി, വോട്ടുബാങ്ക് രൂപപ്പെടുത്തുന്നതാണ് ഈ രീതി.
ബംഗാളില്‍ പയറ്റിയ രാഷ്ട്രീയ തന്ത്രങ്ങള്‍
ഹൈന്ദവ ഉണര്‍വ് ലക്ഷ്യംവയ്ക്കുന്ന ആര്‍.എസ്.എസ്, ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിലാണ് പ്രവര്‍ത്തനം ആരംഭിക്കുകയെന്നാണ് നാം പ്രതീക്ഷിക്കുക. എന്നാല്‍, ബംഗാള്‍ പിടിക്കുകയെന്ന ലക്ഷ്യത്തോടെ, 2017ല്‍ ബി.ജെ.പി സംസ്ഥാനത്ത് കാംപയിന്‍ തുടങ്ങിയത് ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിലായിരുന്നില്ല, വടക്കന്‍ ബംഗാളിലെ മുസ്‌ലിം ഭൂരിപക്ഷ ജില്ലകളിലായിരുന്നു.(കേരളം കത്തിക്കുകയെന്ന ലക്ഷ്യത്തോടെ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയ്ക്കു നേരെ എറിയാന്‍ മലപ്പുറത്തായിരുന്നു മുമ്പ് സംഘ്പരിവാര്‍ ബോംബുണ്ടാക്കിയത്). ബംഗാളില്‍ 51.27 ശതമാനം മുസ്‌ലിംകളുള്ള മാല്‍ദയും 49.92 ശതമാനം മുസ്‌ലിംകളുള്ള ഉത്തര്‍ ദിനാജ്പുരുമായിരുന്നു അവരുടെ ആദ്യ ടാര്‍ഗറ്റ്. ശ്രദ്ധാപൂര്‍വം രൂപം കൊടുത്ത തന്ത്രത്തിന്റെ ഭാഗമായിരുന്നു ഇത്. 'ഇവിടെ മുസ്‌ലിംകളേക്കാള്‍ അല്‍പം കുറവാണ് ഹിന്ദുക്കള്‍. അതിനാല്‍ തങ്ങള്‍ സുരക്ഷിതരല്ലെന്ന തോന്നല്‍ അവരിലുണ്ടാകും. ബംഗ്ലാദേശില്‍നിന്നുള്ള നുഴഞ്ഞുകയറ്റം ഏറ്റവുമധികം ബാധിച്ചതും ഈ ജില്ലകളെയാണ്. വടക്കന്‍ ബംഗാളിലെ വഴിത്തിരിവ് മികച്ച അവസരങ്ങള്‍ ഞങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു' - ആര്‍.എസ്.എസ് പ്രചാരകിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തതാണിത്. 'മുസ്‌ലിം ഭീഷണി യാഥാര്‍ഥ്യമാണ്, മുസ്‌ലിം തീവ്രവാദികളുടെ നാടാക്കി മമതാ ബാനര്‍ജി ബംഗാളിനെ മാറ്റുകയാണ്, ഇവിടെ ഹിന്ദുക്കള്‍ രണ്ടാം തരം പൗരന്‍മാരാകുന്നു', 'സംവരണ കോട്ടകളില്‍ ഭൂരിപക്ഷം മുസ്‌ലിംകള്‍ കൊണ്ടുപോകുന്നു, ഹിന്ദുക്കള്‍ ഇപ്പോഴെങ്കിലും ഒരുമിച്ചില്ലെങ്കില്‍ വൈകിപ്പോകും' തുടങ്ങിയ ചില നുണകളിലായിരുന്നു പ്രചാരണങ്ങള്‍ ഊന്നിയത്. (കേരളത്തിലെ സര്‍ക്കാര്‍ സര്‍വിസില്‍ മുസ്‌ലിംകളുടെ അമിത പ്രാതിനിധ്യം, ന്യൂനപക്ഷ പദ്ധതികള്‍ മുസ്‌ലിംകള്‍ക്ക് മാത്രം തുടങ്ങിയ തെറ്റായ പ്രചാരണങ്ങള്‍ ഓര്‍ക്കുക. ഈ ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്ക് അതെല്ലാം എഴുതിക്കൊടുത്തത് ആരാണെന്നും ആലോചിക്കേണ്ടതുണ്ട്).
നുണ പറയാനും പ്രചരിപ്പിക്കാനും ആര്‍.എസ്.എസ് ശാഖകളില്‍ പരിശീലനം നല്‍കി. 20 ദിവസം നീണ്ടുനില്‍ക്കുന്ന ക്യാംപുകള്‍ പലയിടത്തും സംഘടിപ്പിച്ചു. ഐ.ടി, എന്‍ജിനീയര്‍, മെഡിക്കല്‍, യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍, മാനേജ്‌മെന്റ് അധ്യാപകര്‍ തുടങ്ങിയവരെ ടാര്‍ഗറ്റ് ചെയ്ത് ക്യാംപിലെത്തിച്ചു. 'മുസ്‌ലിം ആക്രമണം വര്‍ധിക്കുന്നു' എന്ന പ്രചാരണത്തില്‍ പരിഭ്രാന്തനായാണ് പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥി ക്യാംപിന് എത്തിയത്, ഇങ്ങനെ എത്രയോ പേര്‍! ഇതിന്റെ ഫലമോ, 2011ല്‍ ബിജെ.പി നാമമാത്ര പ്രാതിനിധ്യമായിരുന്ന ബംഗാളില്‍ അവര്‍ ശക്തിപ്പെട്ടു വന്നു. ഇടതുപക്ഷവും കോണ്‍ഗ്രസും ദുര്‍ബലമായപ്പോള്‍, 2011ലെ 500 ശാഖകളില്‍ നിന്ന്, ആര്‍.എസ്.എസ് 2017ല്‍ ശാഖകളുടെ എണ്ണം 1500 ആക്കി! നേതാക്കളെ ഓഫിസില്‍ ഇരുത്താതെ, ഫീല്‍ഡില്‍ അയച്ച് പണിയെടുപ്പിച്ചു. ബംഗാളില്‍ ഗണേശോത്സവം പാരമ്പര്യമായി വലിയ ആഘോഷമായിരുന്നില്ല, എന്നാല്‍ ഇപ്പോള്‍ ഇത് വിപുലമായി കൊണ്ടാടുന്ന അവസ്ഥയുണ്ടായി. വരുന്ന തെരഞ്ഞെടുപ്പുകളില്‍ വലിയ രാഷ്ട്രീയ മാറ്റങ്ങളാണ് ബംഗാളില്‍ ബി.ജെ.പി ലക്ഷ്യമിടുന്നത്. കേരളത്തിലും ഉന്നം മറ്റൊന്നല്ല.
ഗുജറാത്തിലെയും യു.പിയിലെയും അജന്‍ഡകള്‍ തന്നെയാണ് ബംഗാളിലും കേരളത്തിലും സംഘ്പരിവാര്‍ പയറ്റുന്നത്. യു.പിയില്‍ ബി.ജെ.പി ആദ്യം ചെയ്തത് സമാജ്‌വാദി പാര്‍ട്ടിയുടെ വോട്ടുബാങ്കില്‍ ഭിന്നിപ്പുണ്ടാക്കുകയാണ്. ഒ.ബി.സി, മുസ്‌ലിം, യാദവ വോട്ടുകള്‍ ഒന്നിച്ചുകിട്ടിയിരുന്ന സമാജ്‌വാദി പാര്‍ട്ടി, അത് ഭിന്നിച്ചതോടെ രാഷ്ട്രീയമായി തകര്‍ന്നു. കേരളത്തില്‍ സമുദായാടിസ്ഥാനത്തില്‍ എടുത്താല്‍ ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍ വോട്ടുകള്‍ ഒന്നിച്ചുകിട്ടുന്ന യു.ഡി.എഫിന്റെ വോട്ടുബാങ്കില്‍ യു.പി മോഡല്‍ ഭിന്നതയുണ്ടാക്കലാണ് ബി.ജെ.പിയുടെ ലക്ഷ്യം. യു.പിയില്‍ പലതരം പ്രാദേശിക പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കിയാണ് മുസ്‌ലിം, ഒ.ബി.സി വിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാക്കിയത്. ഈ കലക്കവെള്ളത്തിലാണ് ബി.ജെ.പി മീന്‍ പിടിച്ചത്. യാദവ യുവാവും മുസ്‌ലിം പെണ്‍കുട്ടിയും തമ്മിലോ, യാദവ പെണ്‍കുട്ടിയും മുസ്‌ലിം യുവാവും തമ്മിലോ ഉള്ള പ്രണയവും വിവാഹവും സമുദായവല്‍ക്കരിക്കുകയും ഇരുപക്ഷത്തുനിന്നും കത്തിക്കുകയും ചെയ്യുക! ഇതായിരുന്നു യു.പിയിലെ പ്രചാരണങ്ങളില്‍ ഒന്ന്. ഗുജറാത്തിലാകട്ടെ, മുസ്‌ലിംകള്‍ ബിസിനസ് കൈയിലാക്കുന്നു, സാമ്പത്തിക വളര്‍ച്ച നേടുന്നു, ബീഫ് തിന്നുന്നു, ഭീകരവാദം നടപ്പിലാക്കുന്നു തുടങ്ങിയ പ്രചാരണങ്ങളാണ് നടത്തിയിരുന്നത്. ഇതെല്ലാം വിജയം കണ്ടപ്പോഴാണ് ബംഗാളിലും കേരളത്തിലും ഇത് പരീക്ഷിക്കാന്‍ തീരുമാനിച്ചത്. കേരളത്തില്‍ ക്രിസ്ത്യന്‍- മുസ്‌ലിം- ഈഴവ സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ കൊണ്ടുപിടിച്ചുനടത്തുന്നത് ഇതിന്റെ ആവര്‍ത്തനത്തിനാണ്. ഹിന്ദു സമുദായത്തെ പൊതുവിലും ഈഴവരെ പ്രത്യേകിച്ചും സി.പി.എമ്മില്‍നിന്ന് അകറ്റലാണ് ലക്ഷ്യം. വെള്ളാപ്പള്ളി നടേശന്‍ - എന്‍.ഡി.എ ബന്ധത്തിന്റെ ലക്ഷ്യമിതായിരുന്നു. ശബരിമല യുവതി പ്രവേശന വിവാദം സൃഷ്ടിച്ചെടുത്തതും ഇതിനു വേണ്ടി തന്നെ. ക്രിസ്ത്യന്‍ - മുസ്‌ലിം ഭിന്നതയുണ്ടാക്കലും യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്തലുമാണ് മറ്റൊരു ലക്ഷ്യം. അതിനാണ്, ഹലാല്‍ വിവാദം, യു.ഡി.എഫിലെ ലീഗിന്റെ സ്വാധീനം ഉള്‍പ്പെടെയുള്ളവ ഉണ്ടാക്കിയെടുത്തത്. മാത്രമല്ല, അടുത്ത തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പരാജയപ്പെട്ട് ഇടതുമുന്നണിക്ക് ഭരണത്തുടര്‍ച്ചയുണ്ടാകണമെന്നും ബി.ജെ.പി ആഗ്രഹിക്കുന്നുണ്ട്. ഭരണം ലഭിക്കാതെ വന്നാല്‍ കോണ്‍ഗ്രസ് ഇല്ലാതാകുമെന്നും പിന്നീട് സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള പോരാട്ടത്തില്‍ തങ്ങള്‍ക്കു നേട്ടം കൊയ്യാന്‍ എളുപ്പമാണെന്നും അവര്‍ കണക്കുകൂട്ടുന്നു!
ഐ.ടി സെല്ലും
കള്ളപ്രചാരണങ്ങളും
ഈ ലക്ഷ്യം നേടാനായി, പരിശീലനം ലഭിച്ച ഒരു ടീം രാഷ്ട്രീയരംഗത്തും സമൂഹമാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും വിയര്‍ത്തു പണിയെടുക്കുന്നുണ്ട്. ബി.ജെ.പിയുടെ ഐ.ടി സെല്‍ ഏറെ പ്രസിദ്ധമാണല്ലോ! സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ സംഘ്പരിവാറിന് വേണ്ടി പണിയെടുക്കുന്നത് ആയിരങ്ങളാണ്.
'അമേരിക്കയിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഡൊണാള്‍ഡ് ട്രംപിനെതിരേ കടുത്ത പ്രചാരണം നടത്തിയിട്ടും അദ്ദേഹം വിജയിച്ചത് ആ മീഡിയയുടെ പതനത്തെയാണ് അടയാളപ്പെടുത്തുന്നത്. അതുകൊണ്ട് സോഷ്യല്‍ മീഡിയാ പ്രചാരണങ്ങളിലാണ് ഞങ്ങള്‍ ആധിപത്യം സ്ഥാപിച്ചത് ' എന്ന് ബംഗാളിലെ മുതിര്‍ന്ന സംഘ്പരിവാര്‍ പ്രചാരകന്‍ തപന്‍ ഘോഷ് പറയുകയുണ്ടായി. 'സമൂഹമാധ്യമങ്ങളിലേക്ക് ആവശ്യമായ ഉള്ളടക്കങ്ങളുണ്ടാക്കാന്‍ സമര്‍പ്പണ മനസ്സുള്ള ഒരു സംഘം ഞങ്ങള്‍ക്കുണ്ട്. എന്നാല്‍ സംഘടനയിലെ ഓരോ സ്വയംസേവകനും അത് ഏറ്റെടുത്ത് ഫേസ്ബുക്കിലും വാട്‌സാപ്പിലും ട്വിറ്ററിലും പ്രചരിപ്പിക്കണം' - വി.എച്ച്.പി മീഡിയാ ഇന്‍ചാര്‍ജ്, സൗരിഷ് മുഖര്‍ജീയുടെ വാക്കുകള്‍.
സോഷ്യല്‍ മീഡിയാ പ്രചാരണത്തില്‍ ആര്‍.എസ്.എസ് ഇടതുപക്ഷത്തെക്കാള്‍ മുന്നിലാണെന്നും അവര്‍ അഭിമാനിക്കുന്നു. സെക്യുലറിസ്റ്റുകളെയും ലിബറലുകളെയും ട്വിറ്ററില്‍ തേജോവധം ചെയ്യുകയും വാട്‌സാപ്പിലും ഫേസ്ബുക്കിലും കള്ളപ്രചാരണങ്ങള്‍ നടത്തുകയും ചെയ്യുകയാണ് സോഷ്യല്‍ മീഡിയയിലെ സ്വയം സേവകരുടെ പണി.
വ്യാജ പേരുകളിലുള്ള അനേകം ഐഡികളാണ് സമൂഹമാധ്യമങ്ങളിലുണ്ടാക്കിയിട്ടുള്ളത്. മുസ്‌ലിം, ക്രിസ്ത്യന്‍, ഹിന്ദു പേരുകളിലുള്ള ഈ ഐഡികളില്‍ നിന്ന് തരാതരം വ്യാജ സന്ദേശങ്ങള്‍ അയക്കുന്നു. മതസമുദായങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ പരസ്പരം ഭീതി പടര്‍ത്തുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്ന സന്ദേശങ്ങള്‍ വാട്‌സാപ്പും ഫേസ്ബുക്കും മറ്റും വഴി, സമൂഹത്തിലെ ഓരോ വ്യക്തിയെയും ഉന്നംവച്ച് അടുക്കളകളിലെ വീട്ടമ്മമാരേയും വയലിലെ കര്‍ഷകരേയും പോലും ലക്ഷ്യമിട്ട്, മൈക്രോ ടാര്‍ഗറ്റിങ്ങ് സ്വഭാവത്തില്‍ പ്രചരിപ്പിക്കുകയാണ് ഇവരുടെ രീതി. ഇത് മനുഷ്യ മനസ്സുകള്‍ക്കകത്ത് സൃഷ്ടിക്കുന്ന, തെറ്റിദ്ധാരണ, പേടി, അവിശ്വാസം, സംശയം, അകല്‍ച്ച തുടങ്ങിയവ ആഴമുള്ള ധ്രുവീകരണമായി പരിണമിക്കുമ്പോള്‍, ബി.ജെ.പി രാഷ്ട്രീയ നേട്ടം കൊയ്യുകയും സംഘ്പരിവാര്‍ തൃശൂലമേന്തി ജാതി രാഷ്ട്രത്തിലേക്ക് ചുവടുവയ്ക്കുകയും ചെയ്യുന്നു. സാമൂഹിക പ്രവര്‍ത്തകരുടെ കംപ്യൂട്ടറുകളില്‍ കള്ള രേഖകള്‍ നിക്ഷേപിച്ച് വ്യാജ തെളിവുകളുണ്ടാക്കിയെന്ന് ഫൊറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു കഴിഞ്ഞിരിക്കെ പിന്നെന്താണ് സംഘ്പരിവാര്‍ ചെയ്യാന്‍ അറക്കുക!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."