നിയമസഭാ തിരഞ്ഞെടുപ്പ് ഒരാഴ്ച്ചയ്ക്കകം തീയതി പ്രഖ്യാപിക്കും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഭിന്നാഭിപ്രായം. ഏപ്രില്‍ മാസം പകുതിയോടെ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഇടതുപാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. മെയ് മാസത്തില്‍ മതിയെന്ന് ബി.ജെ.പിയും ഏപ്രില്‍ 8നും 12നും ഇടയില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടു. മലപ്പുറം പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം നടത്തണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. അക്കാര്യം പരിഗണിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ മറുപടി നല്‍കി.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ ഉള്‍പ്പടെയുള്ളവരുമായുള്ള ചര്‍ച്ചയിലാണ് കമ്മിഷന്‍ അംഗങ്ങളോട് പാര്‍ട്ടികള്‍ തങ്ങളുടെ അഭിപ്രായം പറഞ്ഞത്.
അതേ സമയം കേരളത്തിലെ കൊവിഡ് വ്യാപനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍.
വോട്ടര്‍ പട്ടികയില്‍ ഇരട്ടിപ്പ് ഒഴിവാക്കണം. വോട്ട് രേഖപ്പെടുത്താനുള്ള സമയം നീട്ടേണ്ടതില്ല. ഏഴു മുതല്‍ അഞ്ചു മണി വരെ മതിയെന്നും കോണ്‍ഗ്രസ് ആവശ്യമുയര്‍ത്തി.
കലാശക്കൊട്ട് നിയന്ത്രണവിധേയമായെങ്കിലും അനുവദിക്കണമെന്നും മുന്നണികള്‍ ആവശ്യപ്പെട്ടു. 80 കഴിഞ്ഞവര്‍ക്കും കൊവിഡ് രോഗികള്‍ക്കും അംഗവൈകല്യം ഉള്ളവര്‍ക്കും പോസ്റ്റല്‍ വോട്ട് അനുവദിക്കുമ്പോള്‍ ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്ക ബി.ജെ.പി പങ്കുവച്ചു. അതിനാല്‍, കൃത്യമായ നിയന്ത്രണം അക്കാര്യത്തില്‍ ഉണ്ടാവണം. കേന്ദ്രസേന പ്രശ്‌നബാധിത ബൂത്തുകളില്‍ രണ്ടാഴ്ച മുമ്പെങ്കിലും വന്ന് നിയന്ത്രണമേറ്റെടുക്കണമെന്ന നിര്‍ദ്ദേശവും ബി.ജെ.പി മുന്നോട്ട് വച്ചിട്ടുണ്ട്.
കള്ളവോട്ട് തടയാനുള്ള നടപടി വേണമെന്ന് കോണ്‍ഗ്രസും മുസ്ലിം ലീഗും ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയശേഷം നാളെ മാധ്യമപ്രവര്‍ത്തകരെ കണ്ട് മടങ്ങുന്ന കമ്മിഷന്‍ ഒരാഴ്ച്ചയ്ക്കകം തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."