സംസ്ഥാനത്തെ കശ്മീരി വിദ്യാര്‍ത്ഥികളെ കുറിച്ച വിവരങ്ങള്‍ നല്‍കാന്‍ കോളജുകളോട് കര്‍ണാടക പൊലിസ്
ബംഗളൂരു: ഹിജാബ് നിരോധനവും പ്രതിഷേധവും കത്തിപ്പടരുന്നതിനിടെ സംസ്ഥാനത്തെ കശ്മീരി വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ തേടി കര്‍ണാടക പൊലിസ്. വിദ്യാര്‍ത്ഥികളെ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ കോളജുകളോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കുട്ടികളുടെ പേര്, ഫോണ്‍ നമ്പര്‍, ഇപ്പോള്‍ താമസിക്കുന്ന വിലാസം സ്ഥിരം വിലാസം തുടങ്ങിയ വിവരങ്ങളാണ് അന്വേഷിക്കുന്നത്. ആഭ്യന്തര സുരക്ഷാ വിഭാഗം ഫെബ്രുവരി ആരംഭത്തിലാണ് വിവരങ്ങള്‍ ആവശ്യപ്പെട്ടതെന്ന് പൊലിസില്‍ നിന്നു തന്നെയുള്ള ഉറവിടം വ്യക്തമാക്കിയതായി ദ ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. മാതാപിതാക്കളുടെ പേര്, രാഷ്ട്രീയ പശ്ചാത്തലം, ബന്ധുക്കളുടെ വിവരം തുടങ്ങിയവയും വിവരശേഖരണത്തില്‍ പെടുന്നു.
അതേ സമയം ഉദ്യോഗസ്ഥര്‍ ഇക്കാര്യം നിഷേധിക്കുകയാണ്.
എന്നാല്‍ ഇത് വ്യക്തമാക്കുന്ന തെളിവുകള്‍ തങ്ങള്‍ക്ക് ലഭിച്ചതായും ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യക്തിപരമായ വിവരങ്ങള്‍ അടങ്ങുന്ന ഒരു ഫോം പൂരിപ്പിക്കാന്‍ കോളജ് അധികൃര്‍ തങ്ങളോട് ആവശ്യപ്പെട്ടതായി കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും പറയുന്നു. പുല്‍വാമ ആക്രമണത്തിനു ശേഷം തങ്ങള്‍ ഗുരുതരമായ വേര്‍തിരിവ് അനുഭവിക്കുന്നതായും തങ്ങളോട് പൊലിസ് സ്റ്റേഷനില്‍ ഹാജരാകാന്‍ വരെ ആവശ്യപ്പെട്ടിരുന്നതായും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."