HOME
DETAILS
MAL
നാട്ടിലേക്ക് പോകുന്നവർക്ക് പി സി ആർ തന്നെ വേണമെന്ന് വിമാന കമ്പനി നിർബന്ധത്തെ തുടർന്ന് കൊച്ചി യാത്രക്കാർ ദുരിതത്തിലായി, മറ്റു വിമാന കമ്പനികൾ യാത്ര അനുവദിച്ചു
backup
February 15 2022 | 14:02 PM
റിയാദ്: ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് പി സി ആർ വേണ്ടെന്നും പകരം പൂർണ്ണമായും വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ് മതിയെന്നുമുള്ള ഇളവുകൾ പ്രാബല്യത്തിൽ വന്നെങ്കിലും സഊദി എയർലൈൻസ് അംഗീകരിക്കാത്തതിനെ തുടർന്ന് നാട്ടിലേക്ക് പോക്കേണ്ടവർ ദുരിതത്തിലായി. ചൊവ്വാഴ്ച രാവിലെ റിയാദിൽ നിന്ന് പോകേണ്ട യാത്രക്കാർക്കാണ് ദുരിതം നേരിട്ടത്. ചൊവ്വാഴ്ച സഊദി എയർലെൻസിൽ യാത്ര ചെയ്യാൻ റിയാദ് വിമാനത്താവളത്തിൽ എത്തിയ പലരും പെരുവഴിയിലായി
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ ഉത്തരവ് വിശ്വസിച്ച് പി.സി.ആർ പരിശോധന ഫലം ഇല്ലാതെ എത്തിയവരുടെ യാത്രയാണ് മുടങ്ങിയത്. 11.45ന് കൊച്ചിയിലേക്ക് പോകേണ്ട എസ്.വി. 774 വിമാനത്തിൽ യാത്ര ചെയ്യാൻ രാവിലെ എട്ടോടെ ബോഡിങ് പാസ് എടുക്കാൻ എത്തിയപ്പോഴാണ് പി.സി.ആർ ഫലമില്ലാതെ യാത്ര സാധ്യമാകില്ലെന്ന് എയർലൈൻ അധികൃതർ അറിയിച്ചത്. എയർപോർട്ടിൽ മണിക്കൂറുകൾക്കകം പരിശോധന ഫലം ലഭിക്കുന്ന ലാബുണ്ടെങ്കിലും അഞ്ചിരട്ടി വിലയാണ് ടെസ്റ്റിന് നൽകേണ്ടത്. കേന്ദ്രസർക്കാർ ഉത്തരവ് സഊദി എയർലൈൻസിനു കിട്ടാത്തതാണ് പ്രശ്നമായതെന്ന് കരുതുന്നു.
അതെസമയം, ഇന്ത്യയിലേക്ക് പോകുന്നവർക്ക് ഇളവുകൾ പ്രാബല്യത്തിൽ വന്നതായി എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു. യാത്രയുടെ 72 മണിക്കൂർ ഉള്ളിലുള്ള നെഗറ്റീവ് ആർ ടി പി സി ആർ അല്ലെങ്കിൽ പൂർണ്ണ കൊവിഡ് വാക്സിൻഷൻ എന്നിവ മതിയാകുമെന്ന് അറിയിപ്പിൽ വ്യക്തമാക്കി. എയർ അറേബ്യ, ഇൻഡിഗോ വിമാനങ്ങളും വാക്സിൻ സർട്ടിഫിക്കറ്റുമായി യാത്ര അനുവദിക്കുന്നുണ്ട്. സഊദിക്ക് പുറമെ ഖത്തർ, ഒമാൻ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവക്കാണ് നിലവിലെ ഇളവ് ലഭ്യമാകുക. യു എ ഇ, കുവൈത് എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് ഇത് ബാധകമല്ല. ഇവിടങ്ങളിൽ നിന്നുള്ളവർ 72 മണിക്കൂർ ഉള്ളിലെ നെഗറ്റീവ് പി സി ആർ ടെസ്റ്റ് റിസൾട്ട് തന്നെ കൈവശം കരുതണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."