വസ്ത്രധാരണം: സ്വയംനിർണയാവകാശവും അടിച്ചേൽപ്പിക്കലും
ശുഐബുൽഹൈതമി
അധ്യാപകൻ ക്ലാസിൽ പറഞ്ഞത് ചക്ക് എന്നായിരുന്നു. ചിരപരിചിതമല്ലാത്ത പദമായതിനാൽ കുട്ടി കേട്ടെടുത്തത് ചുക്ക് എന്നും ഓർത്തുവച്ചത് ചക്ക എന്നും എഴുതിവച്ചത് ചോക്ക് എന്നും പിറ്റേന്ന് ക്ലാസിൽ അധ്യാപകൻ ചോദിച്ചപ്പോൾ മറുപടിയായി പറഞ്ഞത് ചേക്കു എന്നുമായിരുന്നു. അപ്പോൾ അധ്യാപകൻ ചെകിടിന് നുള്ളി ചെക്ക് പറഞ്ഞു. ഏതാണ്ടിത് പോലെയാണിപ്പോൾ ഹിജാബ് വിവാദം മാറിയിരിക്കുന്നത്. ഈ വിഷയത്തിൽ മൗലികാവകാശ ലംഘനത്തിനെതിരേ ശബ്ദിക്കുന്നതിന് പകരം പലരും തങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ച് വ്യാഖ്യാനങ്ങൾ നടത്താനും സമുദായത്തെ ഗുണദോഷിക്കാനുമാണ് ശ്രമിക്കുന്നത്. രണ്ട് താൽപര്യങ്ങളാണ് ഹിജാബ് ഇതിവൃത്തമായ കഥയെ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. അകത്ത് പിളർപ്പുകളും പുറത്ത് ഡി.കെ ശിവകുമാറിൻ്റെ കീഴിൽ കോൺഗ്രസിന്റെ നവജീവനവും കണ്ട് പരാജയം മണത്ത ബി.ജെ.പി അടുത്ത വർഷം നടക്കാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ വീശാൻ നെയ്‌തെടുക്കുന്ന കാവിവലയുടെ കണ്ണികളിലൊന്ന് എന്ന രാഷ്ട്രീയ പ്രസക്തിയാണ് ഒന്നമത്തേത്. രണ്ടാമത്തേത്, പതിവുപോലെ കോളിളക്കത്തിൽ അത് പൊട്ടിപ്പുറപ്പെട്ട ഉറവയെ അവധാനതയോടെ കാണാൻ ശ്രമിക്കുന്നതിന് പകരം മുസ്‌ലിം പെണ്ണിന്റെ ഉടലും ഉടയാടയും സ്വയം നിർണയാവകാശവും ചർച്ച ചെയ്യാനാണ് ശ്രമിക്കുന്നത്.
ഹിജാബ് മതപരമായ അടിച്ചേൽപ്പിക്കലാണ്, പ്രത്യേകിച്ച് പ്രായപൂർത്തിയാവാത്ത കുട്ടികളെ പോലും മതചിഹ്നങ്ങൾ അണിയിപ്പിക്കുന്നത് ആധുനികമൂല്യങ്ങളോട് ചേർന്നതല്ലെന്ന വിമർശനത്തിൽ അവർക്ക്, മതരഹിത സാമൂഹികതയാണ് പരമയോഗ്യം, സ്വയം തെരഞ്ഞെടുപ്പാണ് ആത്യന്തികനിർണയം എന്നിങ്ങനെ രണ്ട് ന്യായങ്ങളാണുള്ളത്. ലോക ജനസംഖ്യയുടെ 85 ശതമാനവും മതവിശ്വാസികളാണെന്ന, ജനാധിപത്യം വ്യവഹരിക്കുന്ന മനുഷ്യൻ ആശയങ്ങളിൽനിന്ന് മുക്തമാക്കപ്പെട്ട കേവലം മാംസക്കഷ്ണമല്ലെന്നുമുള്ള അടിസ്ഥാനബോധമുള്ളവർ മതരാഹിത്യമാണ് മനുഷ്യത്വമെന്ന് പറയില്ല. മനുഷ്യനെ, അവന്റെ സ്വത്വവും വ്യക്തിത്വവും രൂപപ്പെടുത്തിയ സകലമാന പശ്ചാത്തലങ്ങളും സഹിതമാണ് ഡെമോക്രസി ഉൾക്കൊള്ളുന്നത്. ഇന്ത്യൻ മതേതരത്വമാകട്ടെ മതാത്മക ദേശീയതയെ ഉൾക്കൊണ്ടതിനാൽ അതിന്റെ യൂറോപ്യൻ വകഭേദങ്ങളിൽനിന്ന് വിഭിന്നമായി വിശ്വാസങ്ങളെ ഉൾക്കൊള്ളുന്നതാണ് (inclusive secularism ). രണ്ടാമത്തെ, സ്വയം തെരഞ്ഞെടുപ്പാണ് ശരി എന്നത് വ്യക്തിവാദ (individualism )ത്തിന്റെ മുദ്രാവാക്യമാണ്. വ്യക്തിവാദവും ഭരണഘടനാനുസൃത ദേശീയ സങ്കൽപ്പവും പരസ്പര വിരുദ്ധങ്ങളാണെന്നതിന് പുറമേ, സ്വതന്ത്രചിന്തയുടെ ബലത്തിൽ സ്വയം തെരഞ്ഞെടുപ്പ് എന്ന സങ്കൽപ്പം പൂർണമായ മിഥ്യമാത്രമാണ്. വലിയവായിൽ ചോയിസ് പൊളിറ്റിക്‌സ് സംസാരിക്കുന്നവർക്ക് താഴെപ്പറയുന്ന കാര്യങ്ങൾ നിരാകരിക്കാനാവുമോ?
ഒന്ന്: മനുഷ്യന് പരമമായ തെരഞ്ഞെടുപ്പ് ( Absolute choice )എന്നൊന്നില്ല. ജനനം ഉൾപ്പെടെയുള്ള പ്രാഥമിക ഘടകങ്ങൾ മുതൽ അറിവിന്റെ മാർഗങ്ങളായ പ്രശ്‌ന നിർദ്ധാരണം, ബോധം, ചിന്ത, വീക്ഷണം എന്നിവയെല്ലാം മറ്റുള്ളവരോടുള്ള സഹകരണം കൊണ്ടും മറ്റുള്ളവരാലുള്ള വാർത്തെടുപ്പ് ( Grooming) മുഖേനെയും രൂപപ്പെടുന്നതാണ്. അപരന്മാരായ ഏതെങ്കിലും ഒരാളെയോ സിദ്ധാന്തത്തെയോ ആശ്രയിച്ചാണ് സ്വതന്ത്രചിന്ത (Free will ) പ്രവർത്തിക്കുന്നത്. രണ്ട്: ജനാധിപത്യപരമാണെന്ന് വിശേഷിപ്പിക്കപ്പെടുന്ന കാര്യങ്ങളെല്ലാം വാസ്തവത്തിൽ അടിച്ചേൽപ്പിക്കൽ തന്നെയാണ്. ഉദാഹരണത്തിന്, അഞ്ചു വയസുള്ള കുട്ടിയോട് പോളിയോ തുള്ളിമരുന്ന് സ്വീകരിക്കുന്നത് ഇഷ്ടമുണ്ടോ ഇല്ലേ എന്ന് ഹിതപരിശോധ നടത്തിയാൽ സ്വയമേവ ഉണ്ട് എന്നാരും പറയില്ല. പകർച്ചപ്പനി പിടിക്കാതിരിക്കാൻ വീടുകളിൽ കൊടുക്കപ്പെടുന്ന ഹോമിയോ ഗുളിക തിന്നുന്നത് ഇഷ്ടമായിരിക്കും. കാരണം അതിന് നല്ല മധുരമുണ്ടാവും. പോളിയോ മരുന്നിന്റെ ആവശ്യം ശാസ്ത്രീയമായി തെളിഞ്ഞതാണല്ലോ എന്ന് ചോയിസ് വാദികൾ പറയുന്നത് സ്വയം റദ്ദാണ്. കാരണം, കുട്ടി അത് സ്വീകരിക്കണമെന്നത് മാതാപിതാക്കളുടെ സംതൃപ്തിയുടെ വിഷയമാണ്, കുട്ടിയുടെ അപ്പോഴത്തെ സ്ഥിതിയല്ല. ഇതേ രീതിയിൽ തന്നെയാണ് ജീവിതത്തിലെ പലഘട്ടങ്ങളും.
മൂന്ന്: അമൂർത്തമായ സങ്കൽപങ്ങളുടെ പുറത്താണ് സ്റ്റേറ്റ്, ദേശീയത, ഭരണഘടന തുടങ്ങിയ നിയമസംവിധാനങ്ങൾ ( Law impossing Agency) നിലകൊള്ളുന്നത്. ഭരണഘടനാനിയമങ്ങൾ രക്ഷിതാക്കൾ കുട്ടികളുടെ മേൽ അവരുടെ താൽപ്പര്യങ്ങൾ പരിഗണിക്കാതെ നടപ്പിലാക്കുന്നതിനെ ആരും കുറ്റം പറയാത്തതിന് വസ്തുനിഷ്ഠമായ ന്യായമല്ല ഉള്ളത്. മറിച്ച്, ഫിലോസഫിക്കൽ ആർഗ്യുമെന്റുകളാണ്. ഫിലോസഫിക്കൽ ന്യായങ്ങളിൽ ഏതെങ്കിലും ഒരു മതത്തോട് ചേരുന്നതിനെ പ്രത്യേകം തെരഞ്ഞെടുത്ത് തള്ളാനുള്ള പ്രേരണ ഒരിക്കലും സ്വതന്ത്രചിന്തയല്ല. മൂവായിരം കൊല്ലങ്ങൾക്ക് മുമ്പത്തേക്ക് പോലും നീളുന്ന സങ്കൽപ്പങ്ങളെ ഡെമോക്രാറ്റിക് ഫ്രെയിംവർക്കിൽ അവതരിപ്പിക്കുന്നത് ആധുനിക സ്വതന്ത്രചിന്തയുടെ വിപരീതമാണ് താനും.
നാല്: സനാഥത്വബോധം, അഥവാ തനിക്ക് തന്നെക്കാൾ കാര്യപ്രാപ്തിയുള്ള മറ്റൊരാളുടെ മാർഗനിർദേശം വേണമെന്നത് ശൈശവം മുതൽക്കേ ആരിലുമുള്ള അന്തഃപ്രജ്ഞ (intution ) ആണ്. അത് നേടിയെടുക്കലും ലഭ്യമാക്കലുമാണ് പ്രകൃതിപരം (Natural Process). അവിടെ ഇടപെടുന്ന പലഘടകങ്ങളിലൊന്നാണ് മതം. കുട്ടികളെ മതരഹിതമായി വളർത്താനുള്ള രക്ഷിതാക്കളുടെ അവകാശം ന്യായമാണെങ്കിൽ മറിച്ചും ന്യായമാണ്. കാര്യങ്ങളുടെ നിജസ്ഥിതി ഇങ്ങനെയാക്കെണെന്ന് ഉൾക്കൊള്ളുന്ന സമഗ്ര പ്രത്യയശാസ്ത്രം മതം മാത്രമാണുതാനും. അഞ്ച്: സ്വയം നിർണയാവകാശം ശാസ്ത്രീയമാവുന്ന പ്രായം നാളിതുവരെ പലരും പരിശോധിക്കുകയോ പഠിക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്നാണ് മനസ്സിലാവുന്നത്. ശാരീരിക പ്രായപൂർത്തി (Metabolic puberty) വരിച്ചതിന് എത്രയോ ശേഷമാണ് ബൗദ്ധിക പ്രായപൂർത്തിയിലേക്ക് (intelectual puberty ) മനുഷ്യമസ്തിഷ്‌കം എത്തുക എന്നാണ് ഏറ്റവും പുതിയ ന്യൂറോ സയൻസ് ജേർണലുകൾ പ്രസിദ്ധീകരിച്ച പ്രബന്ധങ്ങൾ പറയുന്നത്. ലോക പ്രശസ്തയായ ന്യൂറോ സയന്റിസ്റ്റ് Sandra Amod അവരുടെ ' Welcome to Your Child's Brain: How the Mind Grows from Conception to College ' എന്ന പന്ത്രണ്ട് ഭാഷാഭേദങ്ങളിറങ്ങിയ കൃതിയിലെഴുതി ,'Most of the privileges and responsibilities of adulthood are legally granted by the age of 18. That's when you can vote, enlist in the military, move out on your own, but is that the true age of maturity? A growing body of science says, no. That critical parts of the brain involved in decision -making are not fully developed until years later at age 25 or so. ഇരുപത്തഞ്ച് വയസ്സ് വരെയുള്ള സ്വയം തെരഞ്ഞെടുപ്പ് ശാസ്ത്രീയമല്ലന്നർത്ഥം. മറ്റൊരു പ്രമുഖയായ ന്യൂറോ അമേരിക്കൻ സയന്റിസ്റ്റ് Kayt Sukel 32 വർഷങ്ങൾ തികഞ്ഞാൽ മാത്രമേ മസ്തിഷ്‌കം വീക്ഷണസ്ഥിരത പ്രകടിപ്പിക്കുകയുള്ളൂ എന്നെഴുതി. ഇവരൊക്കെ സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നവർ കൂടിയാണ്.
നിയമലംഘകരെയോ സ്വയം വ്യാഖ്യാതാക്കളെയോ ആസ്പദമാക്കി നിയമത്തിന്റെ സാധുത ചോദ്യം ചെയ്യുന്ന പ്രവണത യുക്തിയില്ലായ്മയാണ്. ഇന്ത്യൻ ഭരണഘടനയുടെ പ്രായോഗികത ചർച്ച ചെയ്യുമ്പോൾ മാവോയിസ്റ്റുകളെയും നക്‌സലൈറ്റുകളെയും ചൂണ്ടിക്കാണിച്ച് ഇന്ത്യക്കാരാകാൻ എന്തിന് ഭരണഘടന അനുസരിക്കണം എന്ന് ചോദിക്കുന്നത് പോലെയാണ് ഖുർആൻ പാലിക്കാത്ത മുസ്‌ലിംകളെവച്ച് നല്ല ഇസ്‌ലാമിനെ ഉണ്ടാക്കാനുള്ള ശ്രമം. ഔദ്യോഗികയിടങ്ങളിൽ മതചിഹ്നം ഒഴിവാക്കിയ മുസ്‌ലിംകളെ ഗവേഷണം ചെയ്ത് കണ്ടെത്താനുള്ള താൽപര്യം യു.എസ് സെനറ്റ് മുതൽ ബഹിരാകാശം വരെ ഹിജാബണിഞ്ഞ് കടന്നുചെല്ലുന്ന വ്യക്തമായ പ്രൊഫൈലുകൾ കണ്ടെത്താൻ ചിലർക്ക് ഇല്ലാതെ പോവുന്നത് പഴയ മാടമ്പികളുടെ ആ 'കടി' ഇപ്പോഴും ചോരയിൽ ബാക്കിയുള്ളത് കൊണ്ടാണ്.
ഹിജാബ് വിരുദ്ധതക്ക് പിറകിൽ ചരിത്രപരമായ ഘടകങ്ങൾ കൂടിയുണ്ട്. മലബാർ വിപ്ലവകാലത്ത്, സാമൂതിരിയുടെ സൈനികച്ചുമതല വഹിച്ചിരുന്ന മലപ്പുറത്തെ കപ്രാട്ട് പണിക്കത്തറവാട്ടിലെ ജന്മിയായ കൃഷ്ണപ്പണിക്കരുടെ മുറ്റം വൃത്തിയാക്കിയിരുന്ന ചിരുത എന്ന ചക്കി മമ്പുറം സയ്യിദ് അലവി തങ്ങളുടെ ചികിത്സാഫലത്തിൽ ആകൃഷ്ടയായി ഇസ്‌ലാം വരിച്ച് ആഇശയായി ഹിജാബണിഞ്ഞു. കലിതുള്ളിയ പണിക്കരിൽ നിന്നഭയം തേടി മമ്പുറം തങ്ങളെ സമീപിച്ച ഇരക്ക് വേണ്ടി തുടങ്ങിപ്പടർന്ന ലഹളയാണ് ചേറൂർലഹള. ഹിജാബിന്റെ രാഷ്ട്രീയത്തെ സവർണർമാർ ബ്രിട്ടീഷുകാരെ ഇറക്കി രക്തപങ്കിലമാക്കി. ഒടുവിൽ 1843 ഒക്ടോബർ 19ന് പണിക്കർ കൊല ചെയ്യപ്പെടുകയായിരുന്നു. അവർണർ ചില ശരീരഭാഗങ്ങൾ മറക്കരുതെന്ന തിട്ടൂരത്തിന്റെ ജനിതക വിത്തുകൾ കാലം തെറ്റി പൊടിച്ച് കൊണ്ടിരികുന്നതാണിപ്പോഴും. നായർ സ്തീകൾ പോലും അരയ്ക്ക് മീതെ മറയ്ക്കരുതെന്നും തിയ്യ-കീഴാള സ്ത്രീകൾ മുലയുടെ വലിപ്പത്തിനനുസരിച്ച് മുലക്കരം കൊടുക്കണമായിരുന്നുവെന്നതും അക്കാലത്തെ ട്രാവൻകൂർ ഭരണനിയമം തന്നെയായിരുന്നു. മുലയുടെ വലിപ്പമളക്കാൻ ഉദ്യോഗസ്ഥർ വരുമായിരുന്നു. 1829 ഫെബ്രുവരി മൂന്നിനാണ് മാറ് മറക്കാനുള്ള സ്വാതന്ത്ര്യം നിഷേധിച്ച് കൊണ്ടുള്ള ഉത്തരവിറങ്ങിയത്. മനം നൊന്ത് മുല തന്നെ അരിഞ്ഞെടുത്ത് അളവെടുക്കാൻ വന്ന ഉദ്യോഗസ്ഥർക്ക് വാഴയിലയിൽ പൊതിഞ്ഞ് കൊടുത്ത് രക്തം വാർന്ന് മരിച്ച ചേർത്തല കണ്ടപ്പന്റെ ഭാര്യ നങ്ങേലി ഇന്നും വിങ്ങുന്ന ഓർമയാണ്. നങ്ങേലിയുടെ എരിയുന്ന ചിതയിൽ ചാടി കണ്ടപ്പൻ ആത്മഹത്യ ചെയ്തതോടെയാണ് ചാന്നാർ ലഹള കൊടുമ്പിരികൊള്ളുന്നത്. മാറ് മറയ്ക്കാൻ കീഴാളർക്ക് തുണിയും ധൈര്യവും പകർന്നുകൊടുത്ത ടിപ്പു സുൽത്താനോട് ചിലർക്കുള്ള വെറുപ്പ് ആ വഴിക്ക് വന്നതുമാണ്.
സഭ്യേതരമല്ലാത്ത ഏത് വസ്ത്രവും ആർക്കും ധരിക്കാം എന്നതാണ് കലർപ്പില്ലാത്ത സ്വതന്ത്രവാദം, അങ്ങനെയാണ് വേണ്ടത്. ഏകവാദം വൈവിധ്യങ്ങളെ ഇല്ലാതാക്കും. അടിച്ചമർത്തലുകൾ ലെജിറ്റിമൈസ് ചെയ്യപ്പെടും. മതമുക്തപൊതുവിടം എന്നത് അത്ര മേന്മയുള്ള അജൻഡയൊന്നുമല്ല. പാലത്തിന് ശിലപാകുന്നത് മുതൽ ഭദ്രദീപം കൊളുത്തി മുഖ്യമന്ത്രി നാന്ദികുറിക്കുന്നതടക്കം പൂജചെയ്ത ചെറുനാരങ്ങ കെട്ടി ബഹിരാകാശത്തേക്ക് പേടകം പറത്തുന്നതിൽ വരെ 'പൊതു' എന്ന ലേബിളിൽ കയറിപ്പോവുന്നതെല്ലാം ശുദ്ധമായ ഹൈന്ദവപ്രതീകങ്ങളാവുന്നതിനെ മുസ്‌ലിംകൾ പ്രശ്‌നവൽക്കരിച്ചിട്ടില്ല. പക്ഷേ, പൊതുവിടത്തിലെ മുസ്‌ലിം വിദ്യാർഥിനിയുടെ ഒരുമീറ്റർ തുണിക്ക് ചുറ്റും കറങ്ങുന്നവർ ഇടയ്ക്കിടെ മാറ്റിപ്പിടിക്കണം.
ഇനി, ഹിജാബും പർദയും അറേബ്യൻ കമ്പോള സൃഷ്ടിയാണെന്ന് പറഞ്ഞ് മലയാളിത്വത്തിന്റെ മകുടം താങ്ങുന്ന, മതം വിട്ടിട്ടും മതത്തിലൊട്ടിപ്പോയ വിശാലഹൃത്തരോട് ഒന്നേ ചോദിക്കുന്നുള്ളൂ: നിങ്ങൾ ബദലായി, ആധുനികമായ് അവതരിപ്പിക്കുന്ന മുറിത്തുണി രൂപങ്ങൾ തിരുവാതിര ഞാറ്റുവേലയിൽ കേരവൃക്ഷത്തിൽ വിരിഞ്ഞതാണോ? യൂറോപ്പിനോടുള്ളതിനേക്കാൾ മലയാളത്തിന്റെ മണ്ണിനും മനസിനും വേരുബന്ധം അറബികളുമായിട്ടാണ്. കേരളീയർക്ക് യുദ്ധം ചെയ്‌തോടിക്കേണ്ടിവരാതിരുന്ന ഏക വൈദേശിക സാന്നിധ്യമായിരുന്ന അറബ് സംസ്‌കാരത്തോടുള്ള വെറുപ്പ് ഉണ്ട, ഉണ്ണുന്ന ചോറിനോടുള്ള നന്ദികേട് കൂടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."