HOME
DETAILS

എം.ടിയുടെ വേലായുധന്മാർ ഇനിയുമുണ്ടാകരുത്

  
backup
February 15 2022 | 20:02 PM

78245932-2111


ഭ്രാന്തുമാറിയിട്ടും മരണംവരെ ഭ്രാന്തനായി കഴിയേണ്ടിവന്ന ദുരന്തകഥാപാത്രമാണ് 'ഇരുട്ടിൻ്റെ ആത്മാവ്' എന്ന എം.ടി കഥയിലെ വേലായുധൻ. ഇക്കഴിഞ്ഞ ദിവസങ്ങളിൽ, കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലുണ്ടായ രണ്ടു സംഭവങ്ങൾ വേലായുധനിലേയ്ക്കു ചിന്തയെ നയിക്കുക സ്വാഭാവികം. മഹാരാഷ്ട്ര സ്വദേശിനി ജിയ റാംജയലോട്ട് ഈ ചികിത്സാലയത്തിൽ കൊല്ലപ്പെട്ടു. അതിൻ്റെ ഞെട്ടൽ മാറുംമുമ്പ് അതേ ആശുപത്രിയിൽ നിന്നു രണ്ട് അന്തേവാസികൾ കടന്നുകളഞ്ഞു. ഇതിൽ മലപ്പുറം സ്വദേശിനി മലപ്പുറം കലക്ടറുടെ വസതിയിൽ പരാതിയുമായി എത്തിയതിനാൽ പിടികൂടാനായി. രക്ഷപ്പെട്ട ഒരാളെ ഇപ്പോഴും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഉപേക്ഷിച്ചുപോയ ഭർത്താവിനെത്തേടി മഹാരാഷ്ട്രയിൽ നിന്നു പുറപ്പെട്ട് നാടെങ്ങും അലഞ്ഞു തിരിഞ്ഞാണ് മുപ്പതുകാരി ജിയ റാംജയലോട്ട് തലശേരിയിലെത്തിയത്. മനോവിഭ്രാന്തി പ്രകടിപ്പിച്ച ആ യുവതിയെ നാട്ടുകാരും പൊലിസും കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.


അവരെത്തേടി ഭർത്താവോ ബന്ധുക്കളോ എത്തിയില്ല. അങ്ങനെ സെല്ലിനുള്ളിൽ കഴിയേണ്ടി വന്നു. ഒടുവിൽ, അവിടെവച്ച് കൊല്ലപ്പെടുകയും ചെയ്തു. എത്ര ക്രൂരമായ യാഥാർഥ്യം.
ഈ ദുഃഖവും നടുക്കവും മായുംമുമ്പാണ് അന്തേവാസികളായ സ്ത്രീയും പുരുഷനും വ്യത്യസ്ത സമയങ്ങളിലായി മതിൽചാടി രക്ഷപ്പെട്ടത്. താളംതെറ്റിയ മനസ് നേരായ വഴിയിലേക്ക് തിരിച്ചുവന്നതിനാലായിരിക്കുമോ ഇവർ രക്ഷപ്പെട്ടതെന്ന് പരിശോധനയിലൂടെ മാത്രമേ അറിയാനാകൂ. വിഭ്രാന്തി വിട്ടൊഴിഞ്ഞ മനസുമായി തങ്ങാൻപറ്റിയ ഇടമല്ലല്ലോ മാനസിക ചികിത്സാകേന്ദ്രം.
അസുഖം ഭേദമായിട്ടും കൊണ്ടുപോകാൻ ബന്ധുക്കൾ വരാത്തതിനാൽ മനസ് തകർന്നു കഴിയുന്ന നിർഭാഗ്യവാന്മാരായ എത്രയോ മനുഷ്യർ കുതിരവട്ടമുൾപ്പെടെയുള്ള മാനസികാരോഗ്യ കേന്ദ്രങ്ങളിലുണ്ട്. ഒരിക്കൽ മനോരോഗം വന്നാൽ അതു രോഗിയുടെ ജന്മശാപമായി മാറുകയാണ്. ഭാര്യയ്ക്കും മക്കൾക്കും വരെ അവർ വേണ്ടാത്തവരാകുന്നു.


ഇരുട്ടിൻ്റെ ആത്മാവിലെ വേലായുധൻ രോഗം മാറിയിട്ടും വീട്ടുകാരുടെ മനസിൽപോലും ഭ്രാന്തൻമുദ്ര ചാർത്തപ്പെട്ടു കഴിയേണ്ടിവന്നവനാണ്. തൻ്റെ ദുർഗതിക്ക് അന്ത്യമുണ്ടാകില്ലെന്നു ബോധ്യംവന്ന വേലായുധന് ഒടുവിൽ ബോധമനസോടെ തന്നെ ഉറ്റവരോട് യാചിക്കേണ്ടി വന്നു. 'എനിക്ക് ഭ്രാന്താണ്, എന്നെ ചങ്ങലക്കിടൂ'വെന്ന്. ആ വേലായുധനെ ഹൃദയ നൊമ്പരത്തോടെയായിരിക്കും അനുവാചകർ ഉള്ളിലേറ്റിയിട്ടുണ്ടാവുക.
വേലായുധനെപ്പോലെ എത്രയോ നിർഭാഗ്യവാന്മാർ മാനസികാരോഗ്യകേന്ദ്രങ്ങളിൽ ഉറ്റവരെ കാണാനാവാതെ, അവർക്കൊപ്പം ജീവിക്കാനാവാതെ മരണമടഞ്ഞിട്ടുണ്ടാകണം. വിശ്രുത സാഹിത്യകാരനായിരുന്ന വൈക്കം മുഹമ്മദ് ബഷീറിനെ ചെറിയൊരു മാനസികാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് പ്രവേശിപ്പിച്ചിരുന്നത് ഇതേ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നുവെന്ന് എം.ടി തന്നെ എഴുതിയിട്ടുണ്ട്. എം.ടി അവിടെ ചെന്നപ്പോൾ ദയനീയമായിരുന്നു ബഷീറിൻ്റെ അവസ്ഥ. തനിക്കൊരു കുഴപ്പവുമില്ലെന്നു ബഷീർ സ്വബോധത്തോടെ പറഞ്ഞതു എം.ടിയെ തളർത്തി, പ്രകോപിതനാക്കി. ഡോക്ടർമാരുടെ തടസവാദങ്ങൾ അവഗണിച്ച് ആ മഹാസാഹിത്യകാരനെ ഇറക്കിക്കൊണ്ടുവരികയായിരുന്നു. അതു കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൻ്റെ ചരിത്രത്തിലെ രജതരേഖ.


രോഗംമാറാത്ത ബഷീറിനെ കൊണ്ടുപോകാൻ പറ്റില്ലെന്നു ശഠിച്ച ആശുപത്രി സൂപ്രണ്ടിനോട് അന്ന് എം.ടി പറഞ്ഞത്, 'ഈ ഭ്രാന്തനെ ഞങ്ങൾക്ക് വേണ'മെന്നായിരുന്നു. ചില്ലിട്ടു സൂക്ഷിക്കേണ്ട ആ മറുപടി സഹജീവിസ്നേഹത്തിൻ്റെ ഉദാത്ത മാതൃകയാണ്.


രോഗം മാറിയിട്ടും അവിടെ കഴിയേണ്ടിവരുന്ന നിർഭാഗ്യവാന്മാരെ മോചിപ്പിക്കാൻ എം.ടിയെപ്പോലെ ചങ്കൂറ്റത്തോടെ പ്രവർത്തിക്കുന്ന മഹാമനസുകൾ ഏറെയുള്ള കാലമല്ലല്ലോ ഇത്.
കഴിഞ്ഞദിവസം ചാടിപ്പോയ യുവതി പോയത് മലപ്പുറം കലക്ടറുടെ ബംഗ്ലാവിലേയ്ക്കാണല്ലോ. അവർ എന്തിനായിരിക്കാം അവിടെ ചെന്നിട്ടുണ്ടാവുക. തനിക്ക് സ്വബോധമുണ്ടെന്നു കലക്ടറെ കണ്ട് സങ്കടം ബോധിപ്പിക്കാനായിരിക്കുമോ? ആശുപത്രിയുടെ ശോചനീയാവസ്ഥയും സുരക്ഷയില്ലായ്മയും ബോധ്യപ്പെടുത്താനായിരിക്കുമോ?


നാലേക്കറിലായി പ്രവർത്തിക്കുന്ന, നാനൂറിലധികം അന്തേവാസികളുള്ള മാനസികാരോഗ്യ കേന്ദ്രത്തിൽ ആകെ നാലു സുരക്ഷാ ജീവനക്കാരാണുള്ളത്. സുരക്ഷാ ജീവനക്കാരിൽ മൂന്നുപേരും പുരുഷന്മാരാണ്. വനിതാ അന്തേവാസികൾക്കെല്ലാമായി ഒരു വനിതാ സുരക്ഷാ ജീവനക്കാരി മാത്രം. സുരക്ഷാ ജീവനക്കാർക്ക് പലപ്പോഴും ദേഹോപദ്രവം ഏൽക്കേണ്ടിയും വരുന്നു. ജീവനക്കാരുടെ അപര്യാപ്തയ്ക്ക് പുറമെ അടിസ്ഥാനസൗകര്യങ്ങൾ ഇല്ലാത്തതും പ്രയാസമുണ്ടാക്കുന്നു. അന്തേവാസികൾ താമസിക്കുന്നിടമെല്ലാം ദുർഗന്ധപൂരിതമാണ്. കെട്ടിടങ്ങളാകട്ടെ ഏതുനിമിഷവും പൊളിഞ്ഞുവീഴാറായ ജീർണാവസ്ഥയിലും. ചുമർ നനച്ച് സ്റ്റീൽ പാത്രം കൊണ്ട് ചുമർ തുരന്നാണ് മലപ്പുറം സ്വദേശിനി ആശുപത്രിയിൽ നിന്ന് ചാടിപ്പോയത് എന്നുപറയുമ്പോൾ അത്രമാത്രം ദുർബലമാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ അവസ്ഥ എന്നല്ലേ മനസിലാക്കേണ്ടത്. വൃത്തിഹീനമാണ് പരിസരവും. കുളിമുറികൾ എന്ന് പറയപ്പെടുന്നവയിലേക്ക് അടുക്കാൻ പറ്റാത്ത അവസ്ഥ. മത്സ്യമാംസാദികളുടെ അവശിഷ്ടങ്ങളും ഭക്ഷണങ്ങളുടെ ബാക്കിയും എല്ലാംകൂടി കുമിഞ്ഞു കിടക്കുന്ന മാലിന്യങ്ങൾ വേറെ. ഇത്തരമൊരു പരിതസ്ഥിതിയിൽ അന്തേവാസികളുടെ ആരോഗ്യസ്ഥിതിയും മോശമാകുമെന്നതിന് സംശയമില്ല. മാലിന്യക്കൂമ്പാരങ്ങൾ ഉള്ളതിനാൽ കൊതുകുശല്യവും വിട്ടുമാറുന്നില്ല. നന്നായിട്ട് ഉറങ്ങാൻ കഴിയുക എന്നതാണ് മാനസികാസ്വാസ്ഥ്യത്തിനുള്ള നല്ല ചികിത്സ. എന്നാൽ, കൊതുകുകാരണം അന്തേവാസികൾക്കു ഉറങ്ങാൻ കഴിയുന്നില്ല.


കുതിരവട്ടം ആശുപത്രിയിലെ അന്തേവാസിയുടെ കൊലപാതകം സംബന്ധിച്ചും രണ്ടുപേർ ചാടിപ്പോകാനുണ്ടായ സാഹചര്യം സംബന്ധിച്ചും മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിരിക്കുകയാണ്. കമ്മിഷനു മുന്നിൽ അന്തേവാസികൾ പരാതിയുടെ കെട്ടുതുറന്നു എന്നാണു പറയുന്നത്. പരാതി പറയണമെന്നുണ്ടെങ്കിൽ അവരിൽ പലരും സ്വബോധമുള്ളവരായിരിക്കുമല്ലോ. മാർച്ച് 22ന് ഇതുസംബന്ധിച്ച കാര്യങ്ങൾ കോഴിക്കോട് കലക്ടറേറ്റിൽ ചേരുന്ന യോഗത്തിൽ പരിഗണിക്കപ്പെടും. അതിൽ ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനാവശ്യമായ തീരുമാനങ്ങളും ഉണ്ടാകണം. അതിനാവശ്യമായ ഫണ്ട് അനുവദിക്കണം. അസുഖം ഭേദമായവരെ കുടുംബം തിരികെ കൊണ്ടുപോകുന്നില്ലെങ്കിൽ പുനരധിവസിപ്പിക്കാനും അവർക്കറിയാവുന്ന തൊഴിൽ പരിശീലനം നൽകാനുമുള്ള തീരുമാനവും ഉണ്ടാകണം. അസുഖം ഭേദമായിട്ടും 'എനിക്ക് ഭ്രാന്താണ്, എന്നെ ചങ്ങലക്കിടൂ' എന്നു വേലായുധനെപ്പോലെ കേഴേണ്ട അവസ്ഥ ഇനിയെങ്കിലും നമ്മുടെ മാനസികാരോഗ്യ ചികിത്സാ കേന്ദ്രങ്ങളിൽ ഉണ്ടാവാതിരിക്കട്ടെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago