സ്ത്രീത്വം അപമാനിക്കപ്പെടുന്ന കേസ് ശിക്ഷിക്കപ്പെട്ട പ്രതിയും ഇരയും തമ്മിലുള്ള ഒത്തുതീർപ്പ് അനുവദിക്കില്ല: സുപ്രിംകോടതി
ന്യൂഡൽഹി
സ്ത്രീത്വത്തെ അപമാനിച്ചതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 വകുപ്പ് പ്രകാരം ശിക്ഷിക്കപ്പെട്ടതിന് ശേഷം കേസിലുണ്ടാക്കുന്ന ഒത്തുതീർപ്പ് അനുവദിക്കാനാവില്ലെന്ന് സുപ്രിംകോടതി.
ഇതു സംബന്ധിച്ച് ത്രിപുര ഹൈക്കോടതി ഉത്തരവ് ശരിവച്ചാണ് ജസ്റ്റിസുമാരായ അജസ് രസ്‌തോഗി, അഭയ് എസ്. ഓക എന്നിവരടങ്ങിയ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. ഒത്തുതീർപ്പ് അംഗീകരിക്കാൻ കാരണമൊന്നും കാണുന്നില്ലെന്നും കോടതി പറഞ്ഞു.
ത്രിപുരയിൽ 10 വയസ്സുകാരിയെ ലൈംഗികമായി അപമാനിക്കാൻ ശ്രമിച്ചതാണ് കേസ്. പലചരക്ക് കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ പോയ 10 വയസ്സുകാരിക്ക് അയൽവാസിയായ പ്രതി 10 രൂപ നൽകി കേക്ക് വാങ്ങിക്കൊണ്ടുവരാൻ ആവശ്യപ്പെട്ടു. കേക്കുമായി വന്ന പെൺകുട്ടിയെ വീട്ടിനുള്ളിലേക്ക് വിളിച്ചുവരുത്തിയ പ്രതി മാറിൽ തലോടുകയും എതിർത്തപ്പോൾ അവളുടെ അടിവസ്ത്രം അഴിക്കുകയും ചെയ്തുവെന്നായിരുന്നു കേസ്. പെൺകുട്ടി ഒച്ചവയ്ക്കുകയും ഓടി രക്ഷപ്പെടുകയും ചെയ്തു. വീട്ടുകാരുടെ പരാതിയിലാണ് പൊലിസ് കേസെടുക്കുന്നത്.
പ്രതിക്ക് വിചാരണക്കോടതി ഒരു വർഷം തടവും 5,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഇത് ഹൈക്കോടതി ശരിവച്ചു. ഹൈക്കോടതി കേസ് പരിഗണിക്കവെ കേസ് ഒത്തുതീർപ്പായതായി ഇരുവിഭാഗവും കോടതിയെ അറിയിച്ചു. അയൽവാസികളായതിനാൽ പരപസ്പരം നല്ല ബന്ധം ഉണ്ടാവേണ്ടതാണെന്ന് കണക്കിലെടുത്ത് ഒത്തുതീർപ്പുണ്ടാക്കുകയാണെന്നായിരുന്നു ഇരുപക്ഷവും കോടതിയെ അറിയിച്ചത്. എന്നാൽ ഹൈക്കോടതി ഈ വാദം തള്ളി. ഇതോടെയാണ് കേസ് സുപ്രിംകോടതിയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."