അഭിമാനമായി സിന്ധു
റിയോ ഡി ജനീറോ: സാക്ഷി വെങ്കലം നേടിയതിനു പിന്നാലെ മറ്റൊരു വനിതാ താരം കൂടി ഇന്ത്യയുടെ അഭിമാനമായി. വനിതാ വിഭാഗം ബാഡ്മിന്റണ്‍ ഫൈനലിലെത്തി ചരിത്രമെഴുതിയ പി.വി സിന്ധു ഇന്ത്യക്ക് സ്വര്‍ണമോ വെള്ളിയോ സമ്മാനിക്കും. കത്തുന്ന ആത്മവിശ്വാസവും കരുത്തുറ്റ സ്മാഷുകളും എതിരാളിയെ കൃത്യമായി വിലയിരുത്തിയുമാണ് സിന്ധുവിന്റെ മുന്നേറ്റം. ഫൈനലില്‍ സ്‌പെയിനിന്റെ കരോലിന മരിനെയാണ് സിന്ധു നേരിടാനൊരുങ്ങുന്നത്. ഇന്നു രാത്രി 7.30നാണ് കലാശപ്പോരാട്ടം. സെമി ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയെ സിന്ധു പരാജയപ്പെടുത്തിയപ്പോള്‍ മരിന്‍ വീഴ്ത്തിയത് ലീ സുറേയിയെയാണ്.
ചരിത്രം തീര്‍ത്താണ് പി.വി സിന്ധുവിന്റെ ഫൈനല്‍ പ്രവേശം. നേരിട്ടുള്ള സെറ്റുകള്‍ക്ക് ആധികാരികമായിട്ടാണ് സിന്ധു മത്സരം സ്വന്തമാക്കിയത്. സ്‌കോര്‍ 19-21, 10-21. ജയത്തോടെ വെള്ളി മെഡല്‍ ഉറപ്പിക്കാനും താരത്തിനു സാധിച്ചു. ആദ്യമായിട്ടാണ് ഒരിന്ത്യന്‍ താരം ഒളിംപിക് ബാഡ്മിന്റണിന്റെ ഫൈനലിലേക്ക് മുന്നേറുന്നത്. സൈന നേഹ്‌വാളിന്റെ വെങ്കലമാണ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ വലിയ നേട്ടം. ക്വാര്‍ട്ടറില്‍ വമ്പന്‍ താരം വാങ് യിഹാനെ അട്ടിമറിച്ചതിന്റെ ആത്മവിശ്വാസവുമായാണ് സിന്ധു മത്സരത്തിനിറങ്ങിയത്.
ആദ്യ സെറ്റില്‍ സ്‌കോര്‍ ഇരുവശത്തേക്കും മാറി മറിഞ്ഞ് ഒടുവില്‍ 20-19ലെത്തി. ജാപ്പനീസ് താരം സെറ്റ് സമനിലയിലെത്തിക്കുമെന്ന് കരുതിയെങ്കിലും സിന്ധു തകര്‍പ്പന്‍ സ്മാഷിലൂടെ ആദ്യ സെറ്റ് സ്വന്തമാക്കി.
രണ്ടാം സെറ്റിന്റെ ഒരു ഘട്ടത്തില്‍ ജാപ്പനീസ് താരം സ്‌കോര്‍ 10-10 എത്തിച്ചു. എന്നാല്‍ പിന്നീട് ഒകുഹാരയ്ക്ക് യാതൊരവസരവും ഇന്ത്യന്‍ താരം നല്‍കിയില്ല. തുടരെ 11 പോയിന്റുകള്‍ സ്വന്തമാക്കിയ സിന്ധു സൈനയുടെ നേട്ടം പഴങ്കഥയാക്കി ഫൈനലിലേക്ക് മുന്നേറുകയായിരുന്നു.
അതേസമയം ഫൈനലില്‍ സിന്ധുവിന്റെ എതിരാളിയായ കരോലിന മരിന്‍ ലോക ഒന്നാം നമ്പര്‍ താരമാണ്. സെമിയിലെ പ്രകടനം ആവര്‍ത്തിച്ചാല്‍ സുവര്‍ണ നേട്ടം സ്വന്തമാക്കാന്‍ സിന്ധുവിന് സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."