HOME
DETAILS

'മരിച്ചാലും മറക്കില്ല ജീവിതം തകര്‍ത്തവനെ...'

  
backup
February 14 2021 | 03:02 AM

veenduvicharam-14-02-2021


നിരവധി കാമഭ്രാന്തന്മാരാല്‍ ഏറെക്കാലം ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സൂര്യനെല്ലി പെണ്‍കുട്ടിയെ ഒരു മുന്‍ ന്യായാധിപന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് വിശേഷിപ്പിച്ചത് 'ബാലവേശ്യ' എന്നായിരുന്നു. അതിന് അദ്ദേഹം നിരത്തിയ യുക്തി ഒട്ടേറെ മാസങ്ങള്‍ക്കിടയില്‍ ഒട്ടേറെ സ്ഥലങ്ങളില്‍ വച്ചാണു ലൈംഗികവേഴ്ച നടന്നതെന്നും രക്ഷപ്പെടാമായിരുന്ന അവസരങ്ങളിലൊന്നും ആ പെണ്‍കുട്ടി അതിനു ശ്രമിച്ചില്ലെന്നും അതിനാല്‍ ആ വേഴ്ചകളെല്ലാം അവളുടെ സമ്മതത്തോടെയാണെന്നു വിശ്വസിക്കേണ്ടി വരുമെന്നും ആ വേഴ്ചയ്ക്കു സാമ്പത്തിക പ്രതിഫലം കിട്ടിയിട്ടുണ്ടാകുമെന്നതിനാല്‍ അതു വേശ്യാവൃത്തിയാണെന്നുമായിരുന്നു.
വേശ്യാവൃത്തി ചെയ്തുവെന്നു മുന്‍ ന്യായാധിപന്‍ ആരോപിക്കുന്ന പെണ്‍കുട്ടി പ്രായപൂര്‍ത്തി എത്താത്തവളായതിനാലാണ് അദ്ദേഹം അവള്‍ക്ക് 'ബാലവേശ്യ' എന്ന വിശേഷണം നല്‍കിയത്. ഈ പ്രതികരണം ദൃശ്യം സഹിതം വാര്‍ത്തയും തുടര്‍ന്നു വിവാദവുമായപ്പോള്‍ ആ മുന്‍ ന്യായാധിപന്‍ കുറ്റസമ്മതം നടത്തി ക്ഷമ ചോദിക്കുകയല്ല, മറിച്ച് അതു വാര്‍ത്തയാക്കിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരേ കുറ്റാരോപണം നടത്തുകയാണു ചെയ്തത്. സ്വകാര്യസംഭാഷണത്തില്‍ താന്‍ നടത്തിയ പരാമര്‍ശം അനുവാദം ചോദിക്കാതെ വാര്‍ത്തയാക്കിയതിലായിരുന്നു അദ്ദേഹത്തിനു രോഷം.


സ്വകാര്യസംഭാഷണത്തില്‍ ആരെക്കുറിച്ചും, പ്രത്യേകിച്ച്, ലൈംഗികപീഡനത്തിന് ഇരകളാക്കപ്പെടുന്ന പെണ്‍കുട്ടികളെക്കുറിച്ച്, എന്തും പറയാമെന്ന ധാരണ സമൂഹത്തില്‍ പലര്‍ക്കുമുണ്ട്. കേരളത്തില്‍ നടന്ന ഇത്തരം ലൈംഗികഭീകരതകളെ എത്രയോ പേര്‍ ഇക്കിളിക്കഥകളായി സ്വകാര്യസംഭാഷണങ്ങളില്‍ അവതരിപ്പിക്കുന്നുമുണ്ട്.


പീഡിപ്പിക്കപ്പെട്ടവള്‍ അവരുടെ കണ്ണില്‍ വേശ്യയോ ബാലവേശ്യയോ മാത്രമാണ്. വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍, ഹോട്ടലില്‍ ഭക്ഷണം കഴിക്കുമ്പോള്‍, ലോഡ്ജില്‍ തങ്ങുമ്പോള്‍ എന്തുകൊണ്ട് അവള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചില്ല, ബഹളം വച്ച് ആളെക്കൂട്ടിയില്ല എന്നീ യുക്തികളാണ് ആ സദാചാരവാദികള്‍ ഉയര്‍ത്താറുള്ളത്. അത്തരക്കാരുടെ കാഴ്ചപ്പാടില്‍ അവള്‍ ഇരയല്ല, വേശ്യയോ ബാലവേശ്യയോ ആണ്.
അത്തരക്കാരുടെ കൊട്ടിയടയ്ക്കപ്പെട്ട മനസ്സിന്റെ വാതായനം തുറപ്പിക്കേണ്ട രംഗമാണു വിതുര കേസിന്റെ മൂന്നാംവട്ട വിചാരണവേളയില്‍ കോടതിയിലുണ്ടായത്. കേസ് രജിസ്റ്റര്‍ ചെയ്ത ആദ്യകാലത്തു തന്നെ ഒന്നാം പ്രതി സുരേഷ് എന്ന ഷാജഹാന്‍ ഒളിവില്‍ പോയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത വിതുര സ്വദേശിനിയെ ചതിവില്‍ പല തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നും പലര്‍ക്കും ലൈംഗികപീഡനത്തിനു കാഴ്ചവച്ചു എന്നുമായിരുന്നു സുരേഷിനെതിരേയുള്ള കേസ്.
ഒന്നാം പ്രതി ഒളിവിലായതിനാല്‍ കേസിനു ബലം നഷ്ടപ്പെട്ടു. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസുകളിലെ പ്രതികളെല്ലാം തെളിവുകളുടെ അഭാവത്തില്‍ ശിക്ഷയില്‍ നിന്നു രക്ഷപ്പെട്ടു. പലപ്പോഴായി തന്നെ പീഡിപ്പിച്ച പ്രതികളെ കോടതിമുറിയില്‍ തിരിച്ചറിയാന്‍ പെണ്‍കുട്ടിക്കു കഴിഞ്ഞില്ലെന്നതാണു പ്രതികളെ വെറുതെ വിടാനുള്ള പ്രധാന കാരണം. പെണ്‍കുട്ടിക്കു പ്രതികളെ തിരിച്ചറിയാന്‍ കഴിയാതെ പോയതാണോ ഭീഷണിയുടെയോ പ്രലോഭനത്തിന്റെയോ ഇരയായി അവള്‍ മാറിയതാണോ എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്.


മിക്ക കേസുകളിലും ഇരകളും സാക്ഷികളും ഭീഷണിയുടെയോ പ്രലോഭനത്തിന്റെയോ പാത്രമാകാറുണ്ടെന്നതു യാഥാര്‍ത്ഥ്യം. വിതുരക്കേസിലെ ഒന്നാംപ്രതി സുരേഷ് എന്ന ഷാജഹാനെതിരായ കേസിലും പെണ്‍കുട്ടിക്കു നേരേ കടുത്ത ഭീഷണിയുണ്ടായിരുന്നു. പക്ഷേ, തന്റെ ജീവിതം തകര്‍ക്കാന്‍ മുഖ്യകാരണക്കാരനായവനെ ഭയന്നു ജീവിക്കാന്‍ ഇന്നു യുവത്വത്തിന്റെ പാതിയും പിന്നിട്ട അന്നത്തെ ആ പെണ്‍കുട്ടി തയാറായില്ല. തന്നെ പീഡിപ്പിച്ച മറ്റെല്ലാ പ്രതികളെയും തിരിച്ചറിയാതെ പോയ ആ പെണ്‍കുട്ടി ഭീഷണി ഭയന്നു തന്റെ മുഖവും 'മറക്കു'മെന്ന ധാരണയിലാണ് 24 വര്‍ഷത്തെ ഒളിജീവിതം അവസാനിപ്പിച്ചു സുരേഷ് കോടതിയില്‍ കീഴടങ്ങിയത്.
അയാളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു കോടതിയില്‍ ആ യുവതിയുടെ മനസ്സില്‍ അക്കാലമത്രയും നീറിനിന്ന രോഷവും വെറുപ്പുമെല്ലാം പുറത്തുചാടി. 'ഇയാളെ അറിയുമോ' എന്ന ചോദ്യത്തിനു വികാരത്തള്ളിച്ച നിയന്ത്രിക്കാനാവാതെ തുറന്ന കോടതിയില്‍ ആ യുവതി പറഞ്ഞു, 'മരിച്ചാലും മറക്കില്ല ഇവന്റെ മുഖം. എന്റെ ജീവിതം തകര്‍ത്തവനാണിവന്‍.'
വിതുര കേസിലെ ആശ്വാസകരമായ കാര്യം, മറ്റെല്ലാം പ്രതികളും നിയമപ്പഴുതിലൂടെ രക്ഷപ്പെട്ടെങ്കിലും ആ പെണ്‍കുട്ടി വിതുമ്പിയ പോലെ അവളുടെ ജീവിതം തകര്‍ക്കാന്‍ കാരണക്കാരനായ ആ നരാധമനു കോടതി തക്കതായ ശിക്ഷ ഉറപ്പുവരുത്തിയെന്നതാണ്. ഒന്നിച്ചനുഭവിക്കുമ്പോള്‍ പത്തുവര്‍ഷത്തേയ്ക്കാകുമെങ്കിലും വിവിധ വകുപ്പുകളിലായി 24 വര്‍ഷത്തെ തടവു ശിക്ഷയാണു കോടതി വിധിച്ചത്. ഇനിയും 23 കേസുകള്‍ കൂടി അയാള്‍ക്കെതിരേ ഉണ്ട്.
പ്രതികള്‍ ശിക്ഷിക്കപ്പെടണമെന്നതു പോലെ പ്രധാനമാണു സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം വരണമെന്നതും. നമ്മുടെ രാജ്യത്തു നടന്ന ഇത്തരം പീഡനക്കേസുകളില്‍ ഇരയ്‌ക്കൊപ്പം നില്‍ക്കാതെ വേട്ടക്കാരനൊപ്പം കുതിക്കുന്ന മനോഭാവം ഒരു വിഭാഗം പരസ്യമായിത്തന്നെ കൈക്കൊള്ളുന്നുണ്ടെന്നതു സമൂഹത്തിനു നാണക്കേടാണ്. കത്വവിലെ നാടോടിപ്പെണ്‍കുട്ടിയെ ഒരു ക്ഷേത്രത്തിനകത്തുവച്ചു അതിക്രൂരമായി പീഡിപ്പിക്കുകയും അതിലേറെ ക്രൂരമായി കൊല്ലുകയും ചെയ്തിട്ടും വേട്ടക്കാര്‍ക്കുവേണ്ടി തെരുവില്‍ പ്രകടനം നടത്താന്‍ അഭിഭാഷകസമൂഹം വരെ തയാറായി എന്നതു ഞെട്ടലുളവാക്കുന്ന കാര്യമാണ്.
അഭയ കേസ് അട്ടിമറിക്കാന്‍ രാഷ്ട്രീയനേതാക്കളും നിയമപാലകരും അതിലേറെ ആത്മീയനേതൃത്വവുമെല്ലാം എത്രമാത്രം ഗൂഢവും കുത്സിതവുമായ മാര്‍ഗങ്ങളാണു ഉപയോഗിച്ചതെന്നു ചരിത്രം തെളിയിച്ചതാണല്ലോ. നീതിപീഠത്തില്‍ ഇരുന്നവര്‍ പോലും അതിനു ശ്രമിച്ചു എന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളും കേട്ടു. ലോക്കല്‍ പൊലിസ് മുതല്‍ സി.ബി.ഐവരെ കേസ് അട്ടിമറിച്ചുകൊണ്ടേയിരുന്നു. നീതിപീഠത്തിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ആ കേസിന്റെ ഗതിയെന്താകുമായിരുന്നെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അഭയക്കേസില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടിട്ടും വൈദികരും മുന്‍ന്യായാധിപനുമുള്‍പ്പെടെ പരസ്യമായി നടത്തുന്ന അഭിപ്രായപ്രകടനം ഈ നാട് എങ്ങോട്ടു പോകുന്നുവെന്ന ആശങ്കയുളവാക്കുന്നു.


പീഡനത്തിനിരയായി കൊല്ലപ്പെട്ട വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതിതേടി മാതാപിതാക്കള്‍ ഇപ്പോഴും സമരരംഗത്താണ്. പ്രതികളെയും പ്രതികളെ സംരക്ഷിച്ച നിയമപാലകരെയും മാതൃകാപരമായി ശിക്ഷിക്കണമെന്ന അവരുടെ രോദനം വായുവില്‍ അലിഞ്ഞുപോവുകയാണ്.
ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരേ പീഡനപ്പരാതി നല്‍കിയ കന്യാസ്ത്രീയുടെയും അവര്‍ക്കു പിന്തുണയേകിയ മറ്റു കന്യാസ്ത്രീകളെയും ഗതികേട് എത്രമാത്രം ദയനീയമാണെന്നു നമ്മള്‍ കണ്ടതാണ്. ജനപ്രതിനിധികളെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയനേതാക്കളില്‍ പലരും പീഡനാരോപിതന്റെ വക്കാലത്തുമായി പൊതുവേദികളില്‍ മത്സരിക്കുകയായിരുന്നു. ഹത്രാസ്സിലെ ദലിത് പെണ്‍കുട്ടിയെ കൂട്ടപീഡനത്തിനിരയാക്കി കൊന്നപ്പോഴും പ്രതികള്‍ക്കു വേണ്ടി പ്രകടനം നടത്തുകയായിരുന്നു സവര്‍ണരെ പിന്തുണയ്ക്കുന്ന രാഷ്ട്രീയക്കാര്‍.
കുറ്റാരോപിതര്‍ക്കു കൈയൂക്കും അധികാരവും സ്വാധീനവുമുണ്ടെങ്കില്‍ ഇരകള്‍ക്കു രക്ഷയില്ലെന്നതാണു സ്ഥിതി. ഭീഷണിക്കിടയില്‍ ഇരയുടെ ശബ്ദം അടിച്ചമര്‍ത്തപ്പെടും. ആ ദുഃഖസത്യത്തിനിടയിലാണ് 'മരിച്ചാലും മറക്കില്ല ഇവന്റെ മുഖം. എന്റെ ജീവിതം തകര്‍ത്തവനാണിവന്‍.' എന്ന വിതുരയിലെ യുവതിയുടെ ശബ്ദം ശ്രദ്ധേയമാകുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  4 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  4 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  4 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  4 hours ago