HOME
DETAILS
MAL
വെല്‍നസ് ജീവിതലഹരിയിലേക്ക് തിരിച്ചുനടത്തുന്നു
backup
February 14 2021 | 03:02 AM
റമീസ (യഥാര്‍ഥ പേരല്ല) ബംഗളൂരുവിലേക്ക് ഉപരിപഠനത്തിന് പോകുമ്പോള്‍ കുടുംബത്തിന് ഒത്തിരി സ്വപ്‌നങ്ങളായിരുന്നു. ആ വീട്ടിലേക്ക് ഒരു ഡോക്ടര്‍ പടികയറി വരുന്നതിലെ സന്തോഷം നാട്ടുകാരും കൂടി പങ്കുവച്ചു. കോളജിലും ഹോസ്റ്റലിലും അവള്‍ മതചിട്ടകള്‍ പാലിച്ചു ജീവിച്ചു. കൂട്ടുകാരികളേറയുണ്ടായിരുന്നു റമീസക്ക്. കളിചിരികള്‍ക്കിടയിലെപ്പഴോ കൂട്ടുകാരി നല്‍കിയ ഒരു പുകച്ചുരുള്‍ അവള്‍ തമാശയായി ചുണ്ടിലെരിയിച്ചു. സിരകളില്‍ ആ പുകച്ചുരുള്‍ നല്‍കിയ ഉന്മാദം അവള്‍ക്ക് പതിവായി വേണമെന്നായി. വീണ്ടും വീണ്ടും കൂട്ടുകാരി ആ പുകച്ചുരുള്‍ പകര്‍ന്നു. പഠനത്തോടൊപ്പം തന്നെ റമീസയുടെ വിവാഹം കൂടി നിശ്ചയിക്കാന്‍ കുടുംബം തീരുമാനിച്ചു. വരനും ഡോക്ടറാണ്. പക്ഷേ, നിശ്ചയത്തിന് തൊട്ടുമുന്‍പ് ഇതറിഞ്ഞ വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി. 'ഡോക്ടര്‍... ഇതൊന്നും അത്രവലിയ സംഭവമല്ല'; റമീസയുടെ വാക്കുകള്‍ക്ക് മുന്‍പില്‍ ഡോക്ടര്‍ മാത്രമല്ല, രക്ഷിതാക്കളും അമ്പരന്നു. ലഹരി വീടിന്റെ പടി കടന്നെത്തിയപ്പോള്‍ സന്തോഷം പടിയിറങ്ങിയ വീട്ടില്‍ കരഞ്ഞുകലങ്ങിയ കണ്ണീരുമായി അവര്‍ ഡോക്ടര്‍ക്ക് മുന്‍പില്‍ വിതുമ്പി. മാസങ്ങളോളമുള്ള ചികിത്സ.. കൗണ്‍സിലിങ്... റമീസ ഇന്ന് സന്തോഷവതിയായ ഒരു കുടുംബിനിയാണ്...
ലഹരി നുരയുന്ന കേരളം
ലഹരി ആഭിമുഖ്യമുള്ള ഇന്ത്യയിലെ 127 നഗരങ്ങളുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം കൂടി ഉള്‍പ്പെടുന്നുവെന്നാണ് കേന്ദ്ര സാമൂഹികനീതി മന്ത്രാലയം പുറത്തുവിട്ട ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ 10 മുതല്‍ 75 വരെ പ്രായമുള്ള 14.6 ശതമാനം ആളുകളും മദ്യ, മയക്കുമരുന്നുകള്‍ക്ക് അടിമകളാണ്. കഞ്ചാവ് മുതല്‍ കൊക്കയിന്‍ വരെയുള്ള ലഹരി സുലഭമായി ലഭിക്കുന്ന നഗര, ഗ്രാമങ്ങളായി കേരളവും മാറിയിരിക്കുകയാണ്. ഉപയോഗത്തില്‍ മാത്രമല്ല വിതരണത്തിലും ഇന്ന് കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെ ഉള്‍പ്പെടുന്നു. കുടുംബം, സമൂഹം, വിദ്യാലയങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ലഹരിയുടെ കരിനിഴല്‍ വീഴ്ത്തുന്നു. ഫെവിക്കോള്‍, വൈറ്റ്‌നര്‍ തുടങ്ങിയവയില്‍ പോലും ലഹരി കണ്ടെത്തുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇന്ന് ആര്‍ക്കും പിടികൊടുക്കാത്ത വിധം ലഹരിയെ വാരിപ്പുണരുകയാണ്.
ലഹരി ഉപയോഗത്തില്‍ ഹരം കണ്ടെത്തുന്നവരില്‍ സ്‌കൂള്‍ കുട്ടികള്‍ അടക്കമുണ്ട്. ആദ്യം തമാശക്ക് തുടങ്ങി പിന്നീട് ലഹരിക്ക് അടിമകളായി മാറുന്നവരാണ് ഏറെയും. വീട്ടില്‍ എന്തിനും ഏതിനും ക്ഷുഭിതനാകുന്ന ഒരു കൗമാരക്കാരനെ കൗണ്‍സലിങ്ങിന് കൊണ്ടുവന്നപ്പോഴാണ് രക്ഷിതാക്കള്‍ പോലും അറിയുന്നത്, വര്‍ഷങ്ങളായി വിദ്യാര്‍ഥി ലഹരിക്ക് അടിമയാണെന്ന്. കുട്ടികളുടെ, രക്ഷിതാക്കളുടെ, കുടുംബത്തില്‍ പെട്ടവരുടെ ലഹരി ഉപയോഗം കൊണ്ട് സമൂഹത്തില്‍ നിരവധി പേര്‍ കുടുംബ തകര്‍ച്ച നേരിടുന്നുണ്ട്. ജാതി മതത്തിനും ദേശത്തിനുമതീതമായി വളര്‍ന്നുകൊണ്ടിരിക്കുന്ന വലിയ പ്രതിസന്ധിയുടെ കണ്ടെത്തലില്‍ നിന്നാണ് എസ്.കെ.എസ്.എസ്.എഫ് 30-ാം വര്‍ഷത്തില്‍ 30 ഇന കര്‍മ പദ്ധതികള്‍ തയ്യാറാക്കിയത്. ഇതില്‍ ആദ്യത്തെ സംരംഭമാണ് കുറ്റിപ്പുറം വെല്‍നസ് ഇന്‍സ്റ്റിറ്റ്യൂട്ട്.
ലഹരിയില്‍ നിന്ന് മുക്തരാവുന്നവര്‍
ലഹരിക്ക് അടിമയായ ഒരാളെ വിവിധതരത്തിലുള്ള ചികിത്സാരീതികളിലൂടെ സംരക്ഷിക്കുകയാണ് സെന്റര്‍ ചെയ്യുന്നത്. കൗണ്‍സലിങ്ങ്, തെറാപ്പികള്‍, പ്രാര്‍ഥനകള്‍, മാനസിക ഉല്ലാസപ്രവര്‍ത്തനങ്ങള്‍, സ്‌പോര്‍ട്‌സ്, ശരിയായ ഭക്ഷണക്രമം ഇവയോടൊപ്പം മരുന്നും നല്‍കുന്നു. മനഃശാസ്ത്ര, മാനസികാരോഗ്യ സാമൂഹ്യ മേഖലയിലെ വിവിധ ഏജന്‍സികളുടെ സംയോജിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. സൈക്കോളജി, സൈക്യാട്രി, നഴ്‌സിങ്, സോഷ്യാളജി മേഖലയിലെ വിദഗ്ധര്‍ സ്ഥാപനത്തിലുണ്ട്.
ലഹരിക്ക് അടിമകളാകുന്നവര്‍ക്ക് ചികിത്സയോടൊപ്പം മതബോധം കൂടി നല്‍കി പുതുവഴിയിലേക്ക് നടത്തുകയാണ് വെല്‍നസിന്റെ ലക്ഷ്യം. മതപ്രബോധനത്തിനിടയിലും സംഘടന രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ഏറ്റവും കൂടുതല്‍ കേട്ടത് ലഹരിക്ക് അടിമകളായവരെ കുറിച്ചാണ്. മകന്റെ, മകളുടെ, ഭര്‍ത്താവിന്റെ ലഹരി ഉപയോഗത്തെ കുറിച്ച് പുറത്തുപറയാന്‍ പോലും കഴിയാതെ നിസഹായരായ നിരവധി പേര്‍ നമുക്കിടയിലുണ്ട്. ഇവരില്‍ പലരും വലിയ തുക നല്‍കിയാണ് ചികിത്സിക്കുന്നതും. ഇതില്‍ നിന്നാണ് കുറഞ്ഞ നിരക്കില്‍ കൂടുതല്‍ പരിരക്ഷ നല്‍കുന്ന സെന്റര്‍ തുടങ്ങാന്‍ തീരുമാനിച്ചത്.
മാനസികാരോഗ്യ രംഗത്ത് പൊതുവായും ലഹരി ഡീഅഡിക്ഷന്‍ മേഖലയില്‍ പ്രത്യേകിച്ചും മികവുറ്റ പ്രവര്‍ത്തനങ്ങളാണ് വെല്‍നസ് നല്‍കുന്നത്. ലഹരിയില്‍ നിന്ന് മോചനത്തിന് രണ്ട് രീതികളാണ് ഇവിടെ നടപ്പിലാക്കുന്നത്. അത്യാവശ്യമുള്ളവര്‍ക്ക് കിടത്തി ചികിത്സ, മറ്റുള്ളവര്‍ക്ക് പരിശോധനയും മരുന്നും. ദിനേന നിരവധി പേരാണ് സ്ഥാപനത്തിലേക്ക് ചികിത്സ സംബന്ധിച്ച് അന്വേഷിച്ചെത്തുന്നത്. ഒരുമാസം കിടത്തി ചികിത്സയടക്കം 20,000 രൂപയാണ് ഈടാക്കുന്നത്. ചികിത്സാ തുക സ്‌പോണ്‍സര്‍ ചെയ്യുന്നവരുമുണ്ട്. വെല്‍നസിന്റെ മൂന്നിരട്ടിയിലധികം വാങ്ങുന്ന സെന്ററുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ലഹരി വേറിടാത്ത ശരീരം
ലഹരി ഉപയോഗത്തിന് അടിമകളായവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ഒന്നുകില്‍ അവര്‍ തന്നെ സ്വയം തയ്യാറാകണം. ഇത്തരത്തിലുള്ള ആളുകള്‍ക്ക് പെട്ടെന്ന് സ്വബോധത്തിലേക്ക് മാറാന്‍ കഴിയും. കുടുംബങ്ങള്‍ നിര്‍ബന്ധിപ്പിച്ച് കൊണ്ടുവരുന്നവര്‍ക്ക് കിടത്തി ചികിത്സ നിര്‍ബന്ധമാണ്. ഇവരുടെ ശരീരം ലഹരി തേടിക്കൊണ്ടിരിക്കും.
ഒരിക്കല്‍ ക്ലിനിക്കിലെ ടൂത്ത് പേസ്റ്റ് പെട്ടെന്ന് തീര്‍ന്നുപോകുന്നതായി കണ്ടെത്തി. പരിശോധിച്ചപ്പോഴാണ് ചികിത്സ തേടിയെത്തിയവരില്‍ രണ്ടുപേര്‍ പേസ്റ്റ് കടലാസില്‍ പൊതിഞ്ഞ് ചുണ്ടിന് താഴെ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന രൂപത്തില്‍ വയ്ക്കുന്നത് കണ്ടെത്തിയത്. മറ്റൊരിക്കല്‍ രണ്ടുപേര്‍ ക്ലിനിക്കിന്റെ മുന്‍പിലുള്ള പുൡമരത്തിന്റെ ഇലകള്‍ പിടിച്ചുപറിച്ച് തിന്നുന്നത് കണ്ടു. ലഹരി കിട്ടാത്തതില്‍ ക്ലിനിക്കിന്റെ ജനല്‍ ചില്ല് അടിച്ചുതകര്‍ത്ത് പുറത്തു ചാടാന്‍ ശ്രമിച്ച സംഭവവുമുണ്ടായി. ഇവരെല്ലാം ക്ലിനിക്കല്‍ നിന്ന് പുതിയ മനുഷ്യരായാണ് മടങ്ങിയത്.
മദ്യപാനം കൊണ്ട് മാതാവുമായി ഒരടുപ്പവുമില്ലാത്ത, വീട്ടിലെത്താതെ ജോലി സ്ഥലത്തുതന്നെ കിടന്നുറങ്ങുന്ന പിതാവുമായി ഒരുമകനെത്തി. മക്കളെ വളരെ സ്‌നേഹത്തോടെ നോക്കിക്കാണുന്ന പിതാവിന് പക്ഷേ, മദ്യം ഉപേക്ഷിക്കാനാവില്ല. രാത്രിയില്‍ തലയണച്ചുവട്ടില്‍ മദ്യക്കുപ്പിയുമായി കിടന്നുറങ്ങുന്ന പിതാവിനെ തിരിച്ചുകൊണ്ടുവരണം. ഏറെക്കാലത്തെ ചികിത്സയ്ക്ക് ശേഷം പിതാവ് പുതിയ ജീവിതത്തിലേക്ക് മടങ്ങി. ഇത്തരം കുടുംബങ്ങളുടെ പ്രതീക്ഷയാണ് വെല്‍നസ്. കഞ്ചാവിന് അടിമയായ 19 വയസുകാരനെ കുടുംബം അവന്‍ പോലുമറിയാതെ വീട്ടില്‍ പൂട്ടിയിട്ട് സെന്ററിലെത്തിച്ചിട്ടുണ്ട്. ഇവനെ കാണാതായതോടെ ഇവന്റെ കൂട്ടുകാര്‍ പിതാവിനെ ഭീഷണിപ്പെടുത്തുക പോലും ചെയ്തു. പക്ഷേ, ആ പിതാവും കുടുംബവും അവനെ പുതിയ ജീവിതത്തിലേക്ക് തിരികെ എത്തിച്ചു.
ഡോ. ദിവ്യ (സൈക്യാട്രിസ്റ്റ്) ആണ് ക്ലിനിക്കിലെ പ്രധാന ഡോക്ടര്‍. സൈക്കോളജിസ്റ്റായി മുഹമ്മദ് സാബിഹുമുണ്ട്. ഇവരുള്‍പ്പെടെ ആറ് ജീവനക്കാരണ് ക്ലിനിക്കിലുള്ളത്.
മഞ്ചേരിയില്‍ പുതിയ ക്ലിനിക്ക്
ലഹരിയില്‍ നിന്ന് മോചനം തേടാന്‍ നിരവധിപേരാണ് ക്ലിനിക്കിനേയും സംഘടനയേയും സമീപിക്കുന്നത്. ഇതിനെ തുടര്‍ന്ന് സ്ഥാപനം മഞ്ചേരിയിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനായി ഒന്നര ഏക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ സുരക്ഷയോടെ സെന്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് കെട്ടിടം ആവശ്യമാണ്. ഇതിന് സമുനസുകളുടെ സഹായവും തേടുന്നുണ്ട്. സമൂഹത്തിന്റെ, സമുദായത്തിന്റെ ആവശ്യമായി ക്ലിനിക്കിനെ വിപുലപ്പെടുത്താനാണ് തീരുമാനം.
ലഹരിയില്‍ നിന്ന് മോചനം നേടുന്നവര്‍ക്ക് ഒരു ജീവിത ഉപാധി കൂടി ഒരുക്കുക എന്ന ലക്ഷ്യം കൂടി സംഘടനയുടെ പുതുപ്പിറയില്‍ ഉദ്ദേശിക്കുന്നുണ്ട്. ജോലിസ്ഥലത്ത് വച്ചാണ് ലഹരി ഉപയോഗം തുടങ്ങിയതെങ്കില്‍ ചികിത്സയ്ക്ക് ശേഷം വീണ്ടും ഇയാള്‍ ഇതേ ജോലിസ്ഥലത്ത് എത്തുന്നതോടെ ലഹരിക്ക് അടിമയാകും. ഇത്തരം ആളുകള്‍ക്ക് തൊഴില്‍ പരിശീലനം കൂടി നല്‍കുകയാണ് ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."