HOME
DETAILS
MAL
'അനല്ലദീ റആ' സദ്ദാം തടവറകള്‍ കഥ പറയുന്നു
backup
February 14 2021 | 03:02 AM
മനുഷ്യാവകാശ ലംഘനങ്ങളുടെ ആധിക്യത്തിന്റെ പേരില്‍ കുപ്രസിദ്ധമാണ് പല അറബ് സ്വേച്ഛാധിപത്യ രാജ്യങ്ങളും. അതുകൊണ്ടാണോ എന്നറിയില്ല അറബിയില്‍ സമൃദ്ധമായൊരു 'തടവറ സാഹിത്യ'ശാഖ തന്നെയുണ്ട്. ഇക്കൂട്ടത്തില്‍ ഇറാഖിലെ ബഅസ് സോഷ്യലിസ്റ്റ് ഭരണകൂട ഭീകരതയുടെ ഇരുണ്ട അധ്യായങ്ങള്‍ വിവരിക്കുന്ന കൃതിയാണ് മഹ്മൂദ് സഈദിന്റെ 'അനല്ലദീ റആ' (ഞാനാണ് സാക്ഷി) എന്ന അറബി നോവല്‍. ഭരണകൂടത്തിന് അനഭിമതനായൊരു വ്യക്തിയുടെ പേരുമായി സാദൃശ്യമുണ്ടായതിന്റെ യാദൃച്ഛികത നിരപരാധിയായൊരു മനുഷ്യനെ തടവറയുടെ ഇരുളിലേക്കും മൃഗീയമായ പീഡനങ്ങളിലേക്കും വലിച്ചെറിയുന്ന കഥയാണ് നോവല്‍ പറയുന്നത്.
ജീവിതം നോവലാകുമ്പോള്‍
1980-88 കാലയളവില്‍ അരങ്ങേറിയ ഇറാന്‍- ഇറാഖ് യുദ്ധകാലമാണ് പശ്ചാത്തലം. അന്നൊരു തിങ്കളാഴ്ചയായിരുന്നു. മുസ്തഫാ അലി നുഅ്മാന്‍ എന്ന ബസറയിലെ ഹൈസ്‌കൂള്‍ അധ്യാപകനോട് മകള്‍ അബീര്‍ ചോദിക്കുന്നത് പ്രവാചകന്‍ ജനിച്ച ദിവസമല്ലേ, ഇന്നാര്‍ക്കും അനിഷ്ടകരമായ ഒന്നും സംഭവിക്കില്ലെന്ന് പറയുന്നത് ശരിയാണോ ഉപ്പാ എന്നായിരുന്നു. എന്നാല്‍ അന്ന് സ്‌കൂളിലെത്തിയ നുഅ്മാനെ കാത്തിരുന്നത് രണ്ട് രഹസ്യ പൊലിസുകാരായിരുന്നു. കറുത്ത തുണികൊണ്ട് കണ്ണുകള്‍ കെട്ടി കൈകള്‍ പിറകില്‍ വിലങ്ങുവച്ച് അവര്‍ അയാളെ ചോദ്യംചെയ്യാനായി രഹസ്യാന്വേഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ഇറാഖില്‍ നിന്നു സ്വാതന്ത്യം നേടാനാഗ്രഹിക്കുന്ന കുര്‍ദ് വിഭാഗങ്ങള്‍ സദ്ദാം ഹുസൈന്‍ ഭരണകൂടത്തിനെതിരെ ഒളിവില്‍ പോരാടുന്ന കാലമായിരുന്നു അത്. വടക്കന്‍ ഇറാഖിലെ കുര്‍ദ്ഭാഷ സംസാരിക്കുന്ന പ്രദേശത്തുനിന്നു വന്ന മുസ്തഫ അലി ഉസ്മാനല്ലേ നീ എന്നായിരുന്നു രഹസ്യ പൊലിസുകാര്‍ക്ക് നുഅ്മാനോട് ചോദിക്കാനുണ്ടായിരുന്നത്. അല്ലെന്നായിരുന്നു ഉത്തരം. പിന്നീട് ആ മനുഷ്യന് നേരിടേണ്ടി വന്ന കൊടുംക്രൂരതകളുടെ കഥ അയാള്‍ തന്നെ വായനക്കാരോട് പറയുകയാണ്. ഒന്ന് ഇരിക്കാന്‍ പോലും ഇടമില്ലാത്ത, തടവുകാരെക്കൊണ്ട് നിറഞ്ഞൊരു കുടുസായ ജയില്‍മുറിയിലേക്കാണ് നുഅ്മാനെ കൊണ്ടുതള്ളിയത്. സദ്ദാമിന്റെ ബഅസ് പാര്‍ട്ടിയെ വെറുക്കുന്നയാളാണ്, ഭാര്യ ഇറാന്‍ വേരുകളുള്ളവളാണ്... ഇതൊക്കെതന്നെ നുഅ്മാന്‍ ശരിക്കും ഉസ്മാനാണെന്ന് സംശയിക്കാന്‍ ധാരാളമായിരുന്നു. ബസറയിലെ ജയിലുകള്‍ തടവുപുള്ളികളെക്കൊണ്ട് നിറഞ്ഞപ്പോള്‍ വലിയൊരു ട്രക്കില്‍ കയറ്റി നുഅ്മാനടക്കമുള്ളവരെ തലസ്ഥാനമായ ബാഗ്ദാദിലേക്ക് കൊണ്ടുവന്നു. പിന്നീടങ്ങോട്ട് ഇറാഖിന്റെ വിവിധ ഭാഗങ്ങളിലുള്ള ജയിലുകളിലേക്ക് അയാളെ മാറ്റിക്കൊണ്ടേയിരുന്നു. സ്‌കൂളില്‍ പോയ ഭര്‍ത്താവിനെന്ത് സംഭവിച്ചുവെന്നറിയാതെ പൊലിസ് സ്‌റ്റേഷനുകളിലും ആശുപത്രികളിലും കയറി ഇറങ്ങുകയായിരുന്നു നുഅ്മാന്റെ പാവം ഭാര്യ. ഒരുനാള്‍ മോര്‍ച്ചറിയില്‍ കുന്നുകൂടിക്കിടക്കുന്ന ശവശരീരങ്ങള്‍ പരിശോധിക്കുമ്പോഴും അക്കൂട്ടത്തില്‍ തന്റെ പ്രിയതമന്റെ ശരീരമുണ്ടോ എന്നുറപ്പില്ലാത്ത അവസ്ഥയിലായിരുന്നു ആ സ്ത്രീ.
സൃഷ്ടിക്കപ്പെടുന്ന തെളിവുകള്‍
സുലൈമാനിയ്യയിലെ തടവറയില്‍ വച്ചുള്ള ചോദ്യംചെയ്യലിനിടയില്‍ പതിനഞ്ച് വര്‍ഷം മുന്‍പെടുത്ത ഒരു ഫോട്ടോഗ്രാഫായിരുന്നു പ്രധാന തെളിവായത്. ഏതോ ഒരു കാസിനോയില്‍ പോക്കര്‍ കളിക്കുന്ന നുഅ്മാന്റെ പിന്നില്‍ നില്‍ക്കുന്ന പിടികിട്ടാപുള്ളിയുമായി എന്താണ് ബന്ധം എന്നാണ് രഹസ്യ പൊലിസുകാര്‍ക്ക് അറിയേണ്ടിയിരുന്നത്. കുര്‍ദ് സായുധ സംഘമായ പേഷ്മര്‍ഗ ഗറില്ലകളിലൊരാളായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. തനിക്കങ്ങനെ ഒരാളെ അറിയുകയേ ഇല്ല എന്ന മറുപടിയൊന്നും പൊലിസുകാരെ തൃപ്തരാക്കിയില്ല. ക്രൂരമായ പീഡനങ്ങളായിരുന്നു പിന്നീട് അയാളെ കാത്തിരുന്നത്.
നോവലിന്റെ ഏറ്റവും പ്രധാനഭാഗങ്ങളിലൊന്ന് സഹതടവുകാര്‍ പങ്കുവയ്ക്കുന്ന തങ്ങളുടെ അവിശ്വസനീയവും ഭീകരവുമായ കഥകളാണ്. രാജ്യദ്രോഹികളെ കണ്ടെത്താന്‍ കുട്ടികളെ എങ്ങനെ ഉപയോഗിക്കാം എന്നതിന്റെ ക്ലാസിക്കല്‍ ഉദാഹരണമായൊരു സംഭവം തടവുകാരിലൊരാള്‍ നുഅ്മാനുമായി പങ്കുവയ്ക്കുന്നുണ്ട്. ആരുടെയൊക്കെ മാതാപിതാക്കള്‍ക്ക് സദ്ദാമിനെ ഇഷ്ടമാണ്?. സ്‌കൂളിലെ ടീച്ചറിന്റെ ചോദ്യംകേട്ട് ഒരുകുട്ടി ടി.വിയില്‍ പ്രസിഡന്റിന്റെ ചിത്രം കാണിക്കുമ്പോഴെല്ലാം തന്റെ പിതാവ് കാര്‍ക്കിച്ച് തുപ്പാറുണ്ടെന്ന് പറഞ്ഞു. പിന്നീട് ആ കുടുംബത്തിന് സംഭവിച്ചത് ആരും ഓര്‍ക്കാനിഷ്ടപ്പെടാത്ത കാര്യങ്ങളായിരുന്നു. കുടുംബനാഥനെ വധിച്ചിട്ടും കലിതീരാത്ത സദ്ദാമിന്റെ കിങ്കരന്മാര്‍ അവരുടെ വീടുകൂടി ചുട്ടുചാമ്പലാക്കിയിട്ടേ അടങ്ങിയുള്ളൂ.
രാജ്യദ്രോഹികള്‍ ഉ@ാകുന്നത്
രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്ത നിരപരാധികളായ മനുഷ്യരെ പ്രസിഡന്റിന്റെ പാര്‍ട്ടി അംഗമല്ലെന്ന ന്യായത്തില്‍ രാജ്യദ്രോഹികളായി ചിത്രീകരിച്ച് ചിത്രവധം ചെയ്യുന്ന ക്രൂരദൃശ്യങ്ങളാണ് നോവല്‍ തുടര്‍ന്ന് പറയുന്നത്. പച്ചയായ മനുഷ്യാവകാശ ലംഘനങ്ങളും ജനനേന്ദ്രിയങ്ങളില്‍ വൈദ്യുതാഘാതമേല്‍പ്പിക്കുന്നതുപോലുള്ള പൈശാചിക പീഡനങ്ങളും നിറഞ്ഞ അന്തരീക്ഷമാണ് കൃതിയിലാകെ കാണുക. അവസാനമായി ചോദ്യം ചെയ്യാനെത്തുന്നയാളിന് ബസറയോടും ബസറക്കാരോടും ഇഷ്ടമായതുകൊണ്ട് മാത്രം യാദൃച്ഛികതയുടെ തുണയാല്‍ വീണ്ടും നുഅ്മാന്റെ ജീവിതത്തില്‍ പുതിയ അധ്യായം തുറക്കുകയാണ്. ബസറക്കാരനായത് ഇവിടെ അയാള്‍ക്ക് തുണയാകുന്നു. നുഅ്മാന്‍ ഉസ്മാനല്ലെന്നും തങ്ങള്‍ക്ക് തെറ്റുപറ്റിയതാണെന്നും മനസിലാക്കിയിട്ടും പിന്നെയും മാസങ്ങളോളം ജയിലില്‍ തന്നെ കഴിയേണ്ടിവന്നു മോചനത്തിന് മുന്‍പായി. ക്രൂരമായ പീഡനങ്ങള്‍ക്കിടയിലുണ്ടായ മുറിവുകള്‍ ഉണങ്ങേണ്ടതുണ്ടെന്നായിരുന്നു അതിനവര്‍ കണ്ടെത്തിയ ന്യായം.
ഭരണകൂട ഭീകരതയ്ക്കിരയായി ഒന്നുകില്‍ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്യുക, അല്ലെങ്കില്‍ കാലത്തിന് ഉണക്കാനാകാത്ത മുറിവുകളുമായി ജീവനുള്ള ശവമായി കാലം തള്ളിനീക്കുക. ഇത്തരത്തിലുള്ള വിധി നേരിടേണ്ടിവന്ന ആയിരങ്ങളുടെ കഥയാണ് മഹ്മൂദ് സഈദിന്റെ 'അനല്ലദീ റആ' പങ്കുവയ്ക്കുന്നത്. സമകാലിക ഇറാഖി നോവല്‍ ശാഖയിലെ ശ്രദ്ധേയമായ ശബ്ദങ്ങളിലൊന്നാണ് സഈദ്. അദ്ദേഹത്തിന്റെ ജീവിതത്തില്‍ യഥാര്‍ഥത്തില്‍ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ആത്മകഥാസ്പര്‍ശമുള്ള ഈ കൃതി എഴുതപ്പെടുന്നത്. നോവലിലെ നായകകഥാപാത്രമായ നുഅ്മാനെപ്പോലെ സ്‌കൂളില്‍ ജോലികിട്ടി ഒരാഴ്ചയ്ക്കുള്ളില്‍ അറസ്റ്റ് ചെയ്യപ്പെട്ട ചരിത്രമാണ് നോവലിസ്റ്റിനുമുള്ളത്. ബഅസ് പാര്‍ട്ടിക്കാരനല്ല, ഭരണകൂടത്തിന് സ്വീകാര്യമല്ലാത്തത് എഴുതുന്നു തുടങ്ങിയ കുറ്റങ്ങളുടെ പേരില്‍ സഈദ് അറസ്റ്റ് ചെയ്യപ്പെട്ടത് ഒന്നും രണ്ടുമല്ല; ആറ് തവണയാണ്. ഒരുകാലത്ത് സോഷ്യലിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായിരുന്നെങ്കിലും സദ്ദാമിന്റേയും ബഅസ് പാര്‍ട്ടിയുടേയും ഭീകരതകള്‍ സഈദിനെ പാര്‍ട്ടിവിരുദ്ധനാക്കുകയായിരുന്നു. സ്വന്തം മകളെ കാറിടിച്ചു കൊലപ്പെടുത്താനുള്ള ശ്രമങ്ങള്‍ പോലും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായതായി അദ്ദേഹം വിശ്വസിക്കുന്നു.
പ്രസിദ്ധീകരണ വിലക്കും
1980ലായിരുന്നു മഹ്മൂദ് സഈദ് അവസാനമായി അറസ്റ്റ് ചെയ്യപ്പെട്ടത്. ആറ് മാസം നീണ്ട ആ തടവ് കാലത്തിനിടയ്ക്ക് പല തടവറകളില്‍ മാറ്റിപ്പാര്‍പ്പിക്കപ്പെടുന്നതിനിടയില്‍ താന്‍ കണ്ട ക്രൂരകൃത്യങ്ങളും,സഹതടവുകാരുടെ വിവരണങ്ങളുമാണ് 'അനല്ലദീ റആ' എന്ന മാസ്റ്റര്‍ പീസ് രചനയിലേക്ക് നയിച്ചത്. സദ്ദാം ഹുസൈന്റെ നിഷ്ഠൂര സ്വേച്ഛാധിപത്യത്തിന്റെ ചുരുളഴിക്കുന്ന ഈ നോവല്‍ ഇറാഖില്‍ പ്രസിദ്ധീകരിക്കാനായില്ല. ഭരണകൂടത്തിന് അനഭിമതമായതൊന്നും അക്കാലത്ത് അച്ചടിമഷി പുരളാന്‍ അനുവദിക്കപ്പെട്ടിരുന്നില്ല. ഇതിനെത്തുടര്‍ന്ന് 1981ല്‍ സഈദ് സിറിയയിലേക്ക് പോയി. ആത്മകഥാംശമുള്ള നോവലിലെ പ്രധാനകഥാപാത്രമായ മുസ്തഫാ അലി നുഅ്മാന്‍ എന്ന പേരിലായിരുന്നു നോവലിസ്റ്റിന്റെ പേര് സിറിയയില്‍ പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ അച്ചടിച്ചുവന്നത്. എന്നാല്‍ ബഅസ് പാര്‍ട്ടി അനുഭാവിയായ സിറിയന്‍ അറബ് സാഹിത്യ സംഘത്തിന്റെ സമ്മര്‍ദ്ധം കാരണം നോവലില്‍ നിന്നു രണ്ടധ്യായങ്ങള്‍ മുറിച്ചുമാറ്റപ്പെട്ടു. സദ്ദാമിന്റെ ജയിലറകളെക്കുറിച്ചുള്ളതായിരുന്നു ആ രണ്ടധ്യായങ്ങള്‍. പിന്നീട് പതിറ്റാണ്ടുകള്‍ കഴിഞ്ഞ് 2006ലാണ് കൈറോയില്‍ നോവലിസ്റ്റിന്റെ യഥാര്‍ഥ പേരില്‍ ഈ കൃതി പൂര്‍ണരൂപത്തില്‍ അച്ചടിക്കപ്പെട്ടത്.
നോവല്‍ ചര്‍ച്ചയാവുന്നു
2003ല്‍ 'സദ്ദാം സിറ്റി' എന്ന പേരില്‍ ഇംഗ്ലീഷ് വിവര്‍ത്തനം പുറത്തിറങ്ങിയതോടെ ഈ കൃതി ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. അമേരിക്കയിലെ ലേക്ക് ഫോറസ്റ്റ് സര്‍വകലാശാലയിലെ പ്രൊഫസര്‍ അഹ്മദ് സാദ്രിയായിരുന്നു വിവര്‍ത്തകന്‍. 2005ല്‍ ഇറ്റാലിയന്‍ വിവര്‍ത്തനവുമുണ്ടായി. 'സദ്ദാം സിറ്റി'യെന്ന പേരില്‍ തന്നെ ഈ നോവല്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് പ്രമുഖ പരിഭാഷകനായ എസ്.എ ഖുദ്‌സിയാണ്. 2018ല്‍ കോഴിക്കോട് ലിപി പബ്ലിക്കേഷനായിരുന്നു മലയാള പരിഭാഷ പ്രസിദ്ധീകരിച്ചത്. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള 'ദി ലൈബ്രറി തിങ്' വെബ്‌സൈറ്റ് ലോകസാഹിത്യത്തിലെ ഏറ്റവും മികച്ച എഴുപതു നോവലുകളിലൊന്നായി ഈ കൃതിയെ തിരഞ്ഞെടുത്തിട്ടുണ്ട്.
ഇരുപതിലേറെ അറബി നോവലുകളുടേയും കഥാസമാഹാരങ്ങളുടേയും രചയിതാവായ മഹ്മൂദ് സഈദ് 2014 ഓഗസ്റ്റില്‍ കേരള സാഹിത്യ അക്കാദമി തൃശ്ശൂരില്‍ സംഘടിപ്പിച്ച മലയാളം- അറബി അന്താരാഷ്ട്ര സാഹിത്യ സമ്മേളനത്തില്‍ ആദരിക്കപ്പെട്ട അറബ് എഴുത്തുകാരില്‍ ഒരാളായിരുന്നു. ഒരാഴ്ച കഴിഞ്ഞ് കോഴിക്കോട് സര്‍വകലാശാല അറബി വിഭാഗം സംഘടിപ്പിച്ച അന്തര്‍ദേശീയ അറബിക് സെമിനാറിനിടയില്‍ മഹ്മൂദ് സഈദുമായി അല്‍പം സംസാരിക്കാനുള്ള അവസരം ലഭിച്ചതോര്‍ക്കുന്നു. അന്നദ്ദേഹം അവസാനം പറഞ്ഞതിങ്ങനെയായിരുന്നു: 'ഇന്നത്തെ ഇറാഖിന്റെ അവസ്ഥ വച്ചുനോക്കുമ്പോള്‍ സദ്ദാമിന്റെ കാലം എത്രയോ ഭേദമെന്ന് തോന്നുന്നു. സദ്ദാമിന്റെ കാലത്ത് ഞങ്ങള്‍ക്ക് ഒന്ന് മാത്രമേ നഷ്ടപ്പെട്ടിരുന്നുള്ളൂ, സ്വാതന്ത്ര്യം. എന്നാല്‍ ഇന്നത്തെ ഇറാഖില്‍ എവിടെത്തിരിഞ്ഞാലും ഒന്നേ കാണാനുള്ളൂ, മരണത്തിന്റെ ഭീകരമുഖം!'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."