കർണാടകയിലെ ഹിജാബ് വിലക്ക് ഹൈക്കോടതിയിൽ വാദം ഇന്നും തുടരും
ബംഗളൂരു
കർണാടകയിൽ വിദ്യാർഥിനികൾ ഹിജാബ് ധരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നത് വിലക്കിയതിനെതിരേയുള്ള ഹരജികളിൽ ഹൈക്കോടതിയിൽ വാദം ഇന്നും തുടരും. കഴിഞ്ഞ ദിവസങ്ങളിലും ഇന്നലെ ഉച്ചയ്ക്കു ശേഷവും വാദംകേട്ട കോടതി, ഹരജികൾ ഇന്നു പരിഗണിക്കാനായി മാറ്റുകയായിരുന്നു. ചീഫ് ജസ്റ്റിസ് ഋതുരാജ് അശ്വതി, ജസ്റ്റിസുമാരായ കൃഷ്ണ എസ്. ദീക്ഷിത്, ജെ.എം ഖാസി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജികൾ പരിഗണിക്കുന്നത്. ഒരേ വിഷയത്തിൽ ഒരു വിദ്യാർഥിനി രണ്ട് ഹരജികൾ സമർപ്പിച്ചിരുന്നതിൽ ഒന്ന് ഇന്നലെ പിൻവലിച്ചു. ഒരേ വിഷയത്തിൽ ഒരേ ആൾക്കായി രണ്ട് അഭിഭാഷകരെ കേൾക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. സ്‌കൂൾ യൂനിഫോമിന്റെ നിറത്തിനു ചേരുന്ന ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ഇന്നലെയും ഹരജിക്കാർ കോടതിയിൽ ആവശ്യപ്പെട്ടു.
സർക്കാർ ഉത്തരവിൽ ഹിജാബ് നിരോധനത്തെക്കുറിച്ച് വ്യക്തമായി പറയുന്നില്ലെന്നും ഹിജാബ് നിരോധിക്കാൻ കോളജ് വികസന സമിതിക്ക് അധികാരമില്ലെന്നും അഭിഭാഷകനായ രവിവർമ കുമാർ വ്യക്തമാക്കി.
എല്ലാവരുടെയും മതപരമായ അവകാശങ്ങളെ അനുവദിച്ചു കൊടുക്കുന്നതും ബഹുമാനിക്കുന്നതുമാണ് ഇന്ത്യയുടെ മതേതരത്വമെന്ന് അഭിഭാഷകനായ ദേവദത്ത് കാമത്ത് ചൂണ്ടിക്കാട്ടി. ദക്ഷിണാഫ്രിക്കയിൽ ഹിന്ദു വിദ്യാർഥിനിക്ക് മൂക്കുത്തി ഉപയോഗിക്കാൻ അനുമതി നൽകിയ കോടതി ഉത്തരവും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നടപ്പാക്കാൻ സർക്കാരിനു ബാധ്യതയുണ്ടെന്നു നിയമസഭയിൽ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."