HOME
DETAILS
MAL
നിറങ്ങളുടെ കാന്‍വാസിനുമപ്പുറം
backup
February 14 2021 | 03:02 AM
വര്‍ഷത്തേക്കായി ജനുവരിയില്‍ കേരള ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ അവതരിപ്പിച്ച സാമ്പത്തിക ബജറ്റിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. അതിന്റെ വ്യത്യസ്ത ഭാഗങ്ങളിലെ പുറംചട്ടകള്‍ തയ്യാറാക്കിയിരിക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളുടെ കലാവിരുതുകള്‍ കൊണ്ടായിരുന്നു. മലയാളി വിദ്യാര്‍ഥികള്‍ക്കായി നടത്തിയ മത്സരത്തില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ വിദ്യാലയങ്ങളില്‍ നിന്നുള്ള കുട്ടികളുടെ വരകള്‍ ബജറ്റിന്റെ കവറില്‍ ചാരുതയേകിയപ്പോള്‍ ഇന്ത്യയ്ക്ക് പുറത്തുനിന്ന് ഒരേ ഒരു പെയ്ന്റിങ് ഇടംപിടിച്ചു. അത് ബജറ്റിന്റെ എക്‌സ്‌പെന്റീച്ചര്‍ റിവ്യൂ കമ്മിറ്റിയുടെ പുറംചട്ടയില്‍ അച്ചടിച്ചുവന്നു. ഈ കലാകാരിയെ അന്വേഷിച്ച് പോയപ്പോള്‍ ചെന്നെത്തിയത് യു.എ.ഇ അജ്മാനിലെ ഹാബിറ്റാറ്റ് സകൂളിലെ രണ്ടാം ക്ലാസ് റൂമിലാണ്. ഹാബിറ്റാറ്റിന്റെ അഭിമാന സന്തതികളില്‍ ഒരാളായി നിയാ മുനീര്‍ മാറിയിരിക്കുന്നു. ധനമന്ത്രി തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ നിയാ മുനീറെന്ന കൊച്ചു കലാകാരിയുടെ പേര് പുറത്തെത്തിയപ്പോള്‍ അഭിനന്ദന പ്രവാഹവുമായി ഗള്‍ഫില്‍ നിന്നും നാട്ടില്‍ നിന്നും ഒത്തിരി വിശിഷ്ട വ്യക്തികളും മാധ്യമങ്ങളും അവിടെയെത്തിരുന്നു.
പ്രൊഫഷണല്‍ ടച്ച്
വരയാണ് നിയയുടെ ലോകം. ബാപ്പ ഡിസൈനറും ഉമ്മ ഒരു കമ്പനിയിലെ ജോലിക്കാരിയും. അത്ഭുതങ്ങള്‍ വിളയുന്ന വരയാണ് നിയയുടെ കാന്‍വാസില്‍ വിരിയുന്നത്. രണ്ടാം ക്ലാസുകാരിയുടെ കളിക്കപ്പുറം പക്വതയുള്ള ഏതോ കലാകാരിയുടെ ചിത്രങ്ങളെന്ന് തോന്നിപ്പോവും. പല മാനങ്ങള്‍ നല്‍കുന്ന ചിത്രങ്ങളും കൂട്ടത്തിലുണ്ട്. മലയാളി വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ നടത്തിയ മത്സരത്തിലേക്ക് വിദേശത്ത് നിന്ന് ഈ കുഞ്ഞു കലാകാരിയുടെ വരയെത്തുമ്പോള്‍ ഒരിക്കലും പ്രതീക്ഷിച്ചുകാണില്ല ഈ വിജയം. 55,000ന് മുകളില്‍ എന്‍ട്രികളാണ് പല വിഭാഗത്തിലായി മത്സരത്തിലെത്തിയതെങ്കിലും വളരെ മേന്മയേറിയ ഒന്‍പതെണ്ണം മാത്രം അവസാനം തെരഞ്ഞെടുക്കപ്പെട്ടു. അതില്‍ കൈയ്യൊപ്പ് ചാര്‍ത്താന്‍ ഈ കുഞ്ഞു കലാകാരിക്ക് സാധിച്ചു.
സ്‌കൂളില്‍ നിയാ മുനീറിന്റെ പേരില്‍ മാത്രം ഒരു എക്‌സിബിഷന്‍ അരങ്ങേറിയിരുന്നു. അവള്‍ വരച്ചുതീര്‍ത്ത ചിത്രങ്ങള്‍ മാത്രമാണ് പ്രദര്‍ശനത്തിനുണ്ടായത്. കൊറോണയ്ക്കിടയില്‍ നടന്ന ഈ പ്രദര്‍ശനത്തിലും ഒരുപാട് പേരാണ് അത് കാണാനായെത്തിയത്. പല അര്‍ഥങ്ങളും ആശയങ്ങളും വിളിച്ചോതുന്ന ചിത്രങ്ങള്‍. ഓരോന്ന് കാണുമ്പോഴും ഒന്നിനൊന്ന് മികച്ചതായിരുന്നു.
മന്ത്രിയുടെ
വിളിയെത്തിയപ്പോള്‍
വീട്ടില്‍ അവള്‍ക്ക് വേണ്ടി തയ്യാറാക്കിയിരിക്കുന്ന കാന്‍വാസില്‍ ഒഴിവു സമയങ്ങളില്‍ പെയിന്റിങ് തന്നെയാണ് ഈ കൊച്ചു കലാകാരിയുടെ ഹോബി. സാധാരണ മൊബൈലിലും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളിലും നേരം കളയുന്ന കുട്ടികള്‍ക്കിടയില്‍ നിയയെ വ്യത്യസ്തമാക്കുന്നതും ഇതു തന്നെയാണ്. കൊച്ചുകുട്ടികളുടെ സാധാരണ കളി പോലെ കണ്ടിരുന്ന മാതാപിതാക്കള്‍ അത് കാര്യമായെടുത്തിരുന്നില്ല. നിയയുടെ ആഗ്രഹത്തിന് എതിരൊന്നും നില്‍ക്കാത്ത ഉമ്മയും വാപ്പയും പ്രോത്സാഹനമെന്നോണം ഇവളുടെ വരകളൊക്കെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. ഒരു സുഹൃത്ത് വഴി ആ പേജിന്റെ ലിങ്ക് മത്സരത്തിനെത്തുകയും അവര്‍ അതില്‍ നിന്നു ചിത്രം തെരഞ്ഞെടുക്കുകയുമായിരുന്നു. ധനമന്ത്രി തോമസ് ഐസക്കിന്റെ നേരിട്ടുള്ള വിളിയെത്തിയപ്പോള്‍ അത്ഭുതത്തോടെയാണ് അവര്‍ സംസാരിച്ചത്. നാട്ടിലെത്തുമ്പോള്‍ വരണമെന്ന പ്രത്യേക ക്ഷണവും നിയയ്ക്കും കുടുംബത്തിനും ധനമന്ത്രി നല്‍കിയിട്ടുണ്ട്.
കഴിവ് ജന്മസിദ്ധം
ഷാര്‍ജയിലെ താമസക്കാരനായ വാപ്പ മുനീര്‍ മലപ്പുറം തിരൂര്‍ സ്വദേശിയാണ്. ഉമ്മ എറണാകുളം തൃപ്പൂണിത്തുറ സ്വദേശിനിയും. മകള്‍ മൂന്നാം വയസ് മുതല്‍ കാര്‍ട്ടൂണ്‍ കണ്ടാണ് വര തുടങ്ങിയതെന്ന് വാപ്പ മുനീര്‍ പറയുന്നു. ജോലിക്ക് പോവുമ്പോള്‍ നിയയെ അയച്ചിരുന്ന ബേബീ സിറ്റിങ്ങിലെ അധ്യാപികയും ഒരിക്കല്‍ ഇവരോട് അവളുടെ വരയെക്കുറിച്ച് അറിയിച്ചിരുന്നു. പിന്നീട് അതിനായി ഒരു ക്യാന്‍വാസും വീട്ടില്‍ ഒരുക്കി. 50ന് മുകളില്‍ പ്രഫഷണലിസം തോന്നുന്ന പെയിന്‍ിങ്ങുകള്‍ ഇതിനോടകം നിയ വരച്ചുതീര്‍ത്തിട്ടുണ്ട്. നിയാസ് ഫണ്‍ലോഗ് എന്ന പേരില്‍ യൂട്യൂബ് ചാനലും അവള്‍ക്ക് സ്വന്തമായുണ്ട്.
ഇച്ചപ്പനും ട്രക്‌സും എന്ന പേരില്‍ കാര്‍ട്ടൂണ്‍ പരമ്പര തന്നെ തയ്യാറാക്കിയിരുന്നു. സ്വന്തത്തെ വിശേഷിപ്പിക്കുന്നതാണ് ഇച്ചപ്പന്‍. കൂടെ വീട്ടിലെ വളര്‍ത്തുനായ റഗ്‌സുമാണ് കാര്‍ട്ടൂണ്‍ പരമ്പരയിലെ താരങ്ങള്‍. പുതിയ താമസസ്ഥലത്തേക്ക് മാറിയപ്പോള്‍ കെട്ടിടത്തിന്റെ നിയമങ്ങള്‍ മൂലം പട്ടിക്കുട്ടിയെ ഒഴിവാക്കിയ സങ്കടം ഇപ്പോഴും നിയയുടെ മുഖത്തുണ്ട്. കൊറോണ കാലമൊന്ന് കഴിയാന്‍ കാത്തിരിക്കുകയാണ് മാതാപിതാക്കള്‍. മകളുടെ ആഗ്രഹം പോലെ വരകളുടെ ലോകത്ത് ഒരത്ഭുതമാക്കണമെന്ന താത്പര്യത്തിലാണ് അവര്‍. കൂടെ മകളുടെ പെയിന്റിങ്ങുകള്‍ വച്ച് പ്രദര്‍ശനമൊരുക്കണമെന്ന ആഗ്രഹവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."