HOME
DETAILS

വ്യക്തിനിയമം: അട്ടിമറിക്കപ്പെടുന്ന ഭരണഘടനാതത്വങ്ങൾ

  
backup
February 16 2022 | 20:02 PM

485245104521-2


ഇന്ത്യ ഒരു പരമാധികാര സോഷ്യലിസ്റ്റ് -മതേതര-ജനാധിപത്യ റിപ്പബ്ലിക്കാണെന്ന് ഭരണഘടനയുടെ ആമുഖത്തിൽ പറയുന്നു. മത വൈവിധ്യങ്ങളുടെയും ബഹുസ്വരതകളുടെയും ആഘോഷമാണ് ഭരണഘടനയുടെ ആമുഖത്തിൽ വിവക്ഷിക്കുന്ന മതേതരത്വം എന്ന ദർശനം. ഭരണഘടനയുടെ മൗലികാവകാശങ്ങളുടെ പട്ടികയിലെ 25 മുതൽ 28 വരെയുള്ള നാല് വകുപ്പുകൾ പൗരന്മാർക്ക് മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്നു.ആർട്ടിക്കിൾ 25 ഇങ്ങനെ പറയുന്നു; 'എല്ലാവർക്കും മനഃസാക്ഷി സ്വാതന്ത്ര്യത്തിനും സ്വതന്ത്രമായി മതത്തിൽ വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഒരുപോലെ അവകാശം ഉള്ളതാകുന്നു'. ഇവിടെ 'ആചരിക്കുന്നതിനും' എന്നു പറയുന്നത് അവരവരുടെ വിശ്വാസരീതി പിന്തുടരുന്നതിനും അത് അനുശാസിക്കുന്ന നിയമങ്ങളും കീഴ്‌വഴക്കങ്ങളും പിന്തുടരുന്നതിനുള്ള അവകാശമാണ്.


ഇന്ത്യയിൽ മതസ്വാതന്ത്ര്യവും ആചാരങ്ങളുമായി ബന്ധപ്പെട്ട ഏതൊരു ചർച്ചയും മതങ്ങളുമായി ബന്ധപ്പെട്ട വ്യക്തിനിയമങ്ങളുമായിക്കൂടി കെട്ടുപിണഞ്ഞു കിടക്കുകയാണ്. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മതേതരത്വത്തെ കുറിച്ച് പ്രഗത്ഭ അഭിഭാഷകനായ ഡോ. രാജീവ് ധവാൻ വിശദീകരിക്കുന്നത് ഇപ്രകാരമാണ്. 'ഇന്ത്യയിൽ ഭരണഘടനാപരമായ മതേതരത്വത്തിനു (Constitutional Secularism) മൂന്നു ഘടകങ്ങളുണ്ട്. ഒന്നാമതായി, വിശ്വാസത്തിനു മാത്രമല്ല, ഒരു മതത്തിന്റെ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും കൂടി സംരക്ഷണം നൽകുന്ന മതസ്വാതന്ത്ര്യം. രണ്ടാമതായി, സാമ്പത്തികമായും അല്ലാതെയുമുള്ള സഹായങ്ങളടക്കമുള്ള ഭരണകൂട ഇടപെടലുകൾക്ക് തടയിടാത്ത മതനിരപേക്ഷത (Neutrality). മൂന്നാമതായി, ചില വിശ്വാസാചാരങ്ങളെ സാമൂഹികനീതി ഉറപ്പുവരുത്തുംവിധം നവീകരിക്കുക (Reformatory Justice)'. ഇവ മൂന്നും ഇന്ത്യൻ ഭരണഘടനയിലെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വകുപ്പുകളുടെ പ്രധാന ലക്ഷ്യമായി അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.


വിശ്വാസാചാരങ്ങളെ / വ്യക്തിനിയമങ്ങളെ സാമൂഹികനീതി ഉറപ്പുവരുത്തുംവിധം നവീകരിക്കുക (Reformatory Justice) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മതസ്വാതന്ത്ര്യത്തിലെ രാഷ്ട്രത്തിന്റെ ഇടപെടൽ തന്നെയാണ്. ഈ ഇടപെടലിനുള്ള അവകാശം മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്ന 25ന്റെ ഉപവകുപ്പായ 25 (2)ൽ ഭരണഘടന രാഷ്ട്രത്തിന് നൽകുന്നുണ്ട്. 25 (2) ഇപ്രകാരം പറയുന്നു 'ഈ അനുഛേദത്തിലെ യാതൊന്നും മതാചരണത്തോട് ബന്ധപ്പെടാവുന്ന സാമ്പത്തികമോ ധനപരമോ രാഷ്ട്രീയമോ ആയ ഏതെങ്കിലും പ്രവർത്തനത്തെയോ മതേതരമായ മറ്റ് ഏതെങ്കിലും പ്രവർത്തനത്തെയോ ക്രമപ്പെടുത്തുന്നതോ നിയന്ത്രിക്കുന്നതോ; സാമൂഹ്യക്ഷേമത്തിനും സാമൂഹ്യപരിഷ്‌കരണത്തിനും അല്ലെങ്കിൽ പൊതുസ്വഭാവമുള്ള ഹിന്ദുമതസ്ഥാപനങ്ങൾ എല്ലാ ഇനത്തിലും വിഭാഗത്തിലും പെട്ട ഹിന്ദുക്കൾക്കും തുറന്നുകൊടുക്കുന്ന വിധം വ്യവസ്ഥചെയ്യുന്നതോ; ആയ നിലവിലുള്ള ഏതെങ്കിലും നിയമം നിർമിക്കുന്നതിൽനിന്ന് രാഷ്ട്രത്തെ തടയുകയോ ചെയ്യുന്നതല്ല'.


1954ലെ ശ്രീരൂർ മഠവുമായി ബന്ധപ്പെട്ട കേസ് മുതൽ ഭരണഘടനയിലെ 25ാമത്തെ വകുപ്പുമായി ബന്ധപ്പെട്ട മതത്തിന്റെ അവകാശങ്ങളിൽ ഇടപെടുന്നതിനും നിർവചിക്കുന്നതിനുമുള്ള ശ്രമങ്ങൾ സുപ്രിംകോടതി നടത്തിയിട്ടുണ്ട്. ശ്രീരൂർ മഠത്തിന്റെ കേസിൽ സുപ്രിംകോടതി പറഞ്ഞത് ഏതെല്ലാം ഘടകങ്ങളാണ് ഒരു മതത്തിന്റെ അനിവാര്യതത്വങ്ങളിൽ ഉൾപ്പെടുക എന്ന് കണ്ടെത്തേണ്ടത് അതതു മതത്തിന്റെ പാഠങ്ങളും തത്വങ്ങളും തന്നെ ഉപയോഗിച്ചുകൊണ്ടാണ്. എന്നാൽ 1961ലെ ദർഗ കമ്മിറ്റി കേസിൽ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട എല്ലാ ആചാരങ്ങളും ഭരണഘടനാസംരക്ഷണത്തിന് അർഹമല്ലെന്ന് സുപ്രിംകോടതി വിധിക്കുകയുണ്ടായി.


പുതിയ വ്യാഖ്യാനങ്ങൾ,
മാറുന്ന ലക്ഷ്യങ്ങൾ


ഹിന്ദു കോഡ് നിയമനിർമാണത്തിലൂടെ ഹിന്ദു വ്യക്തിനിയമങ്ങളിൽ ഏകീകരണം സാധ്യമായതോടെ ആർട്ടിക്കിൾ 44 (ഏക സിവിൽ കോഡ്) വലിയ ചർച്ചകൾക്ക് ഇടം നൽകാതെ ഭരണഘടനയിൽ നിശബ്ദമായി അവശേഷിച്ചു. ഭരണഘടനയുടെ 42ാമത്തെ ഭേദഗതി (1976 ) വഴി ഇന്ദിരാഗാന്ധി മൗലികാവകാശങ്ങളുടെ മുകളിൽ മാർഗനിർദേശക തത്വങ്ങളെ പ്രതിഷ്ഠിച്ചു ( ആർട്ടിക്കിൾ 25 നേക്കാൾ ഭരണഘടനാപരമായ പ്രാധാന്യം ആർട്ടിക്കിൾ 44ന്) എങ്കിലും ഏകീകൃത സിവിൽ കോഡിൽ ഒരു ഇടപെടലുകളും ഉണ്ടായില്ല. പക്ഷേ 1986 ലെ ശാബാനു ബീഗം കേസിലെ സുപ്രിംകോടതി ഇടപെടലോടെ കാര്യങ്ങൾ എല്ലാം കീഴ്‌മേൽ മറിഞ്ഞു. 1986ൽ ശാബാനു ബീഗം കേസിൽ മുസ്‌ലിം വ്യക്തിനിയമത്തെ ചോദ്യം ചെയ്ത് സുപ്രിംകോടതി വിധി വന്നതോടെ ഭരണഘടനയിലെ മതസ്വാതന്ത്ര്യം അലംഘനീയമല്ലെന്നും മതന്യൂനപക്ഷ അവകാശങ്ങളിലും വ്യക്തിനിയമങ്ങളിലും കോടതിയുടെ ഇടപെടലുകൾ സാധ്യമാണന്നും വാദമുയർന്നു. ശാബാനു ബീഗം കേസോടുകൂടി ഏകീകൃത സിവിൽ കോഡ് മുസ്‌ലിംകളും ക്രിസ്ത്യാനികളും ഉൾപ്പെടെയുള്ള രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ വ്യക്തിനിയമങ്ങളുമായി മാത്രം ബന്ധപ്പെടുത്തി ചർച്ച ചെയ്യാൻ ആരംഭിച്ചു. ശാബാനു ബീഗം കേസിലെ വിധി മറികടക്കാൻ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡിന്റെ ആവശ്യപ്രകാരം പാർലമെന്റിൽ നിയമനിർമാണത്തിന് രാജീവ് ഗാന്ധി സർക്കാർ ശ്രമിച്ചപ്പോൾ അതിനെ മുസ്‌ലിം പ്രീണനമായി ചിത്രീകരിക്കാനും കേന്ദ്ര സർക്കാരിനെതിരേ സാമുദായിക ധ്രുവീകരണം സ്യഷ്ടിക്കുവാനും ആർ.എസ്.എസും സംഘ്പരിവാറും ശ്രമിച്ചു.


ശാബാനു ബീഗം കേസുമുതൽ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്കെതിരേ ഹിന്ദുഭൂരിപക്ഷത്തെ സംഘടിപ്പിക്കാനുള്ള സംഘ്പരിവാറിന്റെ രാഷ്ട്രീയതന്ത്രമായി ഏകീകൃത സിവിൽ കോഡ് മാറി. ജസ്റ്റിസ് സി.ജെ ഭഗവതി 'രാജ്യത്തെ ഒരു വ്യക്തിനിയമങ്ങളും ഭരണഘടനയുടെ മുകളിൽ അല്ല' എന്ന് മേരി റോയി കേസിൽ ഒന്നാമതായി വിധിവാചകം എഴുതിയതിലൂടെ സംഘ്പരിവാറിന്റെ ഏകീകൃത സിവിൽ കോഡിനെ മുന്നിൽനിർത്തിയുള്ള പ്രചാരണത്തിന് മൂർച്ചയും തീവ്രതയും വർധിച്ചു. ശാബാനു ബീഗം കേസു മുതൽ ഇങ്ങോട്ടുള്ള നിരവധി കോടതി ഉത്തരവുകളിലും പാർലമെന്റിന്റെ നിയമനിർമാണങ്ങളിലും മതന്യൂനപക്ഷങ്ങളുടെ വ്യക്തിനിയമങ്ങളിൽ ഗൗരവമായ ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്ന് കാണാം.


ആദ്യം പരിമിതമായ ഇടപെടലുകളാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായതെങ്കിൽ ഇപ്പോൾ പൂർണമായും മതവിഷയങ്ങളിൽ ഇടപെടുന്ന അവസ്ഥയിലേക്ക് കോടതികൾ എത്തിയിരിക്കുന്നു. മുത്വലാഖും അയോധ്യയും ശബരിമലയും ഹിജാബും എല്ലാം ഇന്ന് നിർവചിക്കപ്പെടുന്നത് കോടതികളുടെ ഇടപെടലുകളിലൂടെയാണ്. ശാബാനു ബീഗം കേസ് (1985), മേരി റോയി കേസ് (1986) സരള മുഗ്ദൾ കേസ് (1995), ഫാ. ജോൺ വള്ളമറ്റം കേസ് (2003), മുത്വലാഖ് കേസ് (2017) തുടങ്ങിയ കേസുകളിലൂടെ സുപ്രിംകോടതി എത്തിനിൽക്കുന്നത് ഏകീകൃത സിവിൽകോഡ് നടപ്പിലാക്കിയേ തീരൂ എന്ന വിധികളിലാണ്. കൂടാതെ, 1972 ലെ ഇന്ത്യൻ ക്രിസ്തീയ വിവാഹനിയമം ഭേദഗതി ചെയ്യണമെന്ന വിവിധ ക്രിസ്ത്യൻ വിഭാഗങ്ങളുടെ ആവശ്യം പരിഗണിച്ച് 2001ൽ പാർലമെന്റ് പാസാക്കിയ നിയമം അസാധുവാക്കിയ ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂർ, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചിന്റെ 2016ലെ വിധിയും വ്യക്തിനിയമങ്ങളിലെ കോടതികളുടെ മാറുന്ന സമീപനമായാണ് ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യൻ മാര്യേജ് ആക്റ്റ് പ്രകാരമുളള വിവാഹമോചനം നേടിയാൽ മാത്രമേ മറ്റൊരു വിവാഹം കഴിക്കാൻ പാടുള്ളൂവെന്നും അല്ലാത്തപക്ഷം ഇത്തരം പുനർവിവാഹങ്ങളെ ക്രിമിനൽ കുറ്റമായി കണക്കാക്കുമെന്നുമായിരുന്നു കോടതിയുടെ വിധി. 2001ൽ പാർലമെന്റ് ഭേദഗതി ചെയ്ത ക്രിസ്ത്യൻ വിവാഹ മോചന നിയമത്തിലെ 10(എ) വകുപ്പു പ്രകാരം ക്രിസ്ത്യൻ ദമ്പതികൾക്ക് വിവാഹമോചനം അനുവദിക്കാൻ രണ്ടുവർഷം വേർപിരിഞ്ഞ് താമസിക്കണമെന്ന് വ്യവസ്ഥചെയ്തിരുന്നു. ഇന്ത്യൻ മാര്യേജ് ആക്റ്റ് പ്രകാരം മറ്റു മതവിഭാഗങ്ങളിൽപ്പെട്ടവർക്ക് ഒരു വർഷം പിരിഞ്ഞ് താമസിച്ചാൽ മതിയെന്നിരിക്കേ ക്രിസ്ത്യൻ മതത്തിൽപ്പെട്ടവർക്ക് ഇത് രണ്ടു വർഷമായി ഉയർത്തിയ നിയമത്തെ ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹരജി അംഗീകരിച്ച ഡിവിഷൻ ബെഞ്ച് ഇന്ത്യൻ ക്രിസ്തീയ വിവാഹനിയമത്തിലെ 10 എ വകുപ്പ് അസാധുവാക്കുകയാണ് ചെയ്തത്.
ഏറ്റവും ഒടുവിലായി പള്ളികളിലും ദർഗകളിലും പ്രവേശിക്കുന്നതിന് മുസ്‌ലിം സ്ത്രീകൾക്കുള്ള വിലക്ക്, ദാവൂദി ബോറാ വിഭാഗത്തിലെ സ്ത്രീകളുടെ ചേലാകർമ്മം, സമുദായത്തിന് പുറത്ത് വിവാഹിതരായ പാർസി സ്ത്രീകളുടെ ആരാധനാലയങ്ങളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട വിലക്കുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകൾ എല്ലാം ഒരുമിച്ച് ശബരിമലയിലെ സ്ത്രീപ്രവേശന തർക്കവുമായി ബന്ധപ്പെടുത്തി പൊതുനിഗമനങ്ങളിൽ എത്താൻ ഏഴ് അംഗങ്ങൾ അടങ്ങിയ വിശാല ഭരണഘടനാ ബെഞ്ചിനോട് ആവശ്യപ്പെടുക വഴി ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട ചർച്ചകളിലേക്കും സുപ്രിംകോടതി ചൂണ്ടുവിരൽ നീട്ടുന്നുണ്ട്. ഏക സിവിൽ കോഡിനുവേണ്ടി ശക്തമായി വാദിക്കുന്ന സംഘ്പരിവാർ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളെ സുപ്രിംകോടതിയുടെ ഈ റഫറൻസ് സന്തോഷിപ്പിക്കുന്നുണ്ട് എന്നതിൽ സംശയമില്ല.


തീർച്ചയായും മതവിശ്വാസം വ്യക്തിനിയമം പോലെയുള്ള കാര്യങ്ങളിൽ പുരോഗമനപരമായ കാഴ്ചപ്പാടുകളെ ഭരണഘടനയും കോടതികളും ഉയർത്തിപ്പിടിക്കണമെന്ന കാര്യത്തിൽ സംശയമില്ല. പൊതുസമൂഹവും സ്വാഗതം ചെയ്യുന്നത് അതാണ്. പക്ഷേ ബാധിക്കപ്പെടുന്ന മതവിഭാഗങ്ങളിലെ ഉത്തരവാദപ്പെട്ട സംവിധാനങ്ങളെ പൂർണമായും അവഗണിച്ചുകൊണ്ട് അവരുടെ അഭിപ്രായങ്ങൾക്ക് ഒരു വിലയും കൽപ്പിക്കാതെ വ്യക്തിനിയമങ്ങൾ മുകളിൽനിന്ന് സ്റ്റേറ്റ് അടിച്ചേൽപ്പിക്കുകയാണെങ്കിൽ അത് രാജ്യത്തിന്റെ മതേതര സ്വഭാവത്തിനോ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനോ യോജിച്ചതല്ല. ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് രാജ്യത്തെ ഭരണകൂടം ഇപ്പോൾ സ്വീകരിക്കുന്ന എല്ലാ നിലപാടുകളും ഈ ദിശയിലുള്ളതാണെന്നത് തീർച്ചയായും പ്രതിഷേധാർഹം തന്നെയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എട്ടാമത് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26-ന് തുടക്കം കുറിക്കും

uae
  •  2 months ago
No Image

പൊതുമാപ്പ് 31ന് അവസാനിക്കും; ഇനിയും കാത്തിരിക്കരുതെന്ന് ജി.ഡി.ആർ.എഫ്.എ

uae
  •  2 months ago
No Image

ബഹ്റൈനിൽ കണ്ണൂർ സ്വദേശി ഹ്യദയാഘാതത്തെ തുടർന്ന് മരിച്ചു

bahrain
  •  2 months ago
No Image

ദാന ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് രണ്ട് ദിവസങ്ങളിലെ ആറ് ട്രെയിനുകൾ റദ്ദാക്കി

National
  •  2 months ago
No Image

താല്‍ക്കാലിക തൊഴില്‍ വിസകള്‍ നല്‍കുന്നത് പുനരാംരംഭിക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

ആ പണിയിലും പണി; ഒമാൻ സ്വദേശിവത്കരണം ശക്തമാക്കുന്നു

oman
  •  2 months ago
No Image

ബിഎസ്എന്‍എല്ലിന് പുതിയ ലോഗോ; ' ഇന്ത്യ' മാറ്റി 'ഭാരത്' ആക്കി

latest
  •  2 months ago
No Image

ദുബൈ; അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷ സമ്മേളനത്തിന് ആരംഭം

uae
  •  2 months ago
No Image

കല കുവൈത്ത് മെഗാ സാംസ്‌കാരിക മേള ദ്യുതി 2024 ഒക്ടോബർ 25ന്,മുഖ്യാതിഥി മുരുകൻ കട്ടാക്കട

Kuwait
  •  2 months ago
No Image

മദ്‌റസകളുടെ കാര്യത്തില്‍ മാത്രം എന്തിന് ആശങ്ക?: കേന്ദ്ര ബാലാവകാശ കമ്മീഷന് സുപ്രിംകോടതിയുടെ വിമര്‍ശനം

National
  •  2 months ago