ലോകായുക്ത ഭേദഗതി; മന്ത്രിസഭാ യോഗത്തില്‍ എതിര്‍പ്പറിയിച്ച് സിപിഐ
തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി വിഷയത്തില്‍ മന്ത്രിസഭ യോഗത്തില്‍ എതിര്‍പ്പറിയിച്ച് സി.പി.ഐ. മുന്നറിയിപ്പില്ലാതെ ലോകായുക്ത ഓര്‍ഡിനന്‍സ് കൊണ്ടു വന്നതോടെ ഭേദഗതിയെക്കുറിച്ച് പഠിക്കാനോ രാഷ്ട്രീയ ചര്‍ച്ച നടത്താനോ അവസരം കിട്ടിയില്ലെന്ന് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍ പരാതിപ്പെട്ടു.
എന്നാല്‍ മന്ത്രിസഭാ അജന്‍ഡ നിശ്ചയിക്കുന്ന ക്യാബിനറ്റ് നോട്ട് നേരത്തെ തന്നെ നല്‍കിയിരുന്നുവെന്ന് മുഖ്യമന്ത്രി സിപിഐ മന്ത്രിമാര്‍ക്ക് മറുപടി നല്കി. ക്യാബിനറ്റ് നോട്ടില്‍ നിന്നും ഇക്കാര്യം സിപിഐ മന്ത്രിമാര്‍ അറിയുകയും വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തിട്ടുണ്ടാവും എന്നാണ് കരുതിയതെന്നും അദ്ദേഹം വിശദീകരിച്ചു.
വിഷയം ഒരു തവണ മന്ത്രിസഭാ യോഗം തീരുമാനം എടുക്കാതെ മാറ്റി വെച്ചത് പാര്‍ട്ടികള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ വേണ്ടിയായിരുന്നുവെന്നും രണ്ടാമതും വിഷയം ചര്‍ച്ചയ്ക്ക് എടുത്തപ്പോള്‍ സിപിഐ മന്ത്രിമാര്‍ എതിര്‍പ്പ് അറിയിക്കാതിരുന്നതിനാല്‍ വിഷയത്തോട് സിപിഐ യോജിക്കുന്നുവെന്നാണ് കരുതിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാളെ നിയമസഭ ചേരാനിരിക്കേയാണ് ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ സിപിഐ മന്ത്രിമാര്‍ തങ്ങളുടെ എതിര്‍പ്പ് ഉന്നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."