കമ്പോളച്ചിരികളിലെ ചതിയും ചൂതും
സ് കൂളിൽ ഐ.ടി ഗസ്റ്റ് അധ്യാപകനായി ജോലി ചെയ്യുന്ന ഒരു വ്യക്തി ഭാര്യയുടെ വലിയുമ്മയെ കൊലപ്പെടുത്തിയ കേസ് ചുരുളഴിഞ്ഞപ്പോൾ ഇൗ ക്രൂരതയ്ക്ക് പ്രേരണയായത് ഏകദേശം അൻപത് ലക്ഷത്തോളം രൂപയുടെ സാമ്പത്തിക ബാധ്യതയാണെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അധ്യാപക ജോലിക്കൊപ്പം പണം നേടാനുള്ള കുറുക്കുവഴികൾ തേടി മണി ചെയിൻ പോലുള്ള ഇടപാടുകളിൽ ഇയാൾ സജീവമാവുകയായിരുന്നു. ബന്ധുവിന്റെ സിമന്റ് വ്യാപാരത്തിൽ നിക്ഷേപിക്കാനെന്നും മറ്റും പറഞ്ഞ് നാട്ടുകാരിൽനിന്നും കൂട്ടുകാരിൽ നിന്നുമായാണ് ഇതിനുള്ള പണം കണ്ടെത്തിയത്. താൻ അകപ്പെട്ടിരിക്കുന്നത് വലിയൊരു തട്ടിപ്പിലായിരുന്നെന്ന് പുറത്തറിഞ്ഞതോടെയാണ് അദ്ദേഹത്തിന്റ സാമ്പത്തിക തകർച്ച ആരംഭിക്കുന്നത്. പണം നിക്ഷേപിച്ച് തിരികെ ലഭിക്കാതായതോടെ പണം നൽകിയവരെല്ലാം തനിക്കെതിരായി തിരിഞ്ഞു. പിന്നെ ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യത തീർക്കാൻ പല അടവുകളും പയറ്റേണ്ടിവന്നു. എന്നാൽ അതൊന്നും മതിയാവാതെ വന്നപ്പോഴാണ് ബന്ധുവിന്റെ കൊലപാതകത്തിലേക്ക് വരെ കാര്യങ്ങൾ ചെന്നെത്തിയത്.
പണം ഒരു പ്രഹേളികതന്നെയാണ്. അത് മനുഷ്യനെ വല്ലാതെ മോഹിപ്പിക്കുന്നു. മലയാളിയെ അതിലേറെ പ്രലോഭിപ്പിക്കുന്നു എന്ന് പറയണം. കടം കൊടുക്കാൻ മടിയാണെങ്കിലും കോടികൾ കൊയ്യാമെന്ന് കേട്ടാൽ നിക്ഷേപങ്ങളിലേക്ക് എടുത്തുചാടും. എന്നിട്ടേ വരും വരായ്കളെക്കുറിച്ച് ആലോചിക്കൂ. അപ്പോഴേക്ക് കഴുത്ത് കയറിൽ മുറുകിയിരിക്കും.
കോടികൾ കൊള്ളയടിക്കുന്ന പഴയ മണി ചെയിൻ തട്ടിപ്പ് പുതിയ രൂപത്തിലും ഭാവത്തിലും ആകർഷണീയ നാമങ്ങളിൽ അവതരിപ്പിക്കപ്പെടുന്നുണ്ട്. ആളുകളെ വിശ്വസിപ്പിക്കാനും വീഴ്ത്താനും കാലോചിതമായ ചെപ്പടിവിദ്യകളുമായാണ് ഇവ രംഗപ്രവേശം ചെയ്യുന്നത്. ഓൺലൈൻ വ്യാപാരത്തിലൂടെയാണ് ലാഭമുണ്ടാകുക എന്ന് മോഹിപ്പിച്ച് മെയ്യനങ്ങാതെ ലക്ഷങ്ങൾ സമ്പാദിക്കാമെന്ന സ്വപ്നം പകരുന്നതോടെ ആളുകൾ ആകൃഷ്ടരാകുന്നു. കബളിപ്പിക്കപ്പെട്ടവരുടെ അനുഭവങ്ങളിൽനിന്നോ അത്തരം വാർത്തകളിൽനിന്നോ ഉപദേശങ്ങളിൽനിന്നോ പാഠമുൾക്കൊള്ളാൻ മനസ്സ് അനുവദിക്കില്ല. കാരണം ഈ സംരംഭം മാത്രം സംശുദ്ധമാവാനുള്ള ന്യായങ്ങൾ അവൻ കണ്ടെത്തിയിരിക്കും. അടുത്ത ദിവസങ്ങളിൽ താനും വലിയ മുതലാളിയായി വിലസുന്ന കിനാവുകളിലേക്ക് ചേക്കേറിയിരിക്കും.
ചതിയുടെയും ചൂതാട്ടത്തിന്റെയും ഒരായിരം പതിപ്പുകൾ പ്രച്ഛന്ന വേഷത്തിൽ വ്യാപകമാണ്. മനുഷ്യചാപല്യമായ ധനമോഹവും ആർത്തിയും ചൂഷണം ചെയ്ത് ധനകാര്യസ്ഥാപനങ്ങളും മറ്റും സമർപ്പിക്കുന്ന പലവിധ സംരംഭങ്ങളും കുരുട്ടുകെണികളാണ്. പ്രത്യക്ഷത്തിൽ ഹലാലായവരുമാനമെന്നു തോന്നിപ്പിക്കുകയും എന്നാൽ വക്രവും അവ്യക്തവുമായ രൂപത്തിൽ ഹറാമുമായി കൂട്ടിക്കെട്ടുകയും ചെയ്യുന്ന പദ്ധതികളിൽ അനവധിയാളുകളാണ് വഞ്ചിതരാവുന്നത്. ഇടപാടുകാരുടെ വലയിൽ കുടുങ്ങി വാക്ചാതുരിയിൽ മയങ്ങി പലരും എല്ലാം അപഹരിക്കപ്പെട്ട് ദാരിദ്ര്യത്തിന്റെ അഗാധതയിലേക്ക് ആപതിക്കുമ്പോഴാണ് ഞെട്ടിയുണരുന്നത്.
കമ്പോളകേന്ദ്രീകൃത ലോകമാണിന്ന്. ലോകത്തിന്റെ യുദ്ധവും സമാധാനവും നിയന്ത്രിക്കുന്നത് വാണിജ്യ കുത്തകകളാണെന്നിടത്തേക്ക് കാര്യങ്ങൾ വളർന്നിരിക്കുന്നു. വായുവും വെള്ളവും മാത്രമല്ല ഉറക്കവും സ്വസ്ഥതയും വിൽപന വസ്തുക്കളായിത്തീർന്നിരിക്കുന്നു. അമ്മയെയോ ഗർഭപാത്രമോ വിലയ്ക്ക് വാങ്ങാമെന്നായിരിക്കുന്നു. കൗമാരവും യൗവനവും പുഞ്ചിരിയും കണ്ണീരും ജനനവും മരണവും ബുദ്ധിയും ചിന്തയും വിവേകവും ആത്മീയതയും ചന്തയിൽ നിരത്തിവച്ച വിൽപന വസ്തുക്കൾ.
ധനസമ്പാദനത്തിനു ഏതു നെറികെട്ട മാർഗവും സ്വീകരിക്കുന്ന പ്രവണത വ്യാപകമാണ്. നാലുകാശുകിട്ടുമെങ്കിൽ ആത്മാഹുതി പോലും ചെയ്യാൻ മടിക്കാത്ത മാനസിക രോഗികൾ അതിശയോക്തിക്കപ്പുറം വളർന്നിരിക്കുന്നു. വഞ്ചനയുടെയും പിടിച്ചുപറിയുടെയും ശൈലിയിലേക്ക് കച്ചവടശീലങ്ങൾ നിർബന്ധിത പരിവർത്തനം ചെയ്യപ്പെട്ട അവസ്ഥയാണ്. ഉപഭോക്താക്കളെ കബളിപ്പിച്ചും അവരുടെ പരിചയക്കുറവ് മുതലെടുത്തുമാണ് ഉത്പന്നങ്ങൾ വിറ്റഴിക്കപ്പെടുന്നത്. വിലക്കുറവിന്റെ സ്റ്റിക്കറൊട്ടിച്ച് വില കൂടുതൽ ഈടാക്കിയും ഒന്നിന്റെ വിലയ്ക്ക് മറ്റൊന്നുകൂടി സൗജന്യമായി നൽകുകയാണെന്നു തോന്നിപ്പിക്കുന്നതോടൊപ്പം ഇരട്ടിവില നേടിയും പറ്റിക്കലുകളുടെ പുതുപുത്തൻ അടവുകൾ അനുദിനം വിപണിയിലെത്തുന്നു.
നല്ല മനുഷ്യന് നല്ല സമ്പാദ്യമുണ്ടാകുന്നത് വളരെ ഗുണകരമാണെന്നു നബി(സ്വ) പറഞ്ഞിട്ടുണ്ട് (ഇബ്‌നു ഹിബ്ബാൻ). പാരത്രിക ഗുണത്തിനായി പ്രാർഥിക്കുന്നതിന്റെ മുന്നോടിയായി ഇഹലോക നന്മയ്ക്കും തങ്ങൾ പ്രാർഥിച്ചിരുന്നു. വിശുദ്ധ വ്യവഹാരങ്ങളിലൂടെയും അനുവദനീയ മാർഗത്തിലുള്ള അധ്വാനത്തിലൂടെയും ജീവിതവൃത്തിക്കുള്ള പണം കണ്ടെത്തണമെന്നാണ് അല്ലാഹുവിന്റെ കൽപന. എത്ര സമ്പാദിക്കുന്നതിനും മതം എതിരല്ല. എന്നാൽ അതിനുവേണ്ടി പൈശാചിക മാർഗങ്ങൾ അവലംബിക്കരുത്. 'സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നംവച്ചുനോക്കാനുള്ള അമ്പുകളും പൈശാചിക മ്ലേച്ഛവൃത്തികളത്രെ. അതിനാൽ നിങ്ങൾ അവ വർജിക്കുക. നിങ്ങൾക്ക് വിജയം പ്രാപിക്കാം (അൽ മാഇദ-91).
വാങ്ങണമെന്ന് ഉദ്ദേശ്യമില്ലാതെ ആവശ്യക്കാരനെ വില ഏറ്റിവിളിപ്പിക്കാൻ വേണ്ടി ലേലത്തിൽ പങ്കെടുക്കുന്നവരും ഉപഭോക്താവിനെ വഞ്ചിക്കുക വഴി ചൂതിനാണു കൂട്ടുനിൽക്കുന്നത്. ഇതിന്റെ പല പതിപ്പുകളും ഇന്നു കമ്പോളങ്ങളിൽ സാർവത്രികമായിരിക്കുന്നു. നേരത്തെ പറഞ്ഞുറപ്പിച്ചു നടത്തുന്ന ഇത്തരം നാടകങ്ങൾ ഇസ്‌ലാം നിഷിദ്ധമാക്കിയതാണ്.
ഉത്പന്നങ്ങളുടെ നിർമാണ തീയതിയിലും കാലാവധിയിലും കൃത്രിമത്വം കാണിക്കുന്നവരും വാണിജ്യരംഗത്തെ വഞ്ചകരാണ്. തൊഴിൽ നേടാൻ വേണ്ടി വ്യാജസർട്ടിഫിക്കറ്റുകൾ ഹാജരാക്കി തൊഴിലുടമയെ കബളിപ്പിക്കുന്നവരും സമ്പാദിക്കുന്ന അദ്ധ്വാനഫലം അനുവദനീയമല്ല. ഇല്ലാത്ത ഇല്ലായ്മയും വല്ലായ്മയും അഭിനയിച്ച് കനിവുള്ളവരുടെ നീട്ടം മുതലെടുക്കുന്നവരും വിശുദ്ധിയുടെ ധനമല്ല സമ്പാദിക്കുന്നത്. സമ്പത്തിന്റെ വർധനവും വിശാലതയും പ്രധാനമല്ല. ദൈവികാനുഗ്രഹത്തിന്റെ ആദ്യ അക്കം നഷ്ടമായാൽ എത്രകോടിയും വെറും പൂജ്യങ്ങൾ. ഉള്ളതിന്റെ വിശുദ്ധിയും മനസിന്റെ സ്വസ്ഥതയുമാണ് സമ്പന്നത.
കബളിപ്പിക്കലുകളുടെ സകലമാന വകുപ്പുകളും ഇനങ്ങളും ഇസ്‌ലാം നിരോധിച്ചിട്ടുണ്ട്. വഞ്ചനകളുടെ ലാഞ്ചനയുള്ള ഇടപാടുകൾപോലും നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. പരിശുദ്ധനാണ് അല്ലാഹു. ശുദ്ധമായതല്ലാതെ അവൻ സ്വീകരിക്കുകയില്ല. വിശുദ്ധമായതെന്തും നമുക്കവൻ അനുവദിച്ചു. അശുദ്ധമായത് നിഷിദ്ധമാക്കുകയും അവയിൽനിന്ന് അകലം പാലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. 'നല്ല വസ്തുക്കൾ അവർക്ക് അനുവദനീയമാക്കുകയും ചീത്തവസ്തുക്കൾ അവരുടെമേൽ നിഷിദ്ധമാക്കുകയും ചെയ്യുന്നു' (അൽ അഅ്‌റാഫ് -157).
അല്ലാഹു പറയുന്നു: കൃത്യമായി തുലാസുകൊണ്ട് നിങ്ങൾ തൂക്കുക. ജനങ്ങൾക്ക് അവരുടെ സാധനങ്ങളിൽ നിങ്ങൾ കമ്മിവരുത്തരുത്. നാശകാരികളായിക്കൊണ്ട് നിങ്ങൾ ഭൂമിയിൽ അതിക്രമം പ്രവർത്തിക്കരുത്'(അശ്ശൂറാഅ്-183). 'അളവിൽ കുറയ്ക്കുന്നവർക്ക് മഹാനാശം. അഥവാ ജനങ്ങളോട് അളന്നുവാങ്ങുകയാണെങ്കിൽ തികച്ചെടുക്കുകയും ജനങ്ങൾക്ക് അളന്നുകൊടുക്കുകയോ തൂക്കിക്കൊടുക്കുകയോ ആണെങ്കിൽ നഷ്ടം വരുത്തുകയും ചെയ്യുന്നവർക്ക്. അക്കൂട്ടർ വിചാരിക്കുന്നില്ലേ, തങ്ങൾ ഭയങ്കരമായ ഒരു ദിവസത്തിനായി എഴുന്നേൽപ്പിക്കപ്പെടുന്നവരാണെന്ന്. ലോകരക്ഷിതാവിലേക്ക് ജനങ്ങൾ എഴുന്നേറ്റുവരുന്ന ദിനം(അൽ മുത്വഫിഫീൻ -1-6). വിഹ്വലതകളും ഭയാനകതകളും നിറഞ്ഞ ഉയിർത്തെഴുന്നേൽപ്പിന്റെ നാളിൽ വിചാരണ ചെയ്യപ്പെടുമെന്നു വിശുദ്ധ ഖുർആൻ മുന്നറിയിപ്പു നൽകുകയാണ്. ധനം ഏതു മാർഗത്തിലൂടെ സമ്പാദിച്ചുവെന്നും ആരെയൊക്കെ വഞ്ചിച്ചുവെന്നും ചോദ്യം ചെയ്യപ്പെടുന്ന നാളിൽ തന്റെ വഞ്ചനകളുടെ ഇരകൾക്ക് പകരം നൽകാൻ അവൻ ബാധ്യസ്ഥനാകും.
ഉത്പന്നത്തിന്റെ നിലവാരക്കുറവും ന്യൂനതയും പൂഴ്ത്തിവച്ച് വിൽപന നടത്തുന്നത് വഞ്ചനയാണ്. ഗുണനിലവാരമുള്ളത് പ്രദർശിപ്പിച്ച് അത് വിൽപന നടത്തുന്ന സ്ഥാനത്ത് മൂല്യം കുറഞ്ഞതും മോശമായതുമായ വസ്തു പകരം വയ്ക്കുന്നത് ചതിയാണ്. വിൽപനയ്ക്കുവച്ച ഭക്ഷണ ശേഖരത്തിനരികിലൂടെ നടന്നുനീങ്ങിയ നബി(സ്വ) തങ്ങൾ അതിൽ കൈ പ്രവേശിപ്പിച്ചപ്പോൾ ഉള്ളിൽ നനവുണ്ടെന്നറിഞ്ഞു. മഴകൊണ്ട് നനഞ്ഞതാണെന്നായിരുന്നു കച്ചവടക്കാരന്റെ വിശദീകരണം. നബി(സ്വ)പറഞ്ഞു: എങ്കിൽ എന്തുകൊണ്ട് നീ അത് മുകളിൽ പ്രദർശിപ്പിച്ചില്ല? പൂഴ്ത്തിവയ്ക്കുന്നവൻ എന്നിൽപ്പെട്ടവനല്ല (മുസ്‌ലിം). മറ്റൊരിക്കൽ തങ്ങൾ പറഞ്ഞു: ''കുതന്ത്രവും ചതിയും നരകത്തിലാണ്'' (ബൈഹഖി).
കച്ചവടമെന്നത് മനപ്പൊരുത്തമാണ്. അറിഞ്ഞും പറഞ്ഞുമുള്ള ഇഷ്ടക്കൈമാറ്റമാണ്. മറച്ചും ഒളിപ്പിച്ചുമുള്ള വിൽപന അപഹരണമാണ്. അതുവഴിയുള്ള സമ്പാദ്യം മലിനമാണ്. അത്തരം ക്രയവിക്രയങ്ങൾ ഭക്ഷണവും രക്തവും മലിനമാവാൻ ഇടവരുത്തും. 'സത്യവിശ്വാസികളേ, നിങ്ങൾ പരസ്പരം സംതൃപ്തിയോടുകൂടി നടത്തുന്ന കച്ചവട ഇടപാടു മുഖേനയല്ലാതെ നിങ്ങളുടെ സ്വത്തുകൾ അന്യായമായി നിങ്ങളന്യോന്യം എടുത്തുതിന്നരുത് (അന്നിസാഅ് -29).
വിപണിയിൽ പേരും പെരുമയും നേടിയ ഉത്പന്നങ്ങളുടെയോ കമ്പനികളുടെയോ എംബ്ലങ്ങളും ചിഹ്നങ്ങളും ദുരുപയോഗം ചെയ്ത് വ്യാജ ഉത്പന്നങ്ങൾ പുറത്തിറക്കുന്നത് ഒരേസമയം രണ്ടുതരം വഞ്ചനയാണ്. യഥാർഥ കമ്പനിയുടെ ഉടമകളെ വഞ്ചിക്കുന്നതോടൊപ്പം ഉപഭോക്താക്കളെ കൂടി കബളിപ്പിക്കുയാണിതു വഴി. ഇടപാടുകളിൽ സത്യസന്ധത പ്രത്യക്ഷത്തിൽ നഷ്ടക്കച്ചവടമാണെന്ന് തോന്നിപ്പിക്കുന്നുവെങ്കിലും അപ്രതീക്ഷിത വിജയവും നേട്ടവുമാവും അതു നേടിത്തരിക. കബളിപ്പിക്കുക വഴി താൽക്കാലിക ലാഭം കാണുന്നുവെങ്കിലും അവിചാരിത നാശനഷ്ടങ്ങളിലേക്കാവും അത് ചെന്നെത്തിക്കുക. ദൈവാനുഗ്രഹത്തിലാണ് ബിസിനസിന്റെ വിജയം.
പ്രവാചകർ(സ്വ) പറഞ്ഞു: ഇടപാടുകാരിൽ ഇരുകൂട്ടർക്കും വിട്ടുപിരിയും മുമ്പ് ഇഷ്ടം പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അവർ സത്യസന്ധത പുലർത്തുകയും നേരാംവണ്ണം വിശദീകരിക്കുകയും ചെയ്താൽ ഇരു കൂട്ടർക്കും അവരുടെ ഇടപാടിൽ അനുഗ്രഹം ചെയ്യപ്പെടുന്നതാണ്. എന്നാൽ അവർ മറച്ചുവയ്ക്കുകയും വ്യാജം പറയുകയും ചെയ്താൽ അവരുടെ ഇടപാടിന്റെ അനുഗ്രഹം മായ്ക്കപ്പെടുന്നതാണ് (ബുഖാരി).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."