സി.എ.എ വിരുദ്ധ സമരക്കാരോട് യു.പി ചെയ്തത്
ഡൽഹി നോട്സ്
കെ.എ സലിം
'നിങ്ങൾ തന്നെ പരാതിക്കാരൻ, നിങ്ങൾ തന്നെ പ്രോസിക്യൂട്ടർ, നിങ്ങൾ തന്നെ വിധി പറയുന്ന ജഡ്ജിയും... ഇതെങ്ങനെ ശരിയാകും?'- ഉത്തർപ്രദേശ് സർക്കാരിനോട് ഇങ്ങനെ ചോദിച്ചത് സുപ്രിംകോടതിയാണ്. പൗരത്വനിയമ ഭേദഗതിക്കെതിരായ സമരത്തിൽ പങ്കെടുത്തവരുടെ സ്വത്തു കണ്ടുകെട്ടുന്നതിനെ ചോദ്യം ചെയ്തുള്ള കേസിലായിരുന്നു ഈ ചോദ്യം. ജനാധിപത്യരീതിയിൽ സമരം ചെയ്തതിന് സ്വത്ത് കണ്ടുകെട്ടാൻ നിങ്ങൾക്കെങ്ങനെയാണ് അധികാരമുണ്ടാകുന്നതെന്നും സുപ്രിംകോടതി ചോദിച്ചു. 2019 ഡിസംബറിലെ പൗരത്വസമരത്തിൽ പങ്കെടുത്തുവെന്ന ഒറ്റക്കാരണത്താൽ 500 ലധികം സ്വത്ത് കണ്ടുകെട്ടാനുള്ള നോട്ടിസുകളാണത്രെ യു.പി സർക്കാർ പുറപ്പെടുവിച്ചത്. 10 ജില്ലകളിൽ നിന്നായി 3.55 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായെന്നാണ് യു.പി സർക്കാരിന്റെ കണക്ക്. ഇതെല്ലാം സമരക്കാരിൽനിന്ന് ഈടാക്കുകയാണ് പദ്ധതി.
രാജ്യത്തെവിടെയും പോലെ സമാധാനപരമായിരുന്നു യു.പിയിലെയും പൗരത്വനിയമത്തിനെതിരായ സമരം. പൊതുമുതൽ നശിപ്പിച്ചതും അക്രമമുണ്ടാക്കിയതും വെടിവച്ചതും ആളുകളെ കൊന്നതുമെല്ലാം പൊലിസാണ്. സമരക്കാർക്കെതിരേ 350 എഫ്.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്തത്. 23 പേർ കൊല്ലപ്പെട്ടു. തിരിച്ചറിയുന്ന 5000 പേർക്കെതിരേയും തിരിച്ചറിയാത്ത ഒരു ലക്ഷം പേർക്കെതിരേയും കേസെടുത്തു. 3000 പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവർ കസ്റ്റഡിയിൽ ക്രൂരപീഡനത്തിനിരയായി. സമരം തുടങ്ങിയ 2019 ഡിസംബർ 19ന് 3305 പേരെ കസ്റ്റഡിയിലെടുത്തു. രണ്ടു ദിവസംകൊണ്ട് എണ്ണം 5400 ആയി. ഇവർക്കും ക്രൂരപീഡനമേൽക്കേണ്ടിവന്നു. അധികം വൈകാതെ ഇവർക്കെല്ലാം സ്വത്ത് കണ്ടുകെട്ടൽ നോട്ടിസ് ലഭിക്കുകയും ചെയ്തു. പൊലിസ് കൊലപ്പെടുത്തിയവരുടെ ബന്ധുക്കൾക്കു വരെ കണ്ടുകെട്ടൽ നോട്ടിസയച്ചു.
ബിജ്‌നോറിൽ കൊല്ലപ്പെട്ട 22കാരൻ മുഹമ്മദ് അനസിൻ്റെ കണ്ണിനാണ് വെടിയേറ്റിരുന്നത്. നെഞ്ചിലേറ്റ വെടിയാണ് 20കാരൻ മുഹമ്മദ് സുലൈമാന്റെ ജീവനെടുത്തത്. ഫിറോസാബാദിൽ കൊല്ലപ്പെട്ട ഏഴുപേരിൽ മൂന്നു പേർക്ക് വെടിയേറ്റത് നെഞ്ചിലാണ്. ഒരാൾക്ക് തലയ്ക്ക്, മറ്റൊരാൾക്ക് നട്ടെല്ലിന്. മീറത്തിൽ മരിച്ച അഞ്ചുപേരിൽ മൂന്ന് പേർക്കും വെടിയേറ്റത് തലയ്ക്കാണ്. കൊല്ലുകയെന്ന ലക്ഷ്യത്തോടെയാണ് പൊലിസ് വെടിവച്ചതെന്ന് വ്യക്തം. വരാണസിയിൽ കൊല്ലപ്പെട്ടത് എട്ടുവയസ്സുകാരൻ മുഹമ്മദ് സഗീറാണ്. കൊല്ലപ്പെട്ടവരെല്ലാം കൂലിത്തൊഴിലാളികൾ, ഓട്ടോ ഡ്രൈവർമാർ പോലുള്ള സാധാരണക്കാർ. ഡിസംബർ 19നും 21നും ഇടയിലാണ് പൊലിസ് വെടിവയ്പ്പുണ്ടാകുന്നത്. സമരത്തിന്റെ ഭാഗമാകാതെ തെരുവിൽ കണ്ടുനിൽക്കുന്നവരോ ജോലിക്ക് പോകുന്നവരോ ജോലിസ്ഥലത്ത് നിന്ന് മടങ്ങിവരുന്നവരോ ആയിരുന്നു കൊല്ലപ്പെട്ടവരിൽ വലിയൊരു വിഭാഗം. മീറത്തിൽ 20കാരനായ ഇ-റിക്ഷത്തൊഴിലാളിയെ വീട്ടിലേക്ക് തിരിച്ചുവരുമ്പോഴാണ് പൊലിസ് വെടിവച്ചു കൊന്നത്. ആസിഫിൻ്റെ നെഞ്ചിലായിരുന്നു വെടിയേറ്റത്. പ്രതിഷേധം കാരണം ഹോട്ടൽ പൂട്ടി മടങ്ങുമ്പോഴാണ് 25കാരൻ അലീം അൻസാരിയുടെ തലയ്ക്കു നേരെ പൊലിസ് വെടിവച്ചത്. വെടിയേറ്റ് അൻസാരിയുടെ തല രണ്ടായി പിളർന്നിരുന്നു. പൊലിസെത്തി മൃതദേഹം കാലിൽ വലിച്ചു തൂക്കി കാറിലിട്ട് കൊണ്ടുപോയി. 40കാരനായ സഹീർ അഹമ്മദ് തെരുവിൽ പുകവലിച്ച് നിൽക്കുമ്പോൾ പൊലിസ് വെടിവച്ചു കൊല്ലുകയായിരുന്നു. കാൺപൂരിൽ 24കാരനായ ബി.എ വിദ്യാർഥി അഫ്താബ് ആലമിനെ വെള്ളിയാഴ്ച പിതാവിന്റെ ഖബറിനരികിൽ പ്രാർഥിച്ചു മടങ്ങുമ്പോൾ പൊലിസ് നെഞ്ചിൽ വെടിവച്ചു കൊല്ലുകയായിരുന്നു. ഡിസംബറിൽ സമരത്തിൻ്റെ പേരിലുള്ള വെടിവയ്പ്പുകളും അറസ്റ്റുകളും അവസാനിച്ചെങ്കിലും സമരക്കാർക്കെതിരേ കേസെടുക്കുന്നത് പിന്നെയും തുടർന്നു. കൊവിഡ് വ്യാപനമുണ്ടാക്കിയെന്ന പേരിൽ ധർണ നടത്തിയ സമരക്കാർക്കെതിരേ കേസെടുത്തു.
2020 മാർച്ച് മൂന്നിനാണ് ലഖ്‌നൗ ജില്ലാ ഭരണകൂടം ആദ്യമായി കണ്ടുകെട്ടൽ നോട്ടിസ് പുറപ്പെടുവിക്കുന്നത്. 69,48,900 രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാരോപിച്ച് 16 പേർക്കെതിരെയായിരുന്നു നോട്ടിസ്. ഏപ്രിൽ എട്ടിനകം തുകയടച്ചില്ലെങ്കിൽ സ്വത്ത് കണ്ടുകെട്ടുമെന്നായിരുന്നു മുന്നറിയിപ്പ്. പിന്നീട് പലർക്കും നോട്ടിസ് കിട്ടി. സമരത്തിനിടെ കാണാതായ ബന്ധുവിനെത്തേടിയാണ് 19കാരൻ ഷാവേസ് അഹമ്മദ് ലഖ്‌നൗവിലെ പൊലിസ് സ്‌റ്റേഷനിലെത്തുന്നത്. ഷാവേസിനെയും അറസ്റ്റ് ചെയ്തു ജയിലിലിട്ടു. ദിവസങ്ങൾക്ക് ശേഷം ജാമ്യം ലഭിച്ചു പുറത്തിറങ്ങുമ്പോൾ വീട്ടിൽ 4.55 കോടിയുടെ കണ്ടുകെട്ടൽ നോട്ടിസെത്തിയിരുന്നു. 50 പേർക്കാണ് ഷാവേസിനൊപ്പം ഇതേ നോട്ടിസ് ലഭിച്ചത്.
2020 മാർച്ച് അഞ്ചിന് സമരത്തിൽ നോട്ടിസ് ലഭിച്ചവരുടെ ഫോട്ടോയും പേരും വിലാസവും വെളിപ്പെടുത്തിയുള്ള ബാനറുകൾ ലഖ്‌നൗ അധികൃതർ തെരുവിൽ പതിക്കാൻ തുടങ്ങി. ഇത്തരത്തിലുള്ള നൂറോളം ബാനറുകൾ പിന്നാലെ പ്രത്യക്ഷപ്പെട്ടു. എന്നാൽ വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമെന്ന് ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ബാനറുകൾ നീക്കം ചെയ്യാൻ ഉത്തരവിടുകയും ചെയ്തു. പിന്നാലെയാണ് സ്വത്തു കണ്ടുകെട്ടൽ നടപടികൾ ആരംഭിക്കുന്നത്. ഇതിനായി ഉത്തർപ്രദേശ് റിക്കവറി ഓഫ് ഡാമേജ് ടു പബ്ലിക് ആന്റ് പ്രൈവറ്റ് പ്രോപ്പർട്ടി ഓർഡിനൻസ് എന്ന ഓർഡിനൻസും കൊണ്ടുവന്നു. ഓർഡിനൻസ് പിന്നീട് നിയമമാക്കി. സ്വത്തു കണ്ടുകെട്ടുന്നതിനായി രണ്ടു ട്രൈബ്യൂണലുകളും രൂപീകരിച്ചു. ഇതിനിടെ ചില സ്വത്തുക്കൾ ലഖ്‌നൗ ഭരണകൂടം കണ്ടുകെട്ടുകയും ലേലത്തിന് വയ്ക്കുകയും ചെയ്തു. ഇത്തരത്തിൽ 38 കേസുകളിലാണ് കണ്ടുകെട്ടലുകൾ നടത്തിയത്. ഈ കണ്ടുകെട്ടലുകൾക്കെതിരേ പർവെസ് ആരിഫ് എന്ന വ്യക്തിയാണ് സുപ്രിംകോടതിയിലെത്തിയത്. സർക്കാരിന് വിരോധമുള്ളവർക്കെല്ലാം നോട്ടിസ് നൽകുകയാണെന്നും നോട്ടിസ് ലഭിച്ചവരിൽ 90 വയസിന് മുകളിൽ പ്രായമുള്ള രണ്ടുപേരുണ്ടെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
നിങ്ങൾ പുറപ്പെടുവിച്ച കണ്ടുകെട്ടൽ നോട്ടിസ് നിങ്ങൾ തന്നെ പിൻവലിക്കണം അല്ലെങ്കിൽ ഞങ്ങളത് റദ്ദാക്കുമെന്നായിരുന്നു ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിൻ്റെ അധ്യക്ഷതയിലുള്ള ബെഞ്ചിൻ്റെ മുന്നറിയിപ്പ്. സമരത്തിന്റെ ഭാഗമായി പൊതുമുതൽ നശിപ്പിച്ചാൽ അത് ഈടാക്കുന്നതിനായി സുപ്രിംകോടതി പുറപ്പെടുവിച്ച 2009ലെയും 2018ലെയും ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കണ്ടുകെട്ടൽ നടപടികളെന്നായിരുന്നു യു.പി സർക്കാരിന്റെ വാദം. എന്നാലിത് സുപ്രിംകോടതി അംഗീകരിച്ചില്ല. സുപ്രിംകോടതി ഉത്തരവിന് വിരുദ്ധമായാണ് യു.പി സർക്കാർ നടപടിയെന്ന് ബെഞ്ച് പറഞ്ഞു. ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ ക്ലൈം ട്രൈബ്യൂണൽ വേണമെന്ന ഉത്തരവ് പാലിക്കപ്പെട്ടില്ലെന്നും പകരം അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിനെയാണ് നിയോഗിച്ചിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. അഡീഷണൽ മജിസ്‌ട്രേറ്റിന് സ്വത്ത് കണ്ടുകെട്ടാൻ അധികാരമില്ല. തങ്ങളുടെ ഉത്തരവ് ദുരുപയോഗം ചെയ്യുകയാണിതെന്നും കോടതി പറഞ്ഞു.
പൗരത്വനിയമ ഭേദഗതി വിരുദ്ധ സമരക്കാരോട് പ്രതികാരം ചെയ്യുമെന്നായിരുന്നു യു.പി മുഖ്യമന്ത്രി ആദിത്യനാഥിൻ്റെ പ്രഖ്യാപനം. വെടിവയ്പ്പും അറസ്റ്റും മുതൽ സ്വത്തു കണ്ടുകെട്ടൽ വരെ പ്രതികാര നടപടിയായിരുന്നു. സ്വന്തം ജനതയ്‌ക്കെതിരേ സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന അനീതിക്കാണ് സുപ്രിംകോടതി ഫുൾസ്റ്റോപ്പിട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."