ടൂള്‍ കിറ്റ് തയാറാക്കിയത് പരിസ്ഥിതി കൂട്ടായ്മയെന്ന് നികിത; ഇന്ന് കോടതിയില്‍ ഹാജരാക്കും
ന്യൂഡല്‍ഹി: കാലവസ്ഥ പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗുമായി ബന്ധപ്പെട്ട ടൂള്‍ കിറ്റ് കേസില്‍ അഭിഭാഷകയും പരിസ്ഥിതി പ്രവര്‍ത്തകയുമായ നികിത ജേക്കബിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അറസ്റ്റില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ടുള്ള നികിതയുടെ അപേക്ഷ ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കും.
ടൂള്‍ കിറ്റ് കേസില്‍ ബോംബെ ഹൈകോടതി അഭിഭാഷക നികിത ജേക്കബിനും ശന്തനുവിനും എതിരെ ജാമ്യമില്ല അറസ്റ്റ് വാറണ്ട് തിങ്കളാഴ്ച പുറപ്പെടുവിച്ചിരുന്നു. ഡല്‍ഹി പൊലിസിന്റെ അഭ്യര്‍ത്ഥനയില്‍ ഡല്‍ഹി ഹൈക്കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.
അതിനിടെ കേസില്‍ നികിതയുടെ മൊഴി പുറത്തായി. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് തയാറാക്കിയ ടൂള്‍ കിറ്റ് ഗ്രെറ്റ തുന്‍ബര്‍ഗിന് കൈമാറിയത് താനല്ലെന്നാണ് നികിത ജേക്കബ് മൊഴി നല്‍കിയിരിക്കുന്നത്. ടൂള്‍ കിറ്റ് തയാറാക്കിയത് താന്‍ അംഗമായ പരിസ്ഥിതി കൂട്ടായ്മയാണ്. കര്‍ഷക സമരത്തെ ബോധവല്‍കരിക്കാനാണിതെന്നും നികിത ജേക്കബ് പറയുന്നു.
ടൂള്‍ കിറ്റ് കേസില്‍ 21കാരിയായ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിയുടെ അറസ്റ്റിന് പിന്നാലെയാണ് നികിതക്കെതിരായ ജാമ്യമില്ല അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. നിഖിതയാണ് ടൂള്‍ കിറ്റ് നിര്‍മിച്ചതെന്നാണ് പൊലിസ് പറയുന്നത്.
ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍ കാമ്പയിന്റെ ഇന്ത്യയിലെ സ്ഥാപക പ്രവര്‍ത്തകരിലൊരാളായ ദിശ രവിയെ (21) ബംഗളൂരുവിലെ സൊലദേവനഹള്ളിയിലെ വീട്ടില്‍ നിന്ന് ശനിയാഴ്ച രാവിലെയാണ് ഡല്‍ഹി പൊലിസ് കസ്റ്റഡിയിലെടുത്തത്. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അന്താരാഷ്ട്ര പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ് ട്വീറ്റ് ചെയ്ത ടൂള്‍ കിറ്റുമായി (ഗൂഗ്ള്‍ ഡോക്യുമെന്റ്) ബന്ധപ്പെട്ട് ഫെബ്രുവരി നാലിനാണ് ഡല്‍ഹി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തതത്. കേസിലെ ആദ്യത്തെ അറസ്റ്റ് ദിശയുടേതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."