സര്‍ക്കാര്‍ നടത്തുന്ന ന്യൂനപക്ഷ സ്ഥാപനങ്ങളിലും ഹിജാബ് നിരോധിച്ച് കര്‍ണാടക
ബംഗളൂരു: സര്‍ക്കാര്‍ നടത്തുന്ന ന്യൂനപക്ഷ സ്ഥാപനങ്ങളിലും ഹിജാബ് നിരോധിച്ച് കര്‍ണാടക.
കര്‍ണാടക സര്‍ക്കാര്‍ നടത്തുന്ന മൗലാനാ ആസാദ് മോഡല്‍ ഇംഗ്ലീഷ് മീഡിയം സ്കൂളുകളടക്കമുള്ള സ്ഥാപനങ്ങളിലാണ് ഹിജാബ് നിരോധിച്ചത്. കാവി ഷാള്‍, മറ്റു മതചിഹ്നങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കുന്നതും വിലക്കിയിട്ടുണ്ട്.
ന്യൂനപക്ഷ ക്ഷേമ, ഹജ്ജ്, വഖഫ് മന്ത്രാലയം സെക്രട്ടറി മേജര്‍ പി. മണിവന്നന്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് നിരോധനത്തെ കുറിച്ച് അറിയിച്ചത്. ന്യൂനപക്ഷ മന്ത്രാലയത്തിന് കീഴിലുള്ള റെസിഡന്‍ഷ്യല്‍ സ്കൂളുകള്‍, കോളേജുകള്‍, മൗലാന ആസാദ് ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍, എന്നിവിടങ്ങളിലൊക്കെ നിരോധനം ബാധകമാക്കിയാണ് ഉത്തരവ്. കര്‍ണാടക ഹൈക്കോടതി ഇത്തരം മതചിഹ്നങ്ങള്‍ സ്കൂളുകളില്‍ നിരോധിച്ചതിനാല്‍ ന്യൂനപക്ഷ സ്കൂളുകളിലും നിയമം ബാധകമാണെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
അതിനിടെ, ശിവമോഗ ജില്ലയില്‍ നിരോധന ഉത്തരവ് ലംഘിച്ചതായി കാണിച്ച് ഒമ്പത് പേര്‍ക്കെതിരെ സെക്ഷന്‍ 144 പ്രകാരം കേസെടുത്തു. ഹിജാബ് നിരോധിച്ചതിനെതിരെ ജില്ലാ ആസ്ഥാനത്തെ പിയു കോളേജ് അധികൃതര്‍ക്കെതിരെ സമരം നടത്തിയതിനാണ് നടപടി.
കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജിയില്‍ കര്‍ണാടക ഹൈക്കോടതി നാളെയും വാദം കേള്‍ക്കും. വെള്ളിയാഴ്ച ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന ഹരജിക്കാരുടെ ആവശ്യത്തിലും ഇടക്കാല ഉത്തരവുണ്ടായില്ല. ഹിജാബുമായി ബന്ധപ്പെട്ട വിധി വരുന്നതു വരെ വിദ്യാര്‍ത്ഥികള്‍ മതപരമായ വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ലെന്നാണ് കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."