സില്‍വര്‍ ലൈനില്‍ സര്‍ക്കാരിനെതിരെ വീണ്ടും ഹൈക്കോടതി; വസ്തുതകള്‍ സര്‍ക്കാര്‍ മറച്ചു വയ്ക്കുന്നുവെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍
കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. സിംഗിള്‍ ബെഞ്ചാണ് വീണ്ടും വിമര്‍ശനമുയര്‍ത്തിയിരിക്കുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കോടതി എതിരല്ല. എന്നാല്‍ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിലാണ് കോടതി ഇടപെടുന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട വസ്തുതകള്‍ സര്‍ക്കാര്‍ മറച്ചു വയ്ക്കുകയാണെന്ന് ജസ്റ്റിസ് കുറ്റപ്പെടുത്തി. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കോടതി തേടുമ്പോള്‍ അതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതേ സമയം വിശദമായ ഉത്തരവിറക്കാനായി കേസ് മാറ്റി.
സില്‍വര്‍ ലൈന്‍ സര്‍വെ തടഞ്ഞ സിംഗിള്‍ ബെഞ്ചിന്റെ രണ്ടാം ഉത്തരവും റദ്ദാക്കുമെന്ന് ഡിവിഷന്‍ ബഞ്ച് ഇന്ന് വാക്കാല്‍ പരാമര്‍ശിച്ചതിന് പിന്നാലെയാണ് സിംഗിള്‍ ബെഞ്ച് സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. രണ്ട് കേസുകളിലായി രണ്ട് തവണ സിംഗിള്‍ ബെഞ്ച് സില്‍വര്‍ ലൈന്‍ സര്‍വെ നിര്‍ത്തിവെച്ചിരുന്നു.
ജനുവരിയിലെ സിംഗിള്‍ ബെഞ്ച് ഉത്തരവ് നേരത്തെ തന്നെ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. ഫെബ്രുവരി ഏഴിന് പദ്ധതിയുടെ സര്‍വെ നിര്‍ത്തിവെക്കാന്‍ സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവും റദ്ദാക്കുമെന്നാണ് ഇന്ന് ഡിവിഷന്‍ ബെഞ്ച് അറിയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ അപ്പീലിലാണ് വാക്കാല്‍ പരമാര്‍ശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."