കെ റെയിലിനെതിരെ കടുത്ത പ്രക്ഷോഭം: കെ. സുധാകരന്‍
തിരുവനന്തപുരം: മോദി സര്‍ക്കാരിനെതിരേ ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തിയ ഐതിഹാസിക സമരത്തിനു സമാനമായ രീതിയില്‍ കെ റെയിലിനെതിരെ സമരരംഗത്തിറങ്ങുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍.
ശക്തമായ പ്രക്ഷോഭ പരിപാടികളും ബോധവത്കരണവും നടത്തും. ഭൂമി നഷ്ടപ്പെടുന്നവരേക്കാള്‍ കെ റെയില്‍ പോകുന്നതിന്റെ രണ്ട് വശത്തും താമസിക്കുന്നവര്‍ക്കാണ് വലിയ പ്രശ്‌നങ്ങള്‍ വരാന്‍ പോകുന്നതെന്നും സുധാകരന്‍ പറഞ്ഞു. അതിന്റെ ഗുരുതരമായ പ്രത്യാഘാതം എന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ആയിരം പൊതുയോഗങ്ങള്‍ സംഘടിപ്പിക്കും. യോഗങ്ങളില്‍ പ്രസംഗിക്കാന്‍ പോകുന്നവരെ കെ റെയിലുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഗ്രാഫിക്‌സും പഠിപ്പിക്കും. ജനങ്ങളെ ബോധവത്കരിക്കുന്നതിന് സെമിനാറുകളും സംഘടിപ്പിക്കും. പ്രശസ്തരായ പരിസ്ഥിതി പ്രവര്‍ത്തകരേയും സാമൂഹ്യസംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇ. ശ്രീധരനെ പോലുള്ളവരേയും പങ്കെടുപ്പിച്ചുള്ളതാകും സെമിനാര്‍.
ആദ്യത്തെ ഒരു മാസം ഇത്തരത്തില്‍ ബോധവത്കരണമാകും നടത്തുക. ഇതിന് ശേഷം കളക്ടറേറ്റുകളിലേക്ക് ബഹുജന മാര്‍ച്ചുകള്‍ നടത്താനാണ് തീരുമാനമെന്നും സുധാകരന്‍ വ്യക്തമാക്കി.മാര്‍ച്ച് ഏഴിന് നടത്തുന്ന കളക്ടറേറ്റ് മാര്‍ച്ച് കെ റെയിലിനെതിരായ സമരത്തിന്റെ രണ്ടാഘട്ടത്തിന് തുടക്കമിട്ടുള്ളതാകും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നേതാക്കള്‍ പ്രവര്‍ത്തകരെ സംഘടിപ്പിച്ച് ജനങ്ങളിലേക്കിറങ്ങി ചെന്ന് ലഘുലേഖ വിതരണവും മറ്റു സമരപരിപാടികളും നടത്തുമെന്നും കല്ലിടല്‍ ഭൂമി ഏറ്റെടുക്കലാണ് അത് അംഗീകരിക്കില്ല. കല്ല് പിഴുതെറിയാന്‍ ഈ ഘട്ടത്തില്‍ പറഞ്ഞിട്ടില്ല. പണി തുടങ്ങുമ്പോള്‍ കല്ല് ഉണ്ടാകില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.
ബിജെപിയുടെ സമരമൊന്നും വിശ്വസത്തിലെടുക്കാനാകില്ല. നാളെ കെ റെയിലിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കില്ലെന്ന് എണീറ്റ് നിന്ന് പറയാന്‍ കെ. സുരേന്ദ്രനും കൂട്ടരും ധൈര്യം കാണിക്കുമോ എന്ന് താന്‍ വെല്ലുവിളിക്കുന്നുവെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."