ഹിജാബ് അഴിക്കണമെന്ന് പ്രിന്‍സിപ്പല്‍; ജോലി രാജിവെച്ച് അധ്യാപിക
ബെംഗളൂരു: കോളജില്‍ പ്രവേശിക്കണമെങ്കില്‍ ഹിജാബ് അഴിക്കണമെന്ന് പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അധ്യാപിക രാജിവെച്ചു. തുമാകൂരിലെ ജെയിന് പിയു കോളേജിലെ ഇംഗ്ലീഷ് ലക്ചററായ ചാന്ദിനി നാസാണ് രാജിവെച്ചത്. ഹിജാബ് നീക്കാന്‍ ആവശ്യപ്പെട്ടത് തന്റെ ആത്മാഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. കഴിഞ്ഞ മൂന്ന് വര്‍ഷമായി താന്‍ ഈ കോളജില്‍ ജോലി ചെയ്യുന്നുണ്ടെന്നും ഹിജാബ് അണിഞ്ഞാണ് ഇതുവരെ വന്നതെന്നും ചാന്ദിനി പറഞ്ഞു.
ഇതുവരെ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് കോളജിലെത്തിയപ്പോള്‍ ഹിജാബും മതചിഹ്നവും ധരിച്ച് ക്ലാസെടുക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് പ്രിന്‍സിപ്പല്‍ അത് ഉപേക്ഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് തന്റെ ആത്മാഭിമാനത്തിന് തിരിച്ചടിയാണ്.
അതിനാലാണ് രാജിവെക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. മതപരമായ ആചാരം അനുഷ്ടിക്കുവാന്‍ ഭരണഘടന അനുവാദം തരുന്നുണ്ട്. അത് തടയാന്‍ ആര്‍ക്കും അധികാരമില്ലെന്ന് ചാന്ദ്നി രാജിക്കത്തില്‍ പറഞ്ഞു. അതേസമയം, താനോ മാനേജ്മെന്റിലെ മറ്റാരെങ്കിലുമോ ഹിജാബ് അഴിക്കാന്‍ അധ്യാപികയോട ആവശ്യപ്പെട്ടിട്ടില്ലെന്ന് കോളേജ് പ്രിന്‍സിപ്പല്‍ കെ ടി മഞ്ജുനാഥ് മാധ്യമങ്ങളോട് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."