സ്‌കോള്‍ കേരള: 54 സ്ഥിരനിയമിതരില്‍ 17 പേര്‍ പാര്‍ട്ടി ബന്ധുക്കള്‍
സ്വന്തം ലേഖകന്‍
കണ്ണൂര്‍: ഓപ്പണ്‍ വിദ്യാഭ്യാസ മേഖലയിലെ സര്‍ക്കാര്‍ സ്ഥാപനമായ സ്‌കോള്‍ കേരളയില്‍ സ്ഥിരപ്പെടുത്തുന്ന 54 ല്‍ 17 പേര്‍ പാര്‍ട്ടി ബന്ധുക്കള്‍. കോടതിയില്‍ സ്‌റ്റേ നിലനില്‍ക്കെ കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് അര്‍ഹതയുള്ള പലരേയും തഴഞ്ഞു ചട്ടംപാലിക്കാതെ 54 പേരെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചത്.
ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്റെ സഹോദരി എന്‍. ഷീജയടക്കമുള്ള 17 പാര്‍ട്ടി ബന്ധുക്കളെയാണു സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചത്. സ്ഥിരപ്പെട്ട എസ്. ഷീജ, കെ. സുജാകുമാരി, ടി.എല്‍ അനില, വി.എന്‍ ദീപ, ടി.കെ അജയകുമാര്‍, ജെ.എസ് സജുകുമാര്‍, കെ.പി പ്രീത, ബി. നദീറ, ഗോപകുമാര്‍, ടി.ആര്‍ മീര, അരുണ്‍ വി. ഗോപന്‍, ഗിരീഷ് കുമാരന്‍ നായര്‍, ആര്‍.വി സുമേഷ് കുമാര്‍, പി.പി ലസിത, മനു, രേഖ എന്നിവരാണു പാര്‍ട്ടി ബന്ധുക്കള്‍.
എസ്. ഷീജ മുന്‍മന്ത്രി പി.കെ ശ്രീമതിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്നു. 10 വര്‍ഷം പൂര്‍ത്തിയായ താല്‍ക്കാലിക ജീവനക്കാരെ മാത്രമാണു സ്ഥിരപ്പെടുത്തുന്നതെന്നു സര്‍ക്കാര്‍ വിശദീകരിക്കുമ്പോഴും എ.എ റഹീമിന്റെ സഹോദരിയടക്കം പട്ടികയിലെ മിക്കവര്‍ക്കും തുടര്‍ച്ചയായ 10 വര്‍ഷം സര്‍വീസില്ല.
ഇതിനെതിരേ ഏഴോളം കേസുകളും ഹൈക്കോടതിയുടെ പരിഗണനയിലാണ്. രണ്ടു കേസുകളില്‍ കോടതി വിധി വരുന്നതുവരെ നിയമനം സ്റ്റേ ചെയ്യണമെന്ന് ഉത്തരവിറക്കിയതുമാണ്.
2008ല്‍ വി.എസ് സര്‍ക്കാരിന്റെ കാലത്ത് ജോലിയില്‍ പ്രവേശിച്ചവരെയാണ് സ്ഥിരപ്പെടുത്തുന്നത്. ഇതിനു മുന്നേ ജോലിയില്‍ പ്രവേശിച്ച 1999-2001 കാലഘട്ടത്തിലെ 26 താല്‍ക്കാലിക ജീവനക്കാരെ അവഗണിച്ചാണ് പാര്‍ട്ടി ബന്ധുക്കളായ 54 പേരെ സ്ഥിരപ്പെടുത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. വി.എസിന്റെ കാലത്ത് നിയമിച്ച ഷീജയടക്കമുള്ളവരെ പിന്നീട് വന്ന യു.ഡി.എഫ് സര്‍ക്കാര്‍ കരാര്‍ കാലാവധി പൂര്‍ത്തിയായതോടെ 2013ല്‍ പിരിച്ചുവിട്ടിരുന്നു.
പിന്നീട് 2014ലാണ് ഇവര്‍ തിരിച്ചെത്തിയത്. ഇടയ്ക്ക് രണ്ടുമാസത്തോളം സര്‍വീസ് മുടങ്ങി. ഇതു ക്രമപ്പെടുത്തിയ ശേഷം എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് അടക്കമുള്ള തസ്തികയിലാണ് ഷീജ ഉള്‍പ്പെടെയുള്ളവരെ സ്ഥിരപ്പെടുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."