ദീപുവിന്റെ കൊലപാതകം: നാല് പ്രതികള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി
കൊച്ചി: ട്വന്റി 20 പ്രവര്ത്തകന് ദീപുവിന്റെ കൊലപാതകത്തില്‍ നാല് പ്രതികള്‍ക്കെതിരെയും പൊലീസ് കൊലക്കുറ്റം ചുമത്തി. നേരത്തെ വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയായിരുന്നു കേസെടുത്തിരുന്നത്. ദീപു മരിച്ച സാഹചര്യത്തിലാണ് കൊലക്കുറ്റം ചുമത്തി കേസെടുത്തത്. കേസില്‍ സിപിഎം പ്രവര്‍ത്തകരായ ബഷീര്‍, സൈനുദ്ദീന്‍, അബ്ദു റഹ്മാന്, അബ്ദുല്‍ അസീസ് എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 12 നാണ് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് കിഴക്കമ്പലത്തെ ട്വന്റി 20 പ്രവര്ത്തകന് ദീപുവിന് പരുക്കേറ്റത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. ദീപുവിന്റെ പോസ്റ്റ് മോര്‍ട്ടം ഇന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ നടക്കും. ദീപുവിന്റെ കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരമാണ് പോസ്റ്റ് മോര്‍ട്ടം കോട്ടയത്തേക്ക് മാറ്റിയത്.
ഇന്നലെ രാത്രിയാണ് മൃതദേഹം കോട്ടയത്തേക്ക് കൊണ്ട് പോയത്. വൈകീട്ട് മൂന്ന് മണിക്ക് മൃതദേഹം കിഴക്കമ്പലത്തെ ട്വന്റി ട്വന്റി നഗറില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. പിന്നീട് വിലാപയാത്രയായി വീട്ടിലെത്തിക്കും. മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം 5.30 ഓടെ കാക്കനാട് അത്താണിയിലെ പൊതു ശ്മശാനത്തിലാണ് സംസ്കാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."