'കണ്ണൂർ സ്വാശ്രയ മെഡിക്കൽ കോളേജ് പ്രവേശനം റദ്ദാക്കപ്പെട്ടവരുടെ പണം തിരിച്ച് നൽകണം'; വിദ്യാർത്ഥികൾക്ക് ആശ്വാസമായി സുപ്രിംകോടതി വിധി
കണ്ണൂർ: കണ്ണൂർ സ്വാശ്രയ മെഡിക്കൽ കോളജിൽ പ്രവേശനം റദ്ദാക്കപ്പെട്ട വിദ്യാർഥികൾക്ക് പണം തിരികെ നൽകാൻ സുപ്രിംകോടതി ഉത്തരവ്. 55 വിദ്യാർത്ഥികൾക്കാണ് പണം തിരിച്ചു നൽകേണ്ടത്. 15.72 കോടി രൂപയാണ് മെഡികകൽ കോളജ് വിദ്യാർത്ഥികൾക്ക് നൽകേണ്ടത്. ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ അടുത്ത അദ്ധ്യയന വർഷവും അംഗീകാരം നൽകില്ലെന്നും കോടതി വ്യക്തമാക്കി.
തിരിച്ച് നൽകേണ്ട ഫീസ് സംബന്ധിച്ച് തർക്കം നിലനിൽക്കുന്ന തൊണ്ണൂറോളം വിദ്യാർത്ഥികളുടെ കാര്യത്തിൽ ഒമ്പത് മാസത്തിനുള്ളിൽ ഫീസ് നിർണയ സമിതി തീരുമാനം എടുക്കണം. ഇതിൽ തീരുമാനം ആകുന്നത് വരെ 25 കോടി രൂപ സ്ഥിര നിക്ഷേപമായി പ്രത്യേക അക്കൗണ്ടിൽ മാനേജ്‌മെന്റ് കെട്ടിവെക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഈ രണ്ട് നിർദേശങ്ങളും നടപ്പാക്കിയാൽ അടുത്ത അധ്യയന വർഷം കോളജിന് അഫിലിയേഷൻ നൽകുന്ന കാര്യം പരിഗണിക്കാമെന്നും കോടതി അറിയിച്ചു.
2016-17 അദ്ധ്യയന വർഷം മെഡിക്കൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഇരട്ടി ഫീസ് തിരിച്ചുനൽകാനുള്ള ഉത്തരവ്, കോളേജ് നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥികൾ കോടതിയെ സമീപിച്ചത്. കോടതി ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്ന് 2020-21വർഷത്തേക്കുള്ള കണ്ണൂർ മെഡിക്കൽ കോളേജിന്റെ അംഗീകാരം സുപ്രിംകോടതി തടഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."