വിവാഹഘോഷ യാത്രയ്ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി; ഒരാള്‍ മരിച്ചു
ലക്നൗ: ഒരു നിമിഷത്തെ അശ്രദ്ധയില്‍ കണ്ണീരോടെ അവസാനിച്ചത് സന്തോഷത്തോടെ നടക്കേണ്ടിയിരുന്ന വിവാഹച്ചടങ്ങ്. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗര്‍ ജില്ലയിലാണ് ചൊവ്വാഴ്ച രാത്രിയോടെ അപകടമുണ്ടായത്. വിവാഹ വസ്ത്രം ധരിച്ച് സണ്‍ഗ്ലാസ് വച്ച് പാട്ടിനൊത്ത് നൃത്തം ചെയ്യുകയാണ് വധു. പതിയെ നീങ്ങുന്ന കാറിനു ചുറ്റും നിരവധി ആളുകളുമുണ്ട്. ഈ വിവാഹ ഘോഷയാത്രയ്ക്കിടയിലേക്കാണ് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞു കയറിയത്. ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വധു തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കല്യാണവേദിയിലേക്ക് പോകുകയായിരുന്നു വധു. ഈ സമയത്ത് ഡെറാഡൂണ്‍ ഹൈവേയില്‍ സമാന്തരമായി വന്ന വരന്റെ ഘോഷയാത്ര വധു കണ്ടു. തുടര്‍ന്ന് സന്തോഷം പങ്കുവയ്ക്കാന്‍ കാറിന്റെ സണ്‍റൂഫ് തുറന്ന് നൃത്തം വയ്ക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. വധു നൃത്തം ചെയ്യുന്നത് കണ്ട് വരന്റെ ഭാഗത്ത് നിന്ന് നിരവധി പേര് എത്തി ആഘോഷപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് കാര്‍ പാഞ്ഞുകയറിയത്.
വരന്റെ ബന്ധുവാണ് മരിച്ചത്. പരിക്കേറ്റവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. ഗുരുതരമായി പരിക്കേറ്റ നിരവധിപേരെ ഉടന്‍തന്നെ ആശുപത്രിയില്‍പ്രവേശിപ്പിച്ചു. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."