പാലക്കാട്ടെ പി.എസ്.സി ഓഫിസ് താഴിട്ടുപൂട്ടി കെ.എസ്.യു പ്രതിഷേധം
പാലക്കാട്: തലസ്ഥാനത്ത് കെ.എസ്.യു പ്രവര്‍ത്തകര്‍ക്കുനേരെ പൊലിസ് ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ച് പാലക്കാടും കെ.എസ്.യു പ്രതിഷേധം. പാലക്കാട്ടെ പി.എസ്.സി ഓഫിസിനു പുതിയ താഴിട്ടുപൂട്ടിയാണ് കെ.എസ്.യു പ്രവര്‍ത്തകരുടെ പ്രതിഷേധം. ഓഫിസിനകത്ത് ജീവനക്കാരും മറ്റും കുടുങ്ങിക്കിടക്കുകയാണ്. താഴിട്ടു പൂട്ടിയ ശേഷം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയാണ്. അരമണിക്കൂറിലേരെ നേരെയാണ് ഓഫിസ് പൂട്ടിയിട്ടത്. സംഭവമറിഞ്ഞ് പൊലിസെത്തി പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു നീക്കിയശേഷമാണ് ഓഫിസ് തുറക്കാനായത്.
ഇന്ന് സെക്രട്ടേറിയറ്റ് മതില് ചാടി കടന്ന് അകത്തുകടക്കാന്‍ ശ്രമിച്ച കെ.എസ്.യു പ്രവര്‍ത്തകരുമായി പൊലിസ് ഏറ്റുമുട്ടിയിരുന്നു. പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന് പൊലിസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധി കെ.എസ്.യു പ്രവര്‍ത്തകര്‍ക്കാണ് പരുക്കേറ്റത്. കെ.എസ.്യു സംസ്ഥാന വൈസ് പ്രസിഡന്റ് സ്നേഹ ഉള്‍പ്പെടെ നിരവധി വനിതാപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.
സെക്രട്ടറിയേറ്റ് മതില് ചാടിക്കടക്കാന്‍ ശ്രമിച്ച കെ.എസ്.യു പ്രവര്‍ത്തകരെ പൊലിസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ഉണ്ടായത്. പൊലിസിന് നേരെ കെ.എസ്.യു പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. വനിതാ പ്രവര്‍ത്തകര്‍ക്ക് നേരെ വരെ പൊലിസ് ലാത്തിവീശി. ഏറ്റുമുട്ടലില്‍ നിരവധി പൊലിസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഒരു പൊലിസുകാരനെ കെ.എസ്.യു പ്രവര്‍ത്തകരും വളഞ്ഞിട്ടു തല്ലി. കല്ലും വടികളുമായാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ പൊലിസുകാരെ നേരിട്ടത്. സംഭവത്തില്‍ പ്രതിഷേധിച്ചാണ് പാലക്കാട് കെ.എസ്.യു പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."