റഷ്യ യുക്രെയ്‌നെ ആക്രമിക്കുമെന്നത് ഉറപ്പെന്ന് ബൈഡന്‍
വാഷിംഗ്ടണ്‍ ഡിസി: യുക്രെയ്ന്‍ അതിര്‍ത്തിയില്‍ അണിനിരന്നിരിക്കുന്ന റഷ്യന്‍ സൈനിക വ്യൂഹം യുക്രെയ്‌നെ ആക്രമിക്കാന്‍ തന്നെയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.
ഫെബ്രുവരി 18 നു യുക്രെയ്ന്‍ റഷ്യന്‍ അതിര്‍ത്തി സംഭവവികാസങ്ങളെക്കുറിച്ച് ടെലിവിഷനിലൂടെ നടത്തിയ പ്രസ്താവനയിലാണ് ബൈഡന്‍ തന്റെ അഭിപ്രായം പരസ്യമായി വെളിപ്പെടുത്തിയത്.
സാഹചര്യം ഇങ്ങനെയൊക്കെ ആണെങ്കിലും ചര്‍ച്ചകള്‍ക്കുള്ള അവസരം ഇനിയുമുണ്ടെന്നും ബൈഡന്‍ കൂട്ടിചേര്‍ത്തു. അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളുടെ അഭിപ്രായത്തെ മറികടന്ന് റഷ്യന്‍ ആക്രമണം ഉണ്ടായാല്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും ബൈഡന്‍ മുന്നറിയിപ്പു നല്‍കി.
യുക്രെയ്ന്‍ അതിര്‍ത്തിയില്‍ ഒന്നര ലക്ഷത്തോളം സൈനികരെയാണ് റഷ്യ വിന്യസിച്ചിരിക്കുന്നത്. ഇതു സൈനിക അഭ്യാസത്തിനുവേണ്ടിയാണെന്നും തങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നുമുള്ള
റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ പ്രസ്താവന മുഖവിലയ്ക്കുപോലും എടുക്കാന്‍ കഴിയാത്തതാണെന്ന് ബൈഡന്‍ കൂട്ടിചേര്‍ത്തു. സഖ്യ രാജ്യങ്ങളുടേയും യുക്രെയ്‌നിന്റെയും ഭാഗത്ത് അമേരിക്ക ഉറച്ചുനില്‍ക്കുമെന്നും അതിനുവേണ്ടി ഏതറ്റംവരെ പോകുന്നതിനും തയാറാണെന്നും ബൈഡന്‍ പറഞ്ഞു.
അതിനിടെ യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി ഈ വാരാന്ത്യം മ്യൂണിച്ച് സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ തലസ്ഥാനം വിടുന്നതോടെ റഷ്യന്‍ ആക്രമണം ആരംഭിക്കാന്‍ സാധ്യതയുണ്ടെന്ന് നാറ്റോയിലെ മുപ്പത് അംഗ രാഷ്ട്രങ്ങള്‍ മുന്നറിയിപ്പു നല്‍കി. ശനിയാഴ്ച സെലന്‍സ്‌കി അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസുമായി ചര്‍ച്ച നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."