കോണ്‍ഗ്രസുകാരുടെ മേല്‍ മണ്ണുവാരിയിടുന്നതിനുമുമ്പ് രണ്ടുവട്ടം ആലോചിച്ചോളൂ, ഇത് തീക്കളിയാണെന്ന് കെ. സുധാകരന്‍
തിരുവനന്തപുരം: ശാസ്താം കോട്ടയില്‍ ദേവസ്വം ബോര്‍ഡ് കോളജ് ഇലക്ഷന്‍ തോറ്റതിന്റെ പേരില്‍ കെഎസ്.യു പ്രവര്‍ത്തകരെ പൊലിസും സി.പി.എം പ്രവര്‍ത്തകരും വേട്ടയാടുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍. ഈ തീക്കളിയവസാനിപ്പിക്കണമെന്നും ഇല്ലെങ്കില്‍ അതവസാനിപ്പിക്കാനുള്ള മാര്‍ഗം തേടുമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ സുധാകരന്‍ വ്യക്തമാക്കി.
ഫേസ് ബുക്ക് പോസ്റ്റിന്റ പൂര്‍ണരൂപം...
ശാസ്താംകോട്ടയില്‍ ദേവസ്വം ബോര്‍ഡ് കോളജ് ഇലക്ഷന്‍ തോറ്റതിന്റെ പേരില്‍ കെഎസ് യു ക്കാരുടെ വീടുകള്‍ കേറി മാതാപിതാക്കളെയടക്കം ആക്രമിക്കാന്‍ സിപിഎമ്മിന് നാണമില്ലേ? അക്രമികള്‍ക്ക് കൂട്ടുനില്‍ക്കാനാണോ കാക്കിയുമിട്ട് കേരള പോലീസ് നടക്കുന്നത്?
ആക്രമണ വിധേയമായ വീടുകളില്‍ കേറി പോലീസ് തല്ലു കൊണ്ടവരുടെ മാതാപിതാക്കളെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്യുകയാണ്.
പോലീസിന്റെ തണലിലാണ് സിപിഎം ഗുണ്ടാവിളയാട്ടം നടത്തുന്നത്. ഇത് നീതിരഹിതവും പക്ഷപാതപരവുമായ സമീപനമാണ്. അര്‍ദ്ധരാത്രിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ കേറി തെരുവു ഗുണ്ടകളെ ഓര്‍മിപ്പിക്കുന്ന വിധത്തില്‍ സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തുന്ന ചില പോലീസ് ഏമാന്‍മാരുടെ ദൃശ്യങ്ങള്‍ നവ മാധ്യമങ്ങളില്‍ കണ്ടു.
ഡിജിപിയും ഡിഐജിയുമടക്കം ഉന്നത പോലീസുദ്യോഗസ്ഥരോട് സിപിഎം ഗുണ്ടകളെയും പോലീസിനെയും നിലയ്ക്കു നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കള്ളക്കേസില്‍ അകത്താക്കിയ കുട്ടികളെ എത്രയും പെട്ടെന്ന് പുറത്തിറക്കിയിരിക്കും.
സിപിഎമ്മിനോടും കേരള പോലീസിനോടും കൂടി പറയുകയാണ്. ശാസ്താംകോട്ടയില്‍ നിങ്ങള്‍ നടത്തുന്ന തീക്കളി ഉടന്‍ അവസാനിപ്പിക്കണം. ഇല്ലെങ്കില്‍ അതവസാനിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങളെ പറ്റി കോണ്‍ഗ്രസ് ചിന്തിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."