ഗെയില്‍ പൈപ്പ് ലൈന്‍ സര്‍വേ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു
നടുവണ്ണൂര്‍: കോട്ടൂര്‍ പഞ്ചായത്തില്‍ സര്‍വേ നടപടികള്‍ക്കെത്തിയ ഗെയില്‍ ഉദ്യോഗസ്ഥരെ സമരസമിതിയുടെ നേതൃത്വത്തില്‍ തടഞ്ഞു. പതിനഞ്ച് സമരസമിതി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ പത്തോടെയാണ് ഗെയില്‍ ഉദ്യോഗസ്ഥര്‍ തൃക്കുറ്റിശ്ശേരി ആമയാട്ട് വയലില്‍ തെക്കയില്‍ താഴ ഭാഗത്ത് സര്‍വേ നടപടികള്‍ക്കായി എത്തിയത് ഗെയില്‍ ഉദ്യോഗസ്ഥര്‍ എത്തിയതോടെ നാട്ടുകാരും സമര സമിതി പ്രവര്‍ത്തകരും സംഭവ സ്ഥലത്ത് എത്തുകയും സര്‍വേ നടപടികള്‍ തടയുകയുമായിരുന്നു. ഇത് സംഘര്‍ഷത്തിന് കാരണമായി. സംഘര്‍ഷത്തെ തുടര്‍ന്ന് താമരശ്ശേരി ഡി.വൈ.എസ്.പി അഷ്റഫിന്റെ നേതൃത്വത്തില്‍ പൊലിസ് സംഘം സ്ഥലത്തെത്തി സര്‍വേ നടപടി തടസപ്പെടുത്തിയതിനെ തുടര്‍ന്ന് 15 പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. കോട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ ബാലന്, ടി.കെ അജീഷ്, അതുല്‍രാജ്, പി ലിനീഷ്, ടി ഷാജു, എ.പി സുരേഷ്, ടി.കെ അരുണ്‍, കെ രഞ്ജിത്ത്, എം.ടി ഷിജു, ഷിജന്‍, കെ സുധി, ജോസഫ് കൂരാച്ചുണ്ട്, കെ.എം ഷാജി, എം.പി പ്രഭാകരന്, വി വാസു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ സമര സമിതി പ്രവര്‍ത്തകരും ഗെയില്‍ പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഒരു ദിവസത്തേക്ക് സര്‍വേ നടപടി നിര്‍ത്തിവെക്കാനും തീരുമാനമായി. ഇതോടെ സമരക്കാര്‍ പിരിഞ്ഞ് പോവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."