തകർന്നുകൊണ്ടിരിക്കുന്ന മനുഷ്യബന്ധങ്ങൾ
കെ.എൻ.എ ഖാദർ
ഞാനാണ് ശരി. അതെ, ഞാൻ മാത്രമാണ് ശരിയെന്ന് ചിന്തിക്കുന്ന വ്യക്തികളും തങ്ങളുടെ സംഘടന മാത്രമാണ് ശരിയെന്ന് കരുതുന്ന സംഘടനകളും തങ്ങളുടെ പാർട്ടിയാണ് ശരി; അതു മാത്രമാണ് ശരിയെന്ന് കരുതുന്ന രാഷ്ട്രീയക്കാരും വർധിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം ചിന്തകൾ ചിന്താമണ്ഡലത്തിൽ മാത്രം ഒതുങ്ങിനിൽക്കുകയാണെങ്കിൽ സഹിക്കാമായിരുന്നു. ഈ വിശ്വാസത്താൽ പ്രചോദിതരായി ഇതര മനുഷ്യരെയും സംഘടനകളെയും പാർട്ടികളെയും സദാ നിന്ദിച്ചുകൊണ്ടിരിക്കുകയും അന്യർക്കെതിരേ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുകയും കായികമായി പോലും ചിലപ്പോൾ നേരിടുകയും ചെയ്തു തുടങ്ങിയാലോ? മനുഷ്യബന്ധങ്ങൾ ശിഥിലമാകും, സമൂഹം അരക്ഷിതമാകും, ആർക്കും ആരും ഇല്ലാതാവും. ഇന്ന് ഇതെല്ലാം സംഭവിച്ചുകഴിഞ്ഞിരിക്കുന്നു. ക്രമാനുഗതമായും ആസൂത്രിതമായും ചില പ്രത്യേക ലക്ഷ്യങ്ങളോടെ വളർത്തിയെടുത്തതാണ് ഈ പ്രതിഭാസം. ഒരു ദിവസംകൊണ്ട് സംഭവിച്ചതല്ല. ഇത്തരം കൊടിയ പക സമൂഹത്തിലാകെ ചില വിഭാഗങ്ങൾക്കെതിരേ വളർത്തുന്നവരാരെന്നോ അവരുടെ ലക്ഷ്യമെന്തെന്നോ അവരുടെ ചരിത്രമെന്തെന്നോ ആ മഹാവിപത്തിന്റെ ആഴമെത്രയെന്നോ അളക്കാനോ മനസ്സിലാക്കാനോ ആ ചൂണ്ടയിൽ കൊത്താതിരിക്കാനോ ആവശ്യമായത്ര ബുദ്ധിയും വിവേകവും ഇല്ലാത്ത ഒരു വിഭാഗം വികാരങ്ങൾകൊണ്ട് വിറക്കുകയും എരിതീയിൽ എണ്ണ ഒഴിക്കുന്ന രീതിയിൽ പ്രതികരിക്കുകയും ചെയ്യുന്നു.
നമ്മുടെ നാട്ടിൽ ഇപ്പോൾ നടന്നുവരാറുള്ള അകത്തളങ്ങളിലെ സമ്മേളനങ്ങളിലും പുറത്തുകാണപ്പെടുന്ന വേദികളിലും ചർച്ചകളിലും ജാഥകളിലും സമരവേദികളിലും സകലരും അന്യരെ പരസ്യമായും രഹസ്യമായും കടന്നാക്രമിച്ചുകൊണ്ടേയിരിക്കുന്നു. അതുവഴി പകയും വിദ്വേഷവും ജനങ്ങളിൽ പടർത്തുകയും ചെയ്യുന്നു. വാമൊഴിയായും വരമൊഴിയായും വിവര സാങ്കേതികവിദ്യയുടെ വിവിധ സങ്കേതങ്ങൾ ഉപയോഗിച്ചും നടത്തപ്പെടുന്ന നട്ടാൽ മുളക്കാത്ത നുണ പ്രചാരണം. നിഷ്‌ക്കളങ്കരായി ജീവിച്ചുപോരുന്ന ഗ്രാമീണ ജനങ്ങളിലേക്ക് കടന്നുചെന്ന് നൂറ്റാണ്ടുകളായി അവിടെ നിലനിൽക്കുന്ന ഐക്യവും സ്‌നേഹവും തകർത്തുകൊണ്ടേയിരിക്കുന്നു. എല്ലാവരും പരസ്പരം സംശയിക്കാൻ തുടങ്ങിയിരിക്കുന്നു. ആരും ആരെയും വിശ്വസിക്കാതായിരിക്കുന്നു. മറ്റുള്ളവരെ നന്നായി കുറ്റപ്പെടുത്തി സംസാരിക്കാൻ അറിയുന്നവരെ ജനം ഇഷ്ടപ്പെടാൻ തുടങ്ങിയിരിക്കുന്നു. ശേഷിയുള്ള നിഷേധികൾക്ക് ജനം പിന്തുണ നൽകുന്നു.
അവനവൻ എന്തുകൊണ്ട് ശരിയാണ് എന്ന് വിശദീകരിക്കാനോ ആ ശരിയിലേക്ക് യുക്തിപൂർവം ആളുകളെ ക്ഷണിക്കാനോ ശ്രമിക്കുന്നവർ പരിമിതമാണ്. നന്മയിലേക്ക് മറ്റുള്ളവരെ ക്ഷണിക്കുന്നതിനു പകരം അന്യരുടെ കുറ്റങ്ങളും കുറവുകളും വീഴ്ചകളും ഉള്ളതും ഇല്ലാത്തതും പർവതീകരിച്ച് വിശദീകരിക്കാനാണ് അധിക പേരും ശ്രമിച്ചുകാണുന്നത്. മറ്റുള്ളവരെല്ലാം മോശക്കാരാണെന്ന് സ്ഥാപിച്ചു കഴിഞ്ഞാൽ താൻ ശരിയാണെന്ന് പ്രത്യേകം വിശദീകരിക്കേണ്ടതില്ലല്ലോ.
മറ്റു മതങ്ങളിലും വിശ്വാസികളിലും കാണപ്പെടുന്ന നന്മകൾ അംഗീകരിക്കുകയും അവരെയും ബഹുമാനിക്കുകയും അവരുടെ വിശ്വാസപ്രമാണങ്ങൾക്കും ആചാരങ്ങൾക്കും മുറിവേൽപ്പിക്കാതെ ശ്രദ്ധിക്കുകയും ചെയ്തുകൊണ്ടുതന്നെ അവരവരുടെ വിശ്വാസപ്രമാണങ്ങളുടെ സവിശേഷതകളും സൗന്ദര്യവും ജനങ്ങളോട് പറയുകയാണ് വേണ്ടത്. അങ്ങനെ ചെയ്യുന്നവരോട് ഒരു വിഭാഗം അസംതൃപ്തി കാണിച്ചുവെന്ന് വരാം. ഒരു രാഷ്ട്രീയകക്ഷിയിൽപ്പെട്ടവർ സ്വന്തം പാർട്ടിയുടെ പരിപാടികളും ലക്ഷ്യങ്ങളും നേട്ടങ്ങളും അതിൽ അന്തർലീനമായ നന്മകളും വിശദീകരിക്കാനാണ് ശ്രമിക്കേണ്ടത്. പകരം പലരും അന്യരെ ഇടതടവില്ലാതെ ആക്ഷേപിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്ത് കൈയടി വാങ്ങാനാണ് ശ്രമിച്ചുകാണാറുള്ളത്. പക്വമായ പ്രതികരണങ്ങൾക്ക് ജനപിന്തുണ കുറവുമായിരിക്കും.
നമ്മുടെ ഡിജിറ്റൽ മീഡിയകളിൽ ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്ന വിഷം കലർന്ന ദുഷ്പ്രചാരണങ്ങൾക്ക് കൈയും കണക്കുമില്ല. ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനും അവരുടെ പരസ്പര ബഹുമാനവും വിശ്വാസവും സ്‌നേഹവും തകർക്കുന്നതിനും ബോധപൂർവമായി പരിശ്രമം നടത്തുന്ന അനേകം ഓൺലൈൻ ചാനലുകൾ ഉണ്ട്. അവർ ചെയ്തുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങൾ ആരും തടയുന്നതായി കാണുന്നില്ല. വിദ്വേഷവും കുടിപ്പകയും വ്യവസായിക അടിസ്ഥാനത്തിൽ വിറ്റഴിക്കുന്നത് തടയുവാൻ ഭരണാധികാരികളോ പൊലിസോ നീതിപീഠങ്ങളോ ഉത്തരവാദപ്പെട്ട മറ്റുള്ളവരോ ശ്രമിച്ചുകാണാറില്ല.
ചുരുക്കിപ്പറഞ്ഞാൽ എല്ലാവരിലും നന്മ കണ്ടെത്താനോ വിശ്വാസപ്രമാണങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും വ്യക്തിത്വങ്ങളെയും അംഗീകരിക്കാനോ ബഹുമാനിക്കുവാനോ ഒരാൾ മുതിരുന്നത് ഇവിടെ അപരാധമായി കാണുന്നു. വർഗീയവാദികൾക്കും വിഘടനവാദികൾക്കും ഛിദ്രശക്തികൾക്കും വിഭാഗീയതയുടെ വക്താക്കൾക്കും ജനത്തിൽ ഓരോ വിഭാഗമെങ്കിലും പിന്തുണ നൽകുന്നു. മറ്റൊരാളെക്കുറിച്ച് നല്ലത് പറയുന്നത് അധികമാളുകൾക്കും ഇഷ്ടമല്ല. ബഹുസ്വരത, മതേതരത്വം, ഭരണഘടന, ജനാധിപത്യം, പൗരാവകാശം ഇതെല്ലാം ഉയർത്തിപ്പിടിക്കുന്നവർക്ക് പൊതുവേ ജനപിന്തുണ കുറഞ്ഞുവരികയാണ്. ഇതൊന്നും ഭരണാധികാരികൾക്കും താൽപ്പര്യമില്ലാത്ത വിഷയമാണ്.
അടുത്ത ഭരണവും സ്വയാത്തമാക്കുവാൻ നാട്ടുകാർക്കിഷ്ടമുള്ളത് പറയുക, അവരെ വർഗീയഭ്രാന്ത് പിടിപ്പിച്ച് തമ്മിൽ തമ്മിൽ തലതല്ലി മരിക്കുന്ന സാഹചര്യം ഉണ്ടാക്കുക അതുവഴി വോട്ട് പിടിക്കുക - ലക്ഷ്യം അത്രയും സങ്കുചിതമായി മാറിക്കഴിഞ്ഞു. വീടും വിദ്യാഭ്യാസവും ആരോഗ്യവും തൊഴിലും കൂലിയും ചോദിക്കുന്നവരോട് ജാതിയും മതവും പറയുക. അവന്റെ ജീവിതഗന്ധിയായ ചോദ്യങ്ങൾ കേട്ടില്ലെന്ന് നടിക്കുക. ഇതാണ് ഭരണകൂടത്തിന്റെ രീതി. നിയമങ്ങളാവട്ടെ എട്ടുകാലി വലകളാണ്. അതിൽ ചെറിയ പ്രാണികൾ മാത്രം കുടുങ്ങുന്നു. പൂച്ചയോ എലിയോ അതിലേക്ക് ചാടിയാൽ വലയും. അതിന്റെ നിർമാതാവും സംരക്ഷകനുമായ എട്ടുകാലിയും മൊത്തം തകർന്നു താഴെ വീഴുന്നു.
രാജ്യസ്‌നേഹവും ദൈവവിശ്വാസവും കുത്തകയാക്കി വയ്ക്കുന്നുവെന്ന നാട്യക്കാർക്കാവട്ടെ രാജ്യമെന്തെന്നോ സ്‌നേഹമെന്തെന്നോ മതമെന്തെന്നോ സത്യത്തിൽ അറിഞ്ഞുകൂടാ. അവർ അതിന്റെയെല്ലാം അടയാളങ്ങൾ വിറ്റ് കാശാക്കുന്നവരാണ്. ഒരു മതത്തിന്റെയും അന്തഃസത്ത അവൻ കാര്യമാക്കുന്നില്ല. ഒരു വേദഗ്രന്ഥവും വർഗീയവാദികളിൽ ജീവിക്കുന്നില്ല. വർഗീയമായി ചിന്തിക്കുകയും മതങ്ങളെ കച്ചവടച്ചരക്കാക്കുകയും അധികാരത്തിലേക്കുള്ള വഴിയാക്കുകയും ചെയ്യുന്നവർക്കൊന്നും മതവും ദൈവവും എന്താണെന്നറിയില്ല. അധികാരമാണ്- പണമാണ് -ആഡംബരങ്ങളാണ് -ഭൗതിക സുഖങ്ങളാണ് ഇന്ന് ഭൂരിപക്ഷം മനുഷ്യരും അന്വേഷിക്കുന്നത്. അവർ എന്തിനെയും വിൽപ്പന ചരക്കാക്കി വിറ്റഴിക്കുന്നു.മതവും രാഷ്ട്രീയവും അധികാരവും പണവും ഇപ്പോഴെ അവർ വേണ്ടത്ര അനുഭവിച്ചുകൊണ്ടിരിക്കുന്നു. ആ അവകാശം അവർക്കുതന്നെ പതിച്ചുനൽകാനും സ്ഥിരപ്പെടുത്താനും നാം നമ്മളാലാവുന്നത് ചെയ്തുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിന് അന്ത്യം കുറിക്കാൻ ആരെയോ കാത്തിരിക്കുന്നവരാണ് നാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."