ബൈപ്പാസിന്റെ മറവില്‍ കൊട്ടാരക്കര നഗരമധ്യത്തില്‍ കുന്നിടിച്ച് മണ്ണ് കടത്തുന്നു
കൊട്ടാരക്കര: നഗരമധ്യത്തില്‍ വന്‍തോതില്‍ കുന്നിടിച്ച് മണ്ണ് കടത്തുന്നു. കൊല്ലം ബൈപ്പാസ് നിര്‍മാണത്തിനെന്ന വ്യാജേനയാണ് മണ്ണ് കടത്ത്. നിരവധി ആഴ്ചകളായി ഇവിടെ മണ്ണ് കടത്തുന്നത് തുടരുന്നുണ്ടെങ്കിലും അധികൃതരും രാഷ്ട്രീയ പാര്‍ട്ടികളും കണ്ടില്ലെന്ന് നടിക്കുകയാണ്.
എം.സി റോഡരികില്‍ പുലമണ്‍ കവലയ്ക്കും ലോവര്‍ കരിക്കത്തിനുമിടയിലും വണ്‍വേയായ ലോട്ടസ് റോഡിനുമരികിലുമാണ് പരസ്യമായ കുന്നിടിക്കലും മണ്ണ് കടത്തും നടക്കുന്നത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നൂറുകണക്കിന് ലോഡ് മണ്ണ് രണ്ടിടത്തുനിന്നും കടത്തിക്കൊണ്ടു പോയിട്ടുണ്ട്. എം.സി റോഡരികില്‍ 80 അടിയോളം ഉയരമുള്ള കുന്നാണ് ഇടിച്ചു നിരത്തുന്നത്. കൊല്ലം ബൈപ്പാസ് നിര്‍മാണാവശ്യത്തിനായി മണ്ണ് എടുക്കുന്നതിന് പ്രത്യേക അനുമതി ലഭിച്ചിട്ടുള്ളതായാണ് മണ്ണെടുക്കുന്നവരുടെ വാദം. എന്നാല്‍, ഇവിടെനിന്നെടുക്കുന്ന മണ്ണിലധികവും കരുനാഗപ്പള്ളി, ഓച്ചിറ മേഖലകളില്‍ ചതുപ്പ് നിലങ്ങള്‍ നികത്തുന്നതിനായി കടത്തികൊണ്ട് പോകുകയാണ്.
ഇങ്ങനെ കടത്തുന്ന മണ്ണിന് ലോഡ് ഒന്നിന് പതിനായിരം രൂപവരെ ഈടാക്കുന്നുണ്ട്. മണ്ണ്കടത്ത് വിവാദമായതോടെ ഉന്നതതല അന്വേഷണം ആരംഭിച്ചതായാണ് വിവരം. എന്നാല്‍ ജില്ലാ പൊലിസ് ആസ്ഥാനവും താലൂക്ക് ഓഫിസും തൊട്ടടുത്തായിട്ടും ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളോ മണ്ണെടുപ്പ് നിര്‍ത്തിവയ്പ്പിക്കാനോ ഇതുവരെ നടപടികള്‍ ഉണ്ടായിട്ടില്ല. സ്വകാര്യ സംരംഭകരാണ് ഇവിടെ നിയമലംഘനം നടത്തുന്നത്. കുന്നിടിക്കലും മണ്ണെടുപ്പും ഇവിടെ ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു. ഇവിടെ മണ്ണെടുക്കുന്ന ഭാഗം മറച്ചുകൊണ്ടാണ് മണ്ണ് കടത്തുന്നത്. മണ്ണ് കടത്താന്‍ ടിപ്പര്‍ലോറികളും ഇവിടെ നിരയായി കാത്തുകെട്ടി ക്കിടക്കുന്നു. അതേസമയം, ടിപ്പര്‍ ലോറികളുടെ ബാഹുല്യം അടുത്തകാലത്ത് നല്ല രീതിയില്‍ പുനര്‍:നിര്‍മിച്ച ഈ റോഡിന്റെ തകര്‍ച്ചയ്ക്കും കാരണമായിട്ടുണ്ട്. അധികൃതരെ അമര്‍ച്ച ചെയ്താണ് നഗരമധ്യത്തില്‍തന്നെ നടക്കുന്ന ഈ കുന്നിടിക്കലും മണ്ണെടുപ്പുമെന്ന് ജനങ്ങള്‍ പറയുന്നു. പൊലിസ്, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഈ ഭാഗങ്ങളിലേക്ക് എത്തിനോക്കാത്തതും ഇതുമൂലമാണ്.
ഭരണപ്രതിപക്ഷ ഭേദമെന്യേ രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും ഇതിനെതിരേ മൗനം പാലിക്കുകയാണ്. സംഘടനാപരമായും വ്യക്തിപരമായും സംഭാവനകള്‍ സ്വീകരിച്ചവരാണ് ഇവരില്‍ അധികം പേരുമെന്നാണ് ആരോപണം. കൊല്ലം ബൈപ്പാസിന്റെയും റെയില്‍വേ പാത ഇരട്ടിപ്പിക്കലിന്റെയും പേരില്‍ കിഴക്കന്‍ മേഖലയിലെ അവശേഷിക്കുന്ന മൊട്ടക്കുന്നുകളും കരഭൂമികളും മണ്ണ് മാന്തികള്‍ കൈയടക്കിക്കഴിഞ്ഞു.
എന്നാല്‍, എടുക്കുന്ന മണ്ണിലധികവും ഈ നിര്‍മാണ മേഖലയില്‍ എത്തിച്ചേരുന്നില്ല എന്നതാണ് വാസ്തവം. ഇത് പരിശോധിക്കാനും നടപടികള്‍ ഇല്ല. മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടും നിയമന ലംഘനങ്ങള്‍ക്കെതിരേ പ്രതികരിക്കാനും ആരും തയാറാകുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."