ചരിത്രം സൃഷ്ടിച്ച ധീരവനിതകള്‍
പാലേമ്പടിയന്‍ ബീവി
എടപ്പറ്റയിലും ഏപ്പിക്കാടും മേലാറ്റൂരുമെല്ലാം വെള്ളപ്പട്ടാളത്തിന്റെ തേര്‍വാഴ്ച തുടങ്ങിയത് പാണ്ടിക്കാട് യുദ്ധത്തിന് ശേഷമാണ്. മലബാര്‍ ബ്രിട്ടിഷ് അധിനിവേശത്തിനു കീഴിലായിരുന്ന കാലത്ത് ബ്രിട്ടിഷ് പട്ടാളത്തിന്റെ എസ്‌കോര്‍ട്ടോടു കൂടി ഏപ്പിക്കാട് വഴി മേലാറ്റൂരിലേക്ക് പോവുകയായിരുന്ന സായിപ്പിനെയും മദാമ്മയെയും വഴിമധ്യേ ചില പ്രദേശവാസികള്‍ കിലോമീറ്ററോളം പിന്തുടര്‍ന്ന് ചീത്തവിളിക്കുകയും കല്ലെറിയുകയും ചെയ്തു. തുടര്‍ന്ന് ബ്രിട്ടിഷ് പട്ടാളം ഏപ്പിക്കാട്ടേക്ക് ഇരച്ചുകയറി. അതോടെ പ്രദേശത്തെ ആരോഗ്യമുള്ള ആണുങ്ങളെല്ലാം മുനാടിയിലെ കൊടും വനമായ പറയന്‍മാട്ടില്‍ അഭയംപ്രാപിച്ചു.
വെള്ളപ്പട്ടാളം ദേശത്തെ പാവങ്ങളുടെ കൂരകളില്‍ കയറി അഴിഞ്ഞാടി. കുടിലുകളില്‍ ഒരാളേയും കാണാത്തതിനാല്‍ പട്ടാളത്തിന്റെ രോഷം മൂര്‍ച്ഛിച്ചു. കണ്ണില്‍ കണ്ടതെല്ലാം കൊള്ളയടിച്ചു പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കൂരകളെല്ലാം അഗ്‌നിക്കിരയാക്കി. ഈ സമയം പലേമ്പടിയന്‍ ബീവിയും സംഘവും ഒളിച്ചിരുന്നത് അപകടകരമായ ഒരു തോട്ടിലായിരുന്നു. പൂര്‍ണ ഗര്‍ഭിണിയായ ബീവിയും കൂടെയുള്ള 70 പേരും പട്ടാളത്തിന്റെ സാന്നിധ്യമറിഞ്ഞതോടെ നിശബ്ദത പാലിച്ചു. എന്നാല്‍ കൂട്ടത്തിലുളള ഒരു കുട്ടി കരഞ്ഞതോടെ പട്ടാളം തോട്ടിലേക്കിറങ്ങി. പ്രതികരിക്കാന്‍ ആദ്യം ഇറങ്ങിയ ആണുങ്ങളെ ഓരോരുത്തരേയും വെടിവെച്ച് കൊന്നു. യുവതികള്‍ ഉമ്മമാരുടെ മുന്നില്‍വെച്ച് ബലാത്സംഗം ചെയ്യപ്പെട്ടു. പട്ടാളവുമായുള്ള പ്രതിരോധത്തിനിടെ ഓരോരുത്തരും വീരമരണം പ്രാപിച്ചു. അവസാനം പട്ടാളം പാലേമ്പടിയന്‍ ബീവിയുടെ സമീപത്ത് എത്തി. ബീവി മാറോടണക്കി പിടിച്ചിരുന്ന പൊന്നോമന മകളെ ബലമായി പിടിച്ചുവലിച്ചു. മനുഷ്യത്വം മരവിച്ച പട്ടാളം കുഞ്ഞുമോളെ മുകളിലേക്കെറിഞ്ഞു. താഴോട്ടുള്ള വീഴ്ചയില്‍ ആ കുരുന്ന് പട്ടാളത്തിന്റെ വാരിക്കുന്തത്തില്‍ തുളഞ്ഞ് കയറി അന്ത്യശ്വാസം വലിച്ചപ്പോള്‍ മാതാവ് ബോധരഹിതയായി.
ബീവിയെ വലിച്ചെഴുന്നേല്‍പ്പിച്ചപ്പോഴാണ് അവര്‍ പൂര്‍ണ ഗര്‍ഭിണിയാണെന്ന് പട്ടാളക്കാര്‍ക്കു മനസ്സിലായത്. അതോടെ ബീവിയെ വെറുതെ വിട്ടു. ബാക്കിയുള്ളവരെയെല്ലാം കൊല ചെയ്തിരുന്നു. ബീവിയുടെ ഭര്‍ത്താവ് ചാലില്‍ മൊയ്തീനും പട്ടാളത്തിന്റെ വെടിയേറ്റ് വീരമൃത്യു വരിച്ചു. കലാപം ഭയന്ന് നാടുവിട്ട മകന്‍ കുഞ്ഞിപ്പു മാത്രമായിരുന്നു ബീവിയുടെ മക്കളില്‍ അവശേഷിച്ചത്. ഗര്‍ഭസ്ഥ ശിശുവിനെ സമരാനന്തരം പ്രസവിച്ചു. ചോരയില്‍ കുളിച്ച് നില്‍ക്കുന്ന മകളുടെ മയ്യിത്ത് തോളിലേറ്റി ദുഖം കടിച്ചുപിടിച്ച് അവര്‍ വീട്ടിലേക്ക് നടന്നു. ഒരു ഖബര്‍ കുഴിച്ച് മയ്യിത്ത് അവിടെ സംസ്‌കരിച്ചു. ഈ ദാരുണ സംഭവം കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷമാണ് പറയന്‍മാട്ടില്‍ നിന്ന് പുരുഷന്‍മാര്‍ നാട്ടില്‍ തിരിച്ചെത്തിയത്.
എടപ്പറ്റ ദുരന്തത്തില്‍ വീരചരമം പ്രാപിച്ച രക്തസാക്ഷികള്‍ മലപ്പുറം ജില്ലയിലെ എടപ്പറ്റ പഞ്ചായത്തിലെ ഏപ്പിക്കാട് ഗവ. ഹൈസ്‌കൂളിന് സമീപമുള്ള നിലമ്പതിയിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. ബ്രിട്ടിഷ് പട്ടാളം വാരികുന്തത്തിന്മേല്‍ എറിഞ്ഞു കൊന്ന ബീവിയുടെ കുഞ്ഞിന്റെ ചെറിയ ഖബര്‍ ചാലില്‍ കുഞ്ഞിപ്പുഹാജിയുടെ ചെറിയ മകനായ ചാലില്‍ അബ്ദുല്‍ ഖാദറിന്റെ പുത്രന്‍ റിയാസ് മോന്‍ സിയുടെ പേരിലുള്ള സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. ഈ ഖബര്‍ പ്രത്യേകമായി കെട്ടി സംരക്ഷിച്ചിരിക്കുന്നു. പാലമ്പേടിയന്‍ ബീവി 1965ല്‍ തന്റെ 80ാമത്തെ വയസില്‍ ഈ ലോകത്തോട് വിടപറഞ്ഞു. എടപ്പറ്റ പഞ്ചായത്തില്‍ ഏപ്പിക്കാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലാണ് ആ ധീരവനിത അന്ത്യവിശ്രമം കൊള്ളുന്നത്.
വിവാഹനാളിലെ രക്തസാക്ഷിത്വം
ഉമ്മാച്ച
വിവാഹനാളില്‍ രക്തസാക്ഷിത്വം വരിച്ച ഒരു വീരാംഗനയാണ് ഉമ്മാച്ച. കൊണ്ടോട്ടിക്കടുത്ത ചെറുകാവ് ഗ്രാമപഞ്ചായത്തിലെ പൂത്തുപാടത്താണ് ഉമ്മാച്ചയും പ്രിയതമനും ബ്രിട്ടിഷുകാരുടെ മനസാക്ഷിയില്ലാത്ത ക്രൂരതയ്ക്ക്് ഇരയായത്.
ബ്രിട്ടിഷ് സിംഹാസനത്തെ വിറകൊള്ളിച്ച സുല്‍ത്താന്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് ബ്രിട്ടിഷ് ഗവണ്‍മെന്റ് ഇനാം പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് വാരിയന്‍കുന്നനെ അന്വേഷിച്ചുകൊണ്ടാണ് ബ്രിട്ടിഷുകാര്‍ പൂത്തുപാടത്ത് എത്തിയത്. പട്ടാളം വീടുകളില്‍ കയറി മാപ്പിളമാരെ അറസ്റ്റ് ചെയ്തു.
ഈ വേളയിലായിരുന്നു കൊന്നക്കോടന്‍ കരങ്ങാട്ട് കുട്ടിഹസ്സനും ഉമ്മാച്ചയും തമ്മിലുള്ള നിക്കാഹ് നടന്നത്. ലളിതമായ ചടങ്ങായിരുന്നു. തൊട്ടടുത്ത വീട്ടുകാരും വിരലില്‍ എണ്ണാവുന്ന കുടുംബങ്ങളും മാത്രമായിരുന്നു പങ്കാളികളായത്. നിക്കാഹാനന്തരം നവദമ്പതികള്‍ അവരുടെ ഓലക്കുടിലില്‍ എത്തി. അധിക സമയമായില്ല, വെള്ളപ്പട്ടാളത്തിന്റെ ബൂട്ടിന്റെ ശബ്ദം പ്രദേശത്തെ പ്രകമ്പനം കൊള്ളിച്ചു. പട്ടാളം ആകാശത്തേക്ക് വെടിവെച്ചു. അവര്‍ കുട്ടിഹസ്സനും ഉമ്മാച്ചയും താമസിക്കുന്ന കുടില്‍ വളഞ്ഞു. കുട്ടിഹസ്സന്‍ ധീരനായിരുന്നു. പട്ടാളം വീട് വളഞ്ഞപ്പോള്‍ അദ്ദേഹം പുറത്തുവന്നു. ഒരു കൂസലുമില്ലാതെ നെഞ്ച് വിരിച്ച് ധീരതയോടെ നിന്നു. പട്ടാളക്കാരോട് കാഞ്ചി വലിക്കാന്‍ മേലുദ്യോഗസ്ഥന്‍ ഉത്തരവിട്ടു.
ഇത് കേട്ട് പുറത്തേക്ക് ഓടിവന്ന ഉമ്മാച്ചയെ കുട്ടിഹസ്സന്‍ തന്റെ പിന്നിലേക്ക് തള്ളിനിര്‍ത്തി. എന്നാല്‍ ധീരയായ ഉമ്മാച്ച തന്റെ ഭര്‍ത്താവിനെ വകഞ്ഞുമാറ്റി മുന്നിലേക്ക് വന്ന് ബ്രിട്ടിഷ് പട്ടാളത്തോട് ഒരു ഈറ്റപ്പുലിയെ പോലെ ഗര്‍ജിച്ചു: 'ബെക്കടാ ബെടി, ബെക്കടാ...' ഉമ്മാച്ചയുടെ ആക്രാശം കേട്ട പട്ടാളം ആ വീരാംഗനയുടെ കാല്‍മുട്ടിന് വെടിയുതിര്‍ത്തു. വെടിയേറ്റെങ്കിലും ഉമ്മാച്ച പതറിയില്ല. വര്‍ധിത വീര്യത്തോടെ തന്റെ ഭര്‍ത്താവിന് മുന്നില്‍ നിന്ന് നെഞ്ചിലേക്ക് കൈചൂണ്ടി വീണ്ടും ആക്രോശിച്ചു: 'ബെക്കടാ... ബെടി, ഇബടേക്ക് തന്നെ ബെക്ക്.' പട്ടാളം ഉമ്മാച്ചയുടെ മാറിലേക്ക് തുരുതുരാ വെടിയുതിര്‍ത്തു. ആ നവവധു പ്രിയതമന്റെ കരങ്ങളില്‍ കിടന്ന് പിടയുന്ന വേളയില്‍ കുട്ടിഹസ്സന്റെ നെഞ്ചിലേക്കും പട്ടാളം വെടിയുതിര്‍ത്തു. അങ്ങനെ വിവാഹനാളില്‍ ആ യുവമിഥുനങ്ങള്‍ വീരരക്തസാക്ഷിത്വം വരിച്ചു. പട്ടാളത്തിന്റെ വെടിയേറ്റ് വീണ സ്ഥലത്ത് തന്നെ ആ വീര ശുഹദാക്കളെ ഖബറടക്കി. മലബാര്‍ മാപ്പിള സമരത്തിന്റെ സ്മാരക ശിലയായി ആ ഖബറുകള്‍ പൂത്തുപാടത്ത് ഇന്നും നിലകൊള്ളുന്നു.
വെടിയുണ്ട കൂസാത്ത സ്‌നേഹം
കദിയാമു
വെള്ളപ്പട്ടാളത്തിന്റെ നരനായാട്ട് നടന്ന സ്ഥലങ്ങളാണ് മലപ്പുറത്തിന് സമീപമുള്ള അധികാരത്തൊടി, മേല്‍മുറി, കോണോംപാറ പ്രദേശങ്ങള്‍. 1921 ഒക്ടോബര്‍ 25ന് പുലര്‍ച്ചെ മേല്‍മുറിയില്‍ ബ്രിട്ടിഷ് പട്ടാളം നടത്തിയ നരഹത്യയില്‍ നിരപരാധികളായ 246 പേരാണ് വീരമൃത്യു വരിച്ചത്. ക്രൂരതക്ക് കുപ്രസിദ്ധി നേടിയ സൈനിക വിഭാഗമായ ഡോര്‍സെറ്റ് റെജിമെന്റ് ആയിരുന്നു കൂട്ടക്കൊലക്ക് നേതൃത്വം കൊടുത്തത്. ലഫ്റ്റനന്റ് ഹെവിക്, ലഫ്. ഗോഫ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പട്ടാളം വൃദ്ധരേയും കുട്ടികളേയും സ്ത്രീകളേയും രോഗം ബാധിച്ച് കിടപ്പിലായവരെ പോലും വെടിവെച്ചുകൊന്നു.
പട്ടാളം കോണോംപാറയില്‍ സംഹാരതാണ്ഡവമാടുന്ന വേളയില്‍ അസുഖം ബാധിച്ച് കിടപ്പിലായ പിതാവ് അരീപുറം പാറക്കല്‍ കുഞ്ഞീന്‍ ഹാജിയെ ശുശ്രൂഷിക്കാനായി പ്രിയതമന്റെ കൂടെ വന്നതായിരുന്നു മകള്‍ കദിയാമു. പത്തായത്തിന്മേല്‍ രോഗശയ്യയിലായിരുന്ന പിതാവിനെ വെള്ളപട്ടാളം വലിച്ചിഴച്ച് കൊണ്ടുപോകുന്നത് നോക്കിനില്‍ക്കാന്‍ ആ മകള്‍ക്ക് കഴിഞ്ഞില്ല.
പട്ടാളത്തെ തടയാന്‍ കദിയാമു ധൈര്യപൂര്‍വം മുന്നോട്ടുവന്നു. പട്ടാളം തോക്കിന്റെ ബയനറ്റുകൊണ്ട് കുത്തിയകറ്റാന്‍ ശ്രമിച്ചു. അവള്‍ പിന്മാറിയില്ല. പട്ടാളം രോഗിയായ കുഞ്ഞീന്‍ ഹാജിയെ പുറത്തേക്ക് കൊണ്ടുവന്ന് തൊടിയില്‍ കമിഴ്ത്തിക്കിടത്തി. മകള്‍ പിന്നാലെ ഓടിവന്നു പിതാവിന് പട്ടാളത്തിന്റെ വെടിയുണ്ട ഏല്‍ക്കാതിരിക്കാന്‍ അദ്ദേഹത്തെ കെട്ടിപ്പിടിച്ച് കിടന്നു. ഇതു കണ്ടിട്ടും പട്ടാള മനസ്സിനു യാതൊരു ഇളക്കവും സംഭവിച്ചില്ല. കദിയാമുവിനേയും അസുഖബാധിതനായ കുഞ്ഞീന്‍ഹാജിയേയും അവര്‍ വെടിവച്ച് കൊന്നു.
വീര രക്തസാക്ഷിത്യം വരിച്ച കുഞ്ഞീന്‍ഹാജി, മകള്‍ കദിയാമു, മകന്‍ അയമു, മരുമകന്‍ നാണത്ത് ഉണ്യാലി എന്നിവര്‍ കോണോംപാറയിലെ ചീരങ്ങന്‍ തൊടിയിലെ ഒരു ഖബറില്‍ ഒരുമിച്ചാണ് അന്ത്യവിശ്രമം കൊള്ളുന്നത്.
ഖിലാഫത്ത് രാജ്ഞി
പറവെട്ടി ഫാത്വിമ (മാളു ഹജ്ജുമ്മ)
വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പ്രിയ പത്‌നി പറവെട്ടി ഫാത്വിമ എന്ന മാളു ഹജ്ജുമ്മ എല്ലാ പടയോട്ടങ്ങളിലും ഹാജിയോടൊപ്പമുണ്ടായിരുന്നു. അക്കാലത്ത് മലയാളം എഴുതാനും വായിക്കാനും കത്തുകള്‍ക്ക് ഇംഗ്ലീഷില്‍ മേല്‍വിലാസം എഴുതാനും അറിയുന്ന അപൂര്‍വം സ്ത്രീകളിലൊരാളായിരുന്നു മാളു ഹജ്ജുമ്മ. അവരുടെ സഹോദരന്‍മാര്‍ക്കും ഭാഷാജ്ഞാനമുണ്ടായിരുന്നു. കരുവാരകുണ്ടിലെ പ്രഥമ വിദ്യാലയമായ കണ്ണത്ത് സ്‌കൂളിന് സ്ഥലം സംഭാവന നല്‍കിയത് ഈ മഹദ്‌വനിതയായിരുന്നു. മക്കളില്ലാത്ത ഇവരുടെ സ്വത്ത് മുഴുവന്‍ കരുവാരക്കുണ്ട്, മാമ്പുഴ, തുവൂര്‍ പള്ളികള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും വഖ്ഫ് ചെയ്തു. തന്റെ ഭൂസ്വത്ത് സംബന്ധിച്ച് നടന്നുവന്ന കേസുകള്‍ക്ക് മഞ്ചേരി, കോഴിക്കോട് കോടതികളില്‍ ഒറ്റയ്ക്ക് യാത്രചെയ്തു ഹാജരായി.
വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ച് New castle Daily Chronicle (UK) എന്ന ബ്രിട്ടിഷ് പത്രത്തില്‍ 1922 ജനുവരി 24ന് പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ മാളു ഹജ്ജുമ്മയെ വിശേഷിപ്പിച്ചത് ഖിലാഫത്ത് രാജ്ഞി എന്നാണ്.
മാളു ഹജ്ജുമ്മയെ കുറിച്ച് കെ. മാധവന്‍ നായര്‍ തന്റെ മലബാര്‍ കലാപം എന്ന കൃതിയില്‍ രേഖപ്പെടുത്തിയത് ഇപ്രകാരമാണ്: 'അരയും തലയും മുറുക്കി കൈയില്‍ വാളും ധരിച്ച് പടക്കളത്തില്‍ ഭര്‍ത്താവിനോടൊരുമിച്ച് മാളു പോരാടാറുണ്ടായിരുന്നുവത്രേ.'
മാധവന്‍ നായര്‍ തുടരുന്നു: 'കുഞ്ഞഹമ്മദ് ഹാജി മാളുവിനെ കെട്ടിയതിനു ശേഷം മാളുവിന് ഹാജിയാരോടു കൂടി കുറെ കാലം സഞ്ചരിക്കേണ്ടി വന്നു. കുറച്ചുകാലം അവള്‍ ഹാജിയെ പിരിഞ്ഞും കാട്ടില്‍ സഞ്ചരിക്കേണ്ടി വന്നിട്ടുണ്ട്..' മാളു ഹജ്ജുമ്മ 1961ല്‍ തന്റെ 82ാം വയസ്സിലാണ് മരിച്ചത്.
വീര മാതാവ്
കുഞ്ഞായിശ ഹജ്ജുമ്മ
ചക്കിപറമ്പന്‍ കുടുംബത്തിലെ വാരിയന്‍കുന്നത്ത് മൊയ്തീന്‍കുട്ടി ഹാജി വിവാഹം ചെയ്തത് തുവ്വൂര്‍ സ്വദേശി പറവെട്ടി ഉണ്ണിമമ്മദ് ഹാജിയുടെ മകള്‍ കുഞ്ഞായിശ ഹജ്ജുമ്മയെ ആയിരുന്നു. ഈ ദാമ്പത്യത്തില്‍ പിറന്ന പുത്രനാണ് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി.
കൊളോണിയല്‍ ജന്മിവിരുദ്ധ സമരത്തില്‍ ഏര്‍പ്പെട്ടതിന് കുഞ്ഞഹമ്മദ് ഹാജിയുടെ പിതാവിനെ ബ്രിട്ടിഷ് ഗവണ്‍മെന്റ് അന്തമാനിലേക്ക് നാടുകടത്തി. ഈ ഘട്ടങ്ങളില്‍ പതറാതെ കുഞ്ഞായിശുമ്മ കുടുംബത്തിന് തണലായി നിന്നുകൊണ്ട് കോളോണിയല്‍ വരുദ്ധ പോരാട്ടങ്ങളില്‍ മുമ്പില്‍ നിന്നു. പുത്രന്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഒരു കൊളോണിയല്‍ വിരുദ്ധ പോരാളിയാക്കുന്നതില്‍ കാര്യമായ പങ്കുവഹിച്ചത് മാതാവ് കുഞ്ഞായിശ ഹജ്ജുമ്മയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."