പീഡന മുറിയില്‍ ഞാനും അവരിലൊരാളായിരുന്നു'
'മരങ്ങളില്‍നിന്നാണ് ഞാന്‍ പഠിക്കുന്നത്. പാകമാകും മുമ്പ് കുറെ പഴങ്ങള്‍ അടര്‍ന്നു വീഴും. അതോടെയാണ് മറ്റു പഴങ്ങള്‍ ആരോഗ്യത്തോടെ വളരുന്നത്. ഞാന്‍ മനസില്‍ കാണുന്ന ശരിയായ ചിത്രത്തെ തെരഞ്ഞെടുക്കാന്‍ മറ്റുള്ളവയെ മനപ്പൂര്‍വം മറക്കും. അങ്ങനെയാണൊരു നല്ല കവിത വരുന്നത്' - കവി മൗറിദ് ബര്‍ഗൂതി ഒരിക്കല്‍ പറഞ്ഞു. ജന്മനാട്ടില്‍ നിന്ന് പുറന്തള്ളപ്പെട്ട് ജീവിതത്തിന്റെ മുക്കാല്‍ പങ്കും അന്യനാട്ടില്‍ കഴിയേണ്ടിവന്നൊരാള്‍. ജീവിതത്തിന്റെ വലിയൊരു പങ്കും കെയ്‌റോയിലും അമ്മാനിലും ലബനാനിലും ഹംഗറിയിലുമായിരുന്നു ഫലസ്തീന്‍ കവി ബര്‍ഗൂതിയുടെ ജീവിതം. 77ാം വയസില്‍ അമ്മാനില്‍വച്ച് മരിക്കുമ്പോള്‍ മൂന്നു ഭൂഖണ്ഡങ്ങളിലായി 46 വീടുകളില്‍ താമസിച്ചിരുന്നു അദ്ദേഹം. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ റാമല്ലക്കടുത്ത് ദേര്‍ ഗസാനേഹ് ഗ്രാമത്തില്‍ 1944ലായിരുന്നു ബര്‍ഗൂതിയുടെ ജനനം. 1963ല്‍ ഇംഗ്ലീഷ് പഠിക്കാന്‍ കെയ്‌റോയിലേക്ക് പോയി. 1967ലെ യുദ്ധത്തില്‍ ഇസ്‌റഈല്‍ വെസ്റ്റ് ബാങ്ക് പിടിച്ചെടുത്തതോടെ ബര്‍ഗൂതിക്ക് ജന്മനാട്ടിലേക്ക് തിരിച്ചെത്താനായില്ല. പിന്നെയുള്ള കാലം കെയ്‌റോ തന്നെയായിരുന്നു ബര്‍ഗൂതിയുടെ വീടുകളിലൊന്ന്. അവിടെ വച്ച് ഈജിപ്ഷ്യന്‍ നോവലിസ്റ്റ് റാദ്‌വ അഷോറിനെ വിവാഹം കഴിച്ചു. അതിലാണ് ബര്‍ഗൂതിയുടെ മകന്‍, അറിയപ്പെടുന്ന അറബ് കവിയും സിനിമാ സംവിധായകനുമായ തമിം അല്‍ ബര്‍ഗൂതി ജനിക്കുന്നത്.
10 വര്‍ഷങ്ങള്‍ക്കുശേഷം ബര്‍ഗൂതിയോട് ഈജിപ്ത് വിടാന്‍ പ്രസിഡന്റ് അന്‍വര്‍ സാദാത്ത് ഉത്തരവിട്ടു. ഇസ്‌റഈലിനു വേണ്ടി ഈജിപ്തുകാരല്ലാത്ത ബുദ്ധിജീവികളെയും എഴുത്തുകാരെയും സാദത്ത് പുറത്താക്കിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. പിന്നാലെ 1977ല്‍ സാദത്ത് ഇസ്‌റാഈല്‍ സന്ദര്‍ശിച്ചു. ബയ്‌റൂത്തിലേക്കായിരുന്നു ബര്‍ഗൂതിയുടെ അടുത്ത പലായനം. അവിടെ നിന്ന് 1981ല്‍ ബുഡാപെസ്റ്റിലേക്കു പോയി. 13 വര്‍ഷം അവിടെ ജീവിച്ച ബര്‍ഗൂതി 1994ല്‍ ഈജിപ്തില്‍ തിരിച്ചെത്തി. ബര്‍ഗൂതിയുടെ കുടുംബത്തിലേക്കുള്ള തിരിച്ചുവരവായിരുന്നു അത്. മകന്‍ തമീമും ഭാര്യ റാദ്‌വ അഷോറിയും അപ്പോഴും ഈജിപ്തില്‍ തന്നെയായിരുന്നു. 1993ല്‍ ഫലസ്തീന്‍ അതോറിറ്റിയും ഇസ്‌റാഈലും തമ്മില്‍ കരാറൊപ്പിട്ട ശേഷമാണ് ബര്‍ഗൂതിക്ക് വീണ്ടുമൊരിക്കല്‍ കൂടി ജന്മനാട് കാണാനായത്. ഐ സോ റാമല്ലയെന്ന ബര്‍ഗൂതിയുടെ ഓര്‍മക്കുറിപ്പുകള്‍ അതിന് പിന്നാലെയായിരുന്നു. പിന്നാലെ ഐ വാസ് ബോണ്‍ ദേര്‍, ഐ വാസ് ബോണ്‍ ഹിയര്‍ എന്ന മറ്റൊരു പുസ്തകം കൂടി ബര്‍ഗൂതി എഴുതി. 12 കവിതാ സമാഹാരങ്ങള്‍ പിന്നാലെയിറങ്ങി. അവയെല്ലാം ഫലസ്തീന്‍ വിമോനചനപ്പോരാട്ടത്തെ ആവേശം കൊള്ളിച്ചതിനൊപ്പം വിവിധ ഭാഷകളിലെ പരിഭാഷകളായി ലോകം ചുറ്റി.
എഡ്വേര്‍ഡ് സഈദിനൊപ്പമോ ഫലസ്തീനി കവി മഹമൂദ് ദര്‍വീശിനൊപ്പമോ ചേര്‍ത്തുവയ്ക്കാവുന്നതായിരുന്നു ബര്‍ഗൂതിയുടെ പേരും. ദര്‍വീശിന്റെ കവിതകളിലൂടെ ഫലസ്തീന്‍ ജീവിച്ചപ്പോള്‍ എഡ്വേര്‍ഡ് സഈദ് ലോകത്തിനു മുന്നില്‍ ഫലസ്തീന്റെ നാവും കണ്ണും മേധാവിത്വവുമായി ബന്ധപ്പെട്ട പാശ്ചാത്യന്റെ ധാരണകളെ തിരുത്തിയെഴുതാന്‍ കഴിഞ്ഞ ബുദ്ധിജീവിയുമായിരുന്നു. എന്നാല്‍ ബര്‍ഗൂതി പൂര്‍ണമായും മറ്റൊന്നായിരുന്നു. തന്നെ പ്രവാസി കവിയെന്നോ ചെറുത്തുനില്‍പ്പ് കവിയെന്നോ ഉള്ള കള്ളികളില്‍ ഒതുക്കിനിര്‍ത്തരുതെന്നും അത് രണ്ടും കണ്ടിട്ടുണ്ടെന്നും ബര്‍ഗൂതി എഴുതിയിട്ടുണ്ട്.
ദര്‍വീശിന്റെ അടുത്ത സുഹൃത്തു കൂടിയായിരുന്നു ബര്‍ഗൂതി. 2008 ഓഗസ്റ്റില്‍ ദര്‍വീശ് മരിച്ചപ്പോള്‍ റാമല്ലയില്‍ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തതിന്റെ ഓര്‍മകള്‍ കൂടി അദ്ദേഹം എഴുതിയിട്ടുണ്ട്. പല പ്രായക്കാര്‍ നെഞ്ചില്‍ പൂക്കളും ചേര്‍ത്തുപിടിച്ചാണ് എത്തിയതെന്ന് ബര്‍ഗൂതി എഴുതി. 'അവര്‍ ധരിച്ചിരുന്ന കുപ്പായങ്ങളില്‍ ദര്‍വീശിന്റെ കവിതാ ശകലങ്ങള്‍ എഴുതിച്ചേര്‍ത്തിരുന്നു. കണ്ണീരും ദുഃഖവുമായിരുന്നു എവിടെയും'. പലായനം കേവലമായ യാത്രകളായിരുന്നില്ല ബര്‍ഗൂതിക്ക്. തിരിച്ചുചെല്ലാനിടമില്ലാത്തവരുടെ യാത്രകളില്‍ ആസ്വാദ്യമായൊന്നുമുണ്ടാകില്ല. 1977ല്‍ താന്‍ ദീര്‍ഘകാലം ജീവിക്കുകയും വിവാഹം കഴിക്കുകയും ചെയ്ത കെയ്‌റോയില്‍ നിന്ന് പുറത്താക്കപ്പെടുമ്പോള്‍ ഉടുവസ്ത്രം മാത്രമായിരുന്നു ബര്‍ഗൂതിക്കുണ്ടായിരുന്നത്. അതൊരു പലായനമായിരുന്നില്ല, പുറന്തള്ളലായിരുന്നു. കൈവിലങ്ങണിയിച്ച് ബര്‍ഗൂതിയെ കൊണ്ടുപോകുമ്പോള്‍ മകന്‍ തമീമിന് അഞ്ചു മാസം മാത്രമായിരുന്നു പ്രായം. തുടര്‍ന്നുള്ള ബയ്‌റൂത്തിലെ ജീവിതവും അത്ര സുഖകരമായിരുന്നില്ലെന്ന് ബര്‍ഗൂതി പറഞ്ഞിട്ടുണ്ട്. പിന്നീട് ബുഡാപെസ്റ്റിലേക്ക് പോയി. അവിടെ വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ഡെമോക്രാറ്റിക് യൂത്തില്‍ യാസിര്‍ അറഫാത്തിന്റെ പി.എല്‍.ഒയുടെ പ്രതിനിധിയായി.വര്‍ഷത്തില്‍ രണ്ടു തവണ മാത്രം തന്നെ സന്ദര്‍ശിക്കുന്ന ഭാര്യയെയും മകനെയും കണ്ടു.
ബുഡാപെസ്റ്റ് സുന്ദരമായ നഗരമായിരുന്നുവെന്ന് ബര്‍ഗൂതി എഴുതി. നഗരത്തില്‍ കലകള്‍ നിറഞ്ഞുനില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ അതിലും മനോഹരമായ അറബ് കലകള്‍ ഏറെ അകലെയായിരുന്നു. അതെനിക്ക് വലിയ നഷ്ടമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. 2005ലെ മിഡ്‌നൈറ്റ് എന്ന കവിത ബര്‍ഗൂതിയെന്ന കവിയുടെ സമ്പൂര്‍ണതയായിരുന്നു. ഇറാഖിലെ അബൂഗുറൈബ് ജയിലില്‍ അമേരിക്കന്‍ സൈനികര്‍ നടത്തിയ പീഡനങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അത്. കവിതയെഴുതുമ്പോള്‍ അബൂഗുറൈബിലെ പീഡനമുറിയില്‍ മുഖംമൂടിയിട്ട് കൈവിരലില്‍ വൈദ്യുതി വയറുകള്‍ ഘടിപ്പിച്ച തടവുകാരനായി താനിരുന്നുവെന്നും സെപ്റ്റംബര്‍ 11ന് അമേരിക്കയിലെ ഇരട്ടഗോപുരങ്ങള്‍ ഇടിച്ചു തകര്‍ക്കപ്പെട്ടപ്പോള്‍ ഗോപുരങ്ങളിലൊന്നിലെ ജനാലയിലൂടെ പുറത്തേക്ക് തെറിച്ചുവീണുവെന്നും ബര്‍ഗൂതി പറഞ്ഞു. ലബനാനിലെ ഷബ്‌റഷത്തീലയില്‍ 1982ല്‍ ഇസ്‌റാഈല്‍ കൂട്ടക്കൊല നടത്തുമ്പോള്‍ വെടിയേറ്റ് മരിച്ചവരിലൊരാളായി താനുമുണ്ടായിരുന്നു. 2000 മുഹമ്മദ് അല്‍ ദുര്‍റയെന്ന ബാലനെ പിതാവിന്റെ മടിയില്‍വച്ച് വെടിവച്ചുകൊന്നപ്പോള്‍ മകനു വെടിയുണ്ടയേല്‍ക്കുന്നത് തടയാന്‍ സ്വന്തം ശരീരം മുന്നില്‍ നിര്‍ത്തിയ പിതാവ് താനായിരുന്നു. അവിടെ താന്‍ ഒരേ സമയം പിതാവും മകനുമായിരുന്നു- ബര്‍ഗൂതി എഴുതി.
ദേര്‍ ഗസാനേഹ് ഗ്രാമത്തിലെ കുട്ടിക്കാലത്ത് കേട്ട ഫലസ്തീനികള്‍ നഖ്ബ എന്ന് വിളിക്കുന്ന ഫലസ്തീന്‍ പലായനത്തെക്കുറിച്ച് ബര്‍ഗൂതി പറയുന്നുണ്ട്. 'ഇസ്‌റാഈല്‍ രൂപീകരണത്തോടെ ഫലസ്തീന്‍ പലായനം തുടങ്ങുന്ന കാലമായിരുന്നു അത്. തങ്ങളുടെ പുരയിടത്തിലേക്ക് പലായനം ചെയ്ത അഭയാര്‍ഥികളില്‍ നിന്നാണ് താനത് കേട്ടത്. ഇസ്‌റാഈലികള്‍ ഫലസ്തീനകളെ കൂട്ടക്കൊല ചെയ്യുന്നതും ബാക്കിയുള്ളവരെ ആട്ടിപ്പായിക്കുന്നതും അവരുടെ ഭൂമി പിടിച്ചെടുക്കുന്നതും താന്‍ കേട്ടു. 1948ലെ ദേര്‍ യാസീന്‍ കൂട്ടക്കൊലയും താന്‍ കേട്ടു. നഖ്ബയെന്നാല്‍ കുട്ടിക്കാലത്ത് ക്രൂരമായി കൊലചെയ്യപ്പെട്ട ഫലസ്തീനികളായിരുന്നു. ഫലസ്തീനികളുടെ ചോരയും കണ്ണീരുമായിരുന്നു. വെസ്റ്റ് ബാങ്കിന് അക്കാലത്ത് നഖ്ബ അനുഭവവേദ്യമായിരുന്നില്ല. എന്നാല്‍, 1967ല്‍ സൈനികാധിനിവേശത്തിന്റെ രൂപത്തില്‍ നഖ്ബ തങ്ങളെയും തേടിവന്നു. പലായനം ചെയ്യുന്ന ആയിരക്കണക്കിന് അഭയാര്‍ഥികള്‍ക്കൊപ്പം വെസ്റ്റ് ബാങ്കും ചേര്‍ന്നു'. അതില്‍ ബര്‍ഗൂതിയുമുണ്ടായിരുന്നു. ആര്‍ക്കുവേണ്ടിയാണ് എഴുതിയിരുന്നതെന്ന് തന്നോട് പലരും ചോദിച്ചിരുന്നുവെന്ന് ബര്‍ഗൂതി പറഞ്ഞു. എഴുതുമ്പോള്‍ മനസ്സില്‍ക്കണ്ടൊരു വായനക്കാരനുണ്ടായിരുന്നോ. ബര്‍ഗൂതി പറഞ്ഞു; അങ്ങനെയൊന്നുണ്ടായിരുന്നില്ല. ഉള്‍വിളി കേട്ടാണ് കടലാസിലേക്ക് പേന വയ്ക്കുന്നത്. വര്‍ഷങ്ങളോളം മനസില്‍ പരുവപ്പെടുത്തിയെടുത്ത വരികളായിരിക്കുമത്. രണ്ടു വരി കവിതയെഴുതിയാണ് തുടങ്ങിയത്. തന്നോടു തന്നെ സംസാരിക്കുകയായിരുന്നുവെന്ന് മനസിലാക്കി. അവിടെ മുന്നില്‍ വായനക്കാരനുണ്ടായിരുന്നില്ല. എഴുതിക്കഴിഞ്ഞ കവിതകള്‍ പ്രസിദ്ധീകരിക്കാന്‍ ഏറെക്കാലം മടിച്ചു നിന്നു. മറ്റൊരാള്‍ വായിക്കേണ്ടതാണെന്ന തോന്നിയ കാലത്താണ് പ്രസിദ്ധീകരിക്കാന്‍ തുടങ്ങുന്നത് '. മൗറിദ് ബര്‍ഗൂതിയുടെ വേദനകള്‍ മാത്രമല്ല, ഫലസ്തീന്റെ വേദനകളും ലോകം കാണണമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."