'പ്രവര്‍ത്തകരുടെ മേല്‍ കൈവച്ചവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാം'; ബി.ജെ.പി നേതാവിന്റെ ഭീഷണി പ്രസംഗം പുറത്ത്
കണ്ണൂര്‍: തലശേരി സി.പി.എം പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നാലെ ബി.ജെ.പി നേതാവ് പ്രകോപന പ്രസംഗത്തിന്റെ വിഡിയോ പുറത്ത്. ക്ഷേത്രത്തിലെ സംഘര്‍ഷത്തെ തുടര്‍ന്നുള്ള പ്രതിഷേധത്തിനിടയിലായിരുന്നു ഭീഷണി പ്രസംഗം. തലശേരി കൊമ്മല്‍ വാര്‍ഡ് കൗണ്‍സിലര്‍ വിജേഷ് നടത്തിയ പ്രകോപനപരമായ പ്രസംഗത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. നമ്മുടെ പ്രവര്‍ത്തകരുടെ മേല്‍ കൈവച്ചാല്‍ അതെങ്ങനെയാണ് കൈകാര്യം ചെയ്യണ്ടേതെന്ന് കൃത്യമായി അറിയാമെന്നായിരുന്നു ലിജേഷിന്റെ പ്രസംഗം.
'പൂന്നോത്ത് ക്ഷേത്രത്തില്‍ വെച്ച് സി.പി.ഐ.എമ്മിന്റെ രണ്ടുപേര്‍ നേതൃത്വം നല്‍കികൊണ്ട് ബി.ജെ.പി പ്രവര്‍ത്തകരെ ആക്രമിച്ചു. വിഷയത്തെ വളരെ വൈകാരികമായിട്ടാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഏറ്റെടുത്തിട്ടുള്ളത്. നമ്മുടെ പ്രവര്‍ത്തകരുടെ ശരീരത്തിന് മേല്‍ കൈ വെച്ചാല്‍ അത് എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന ബോധ്യം നേതൃത്വത്തിനുണ്ട്. ഏത് രീതിയിലാണ് അത് കൈകാര്യം ചെയ്യേണ്ടതെന്ന് കഴിഞ്ഞ കാലങ്ങളിലെ ചരിത്രം പരിശോധിച്ചാല്‍ അറിയും. ഇവിടെയുള്ള സി.പി.ഐ.എമ്മിന്റെ നേതാക്കള്‍ക്ക് അക്കാര്യം നന്നായിട്ട് അറിയാം,' എന്നാണ് വിജേഷ് അന്ന് പറഞ്ഞിരുന്നത്.
ബി.ജെ.പി- ആര്.എസ്.എസ് നേതൃത്വം നേരത്തെ ആസൂത്രണം ചെയ്ത നടത്തിയ കൊലപാതകമാണെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന് നേരത്തെ പറഞ്ഞിരുന്നു. ഇന്ന് പുലര്‍ച്ചയാണ് സി.പി.ഐ.എം പ്രവര്‍ത്തകനായ പുന്നോല്‍ സ്വദേശി ഹരിദാസനെ വെട്ടിക്കൊന്നത്. മത്സ്യത്തൊഴിലാളിയാണ് ഹരിദാസന്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ പുലര്‍ച്ചെയാണ് ഹരിദാസനെ ബൈക്കിലെത്തിയ നാലംഗ സംഘം വെട്ടിക്കൊന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."