ബി.ജെ.പിയെ 'വളഞ്ഞിട്ട് പിടിക്കാൻ' ചന്ദ്രശേഖർ റാവു
ഉദ്ധവ് താക്കറെയുമായും പവാറുമായും ചർച്ച നടത്തി
മുംബൈ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിരുദ്ധ സഖ്യം രൂപീകരിക്കുന്നതിന് നിർണായക നീക്കവുമായി തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു. ഇന്നലെ മുംബൈയിലെത്തി ശിവസേന അധ്യക്ഷൻ കൂടിയായ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായും എൻ.സി.പി അധ്യക്ഷൻ ശരദ് പവാറുമായും അദ്ദേഹം ചർച്ച നടത്തി. നേരത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുമായി റാവു ചർച്ച നടത്തിയിരുന്നു. ബി.ജെ.പി വിരുദ്ധരായ വിവിധ പാർട്ടികളെ ഒരു കൂടക്കീഴിൽ എത്തിക്കുകയും പ്രതിപക്ഷ വോട്ടുകൾ ഭിന്നിക്കാതിരിക്കുകയുമാണ് ലക്ഷ്യം. ഇക്കാര്യം നേരത്തെ ഉദ്ധവ് താക്കറെയുമായി റാവു പങ്കുവച്ചിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ ക്ഷണപ്രകാരമാണ് റാവു മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ 'വർഷ'യിലെത്തി ചർച്ച നടത്തിയത്. ബി.ജെ.പിക്കെതിരേ ദേശീയതലത്തിൽ രാഷ്ട്രീയ ഐക്യമുണ്ടാക്കാൻ യോഗം സഹായകമാകട്ടെയെന്ന് ശിവസേന മുഖപത്രം സാമ്ന പറഞ്ഞു. ശിവസേന എം.പിയും പാർട്ടി മുഖ്യ വക്താവുമായ സഞ്ജയ് റാവത്തും യോഗത്തിൽ പങ്കെടുത്തു. ബി.ജെ.പിക്കെതിരേയുള്ള റാവുവിന്റെ പോരാട്ടത്തിന് പൂർണ പിന്തുണ നൽകുമെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. മഹാരാഷ്ട്രയിൽ ശിവസേന, എൻ.സി.പി, കോൺഗ്രസ് സഖ്യമാണ് ഭരണം നടത്തുന്നത്. സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഹൈദരാബാദിലെത്തിയപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി ചന്ദ്രശേഖർ റാവു കൂടിക്കാഴ്ച നടത്തിയത്. അടുത്തതായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി ചർച്ച നടത്താനാണ് ചന്ദ്രശേഖർ റാവുവിൻ്റെ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."