യു.പിയിലെ ഒന്നും രണ്ടും ഘട്ട തെരഞ്ഞെടുപ്പ് 100 സീറ്റുകളിൽ വിജയം ഉറപ്പ്: അഖിലേഷ് യാദവ്
ലഖ്നൗ
യു.പിയിലെ ഒന്നും രണ്ടും ഘട്ട തെരഞ്ഞെടുപ്പില്‍ 100 സീറ്റുകളിൽ വിജയം ഉറപ്പെന്ന് സമാജ് വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്.
ഇന്നലെയായിരുന്നു ഉത്തർപ്രദേശിൽ മൂന്നാംഘട്ട തെരഞ്ഞെടുപ്പ്. ജസ്വന്ത് നഗറിലെ സായ്ഫായിയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അഖിലേഷ്. 14 ജില്ലകളിലെ 59 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്നലെ നടന്നത്.
'ആദ്യ രണ്ടുഘട്ടത്തിലും പാർട്ടി സെഞ്ച്വറി നേടിക്കഴിഞ്ഞു. അടുത്ത രണ്ടുഘട്ടത്തിലും ഇത് ആവർത്തിക്കും. ബുന്ധേൽഖണ്ഡ് മേഖലയിൽ പരമാവധി വോട്ട് ലഭിക്കുമെന്നാണ് കരുതുന്നത്. ഏറ്റവും കൂടുതൽ തൊഴിൽരഹിതരുള്ളത് ഇവിടെയാണ്. ലോക്ക്ഡൗണിൽ തൊഴിലാളികൾ ഏറ്റവുമധികം ദുരിതമനുഭവിച്ചത് ഇവിടെയാണ്. ഇതെല്ലാം വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നുറപ്പാണ്'- അഖിലേഷ് പറഞ്ഞു.
113 സീറ്റുകളിലേക്കാണ് ആദ്യ രണ്ടു ഘട്ടങ്ങളിൽ വോട്ടെടുപ്പ് നടന്നത്. പടിഞ്ഞാറൻ യു.പിയിലുള്ളതാണ് ഈ മണ്ഡലങ്ങൾ. ബി.ജെ.പിക്കെതിരേ ശക്തമായ ജനവികാരം നിലനിൽക്കുന്ന മേഖലയാണിത്. കർഷകർക്കും ദലിതർക്കും മുസ് ലിംകൾക്കും ജാട്ട് വിഭാഗത്തിനുമാണ് ഇവിടെ കൂടുതൽ സ്വാധീനമുള്ളത്. 2017ൽ ഇതിൽ ഒമ്പത് സീറ്റുകൾ മാത്രമായിരുന്നു എസ്.പിക്ക് ലഭിച്ചത്. 49 സീറ്റുകൾ ബി.ജെ.പിക്ക് ലഭിച്ചു. എന്നാൽ, 2017ലെ രാഷ്ട്രീയസാഹചര്യം മാറിയിട്ടുണ്ടെന്നും അത് എസ്.പിക്ക് ഗുണം ചെയ്യുമെന്നുമാണ് അഖിലേഷിൻ്റെ അവകാശവാദം.
59 മണ്ഡലങ്ങളിലായി 627 സ്ഥാനാർഥികളാണ് ബുന്ധേൽഖണ്ഡ് മേഖലയിൽ നിന്ന് ജനവിധി തേടുന്നത്.
അഖിലേഷ് മത്സരിക്കുന്ന കർഹാൽ ഉൾപ്പെടെ യാദവ വോട്ടുകൾ നിർണായകമായ 30 മണ്ഡലങ്ങൾ ഇതിലുണ്ട്. കർഹാലിൽ അഖിലേഷിൻ്റെ എതിരാളി കേന്ദ്രമന്ത്രി സത്യപാൽ സിങ് ബാഗേൽ ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."