ഹിജാബ് വിലക്കിനെതിരേ യു.എസിൽ പ്രതിഷേധം
ന്യൂയോർക്ക്
കർണാടകയിലെ സ്കൂളുകളിൽ വിദ്യാർഥിനികൾ ഹിജാബ് ധരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയതിനെതിരേയുള്ള പ്രതിഷേധം അന്താരാഷ്ട്ര തലത്തിലും ശക്തിപ്പെടുന്നു.
യു.എസിൽ ന്യൂയോർക്ക്, ന്യൂജഴ്സി, ടെക്സസ്, ഫ്ളോറിഡ തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രതിഷേധം അലയടിച്ചു. കർണാടകയിലെ ബി.ജെ.പി സർക്കാർ സ്കൂളിൽ വിദ്യാർഥികൾ ഹിജാബ് ധരിക്കുന്നത് വിലക്കിയത് ഭരണഘടനാവിരുദ്ധവും ഇസ് ലാം വിദ്വേഷം മൂലവുമാണെന്ന് പ്രതിഷേധക്കാർ കുറ്റപ്പെടുത്തി.
ഓർലൻഡോ, ഇർവിങ്, വാലി റാഞ്ച്, പ്ലാനോ, ടീനക്, പരാമസ് എന്നിവിടങ്ങളിലും പ്രതിഷേധം നടന്നതായി യു.എസിലെ ഇന്ത്യൻ വംശജരുടെയും മനുഷ്യാവകാശ സംഘടനകളുടെയും കൂട്ടായ്മയായ ഇന്ത്യയിൽ വംശഹത്യ ഇല്ലാതാക്കുന്നതിനുള്ള സഖ്യം (എ.എസ്.ജി.ഐ) അറിയിച്ചു. മസാചുസറ്റ്സ്, ഇല്ലിനോയിസ്, മിഷിഗൺ, മിസൗരി, കാലിഫോർണിയ, വാഷിങ്ടൺ, ന്യൂയോർക്ക്, ബോസ്റ്റൺ തുടങ്ങി യു.എസിൽ ഉടനീളം വരും ദിവസങ്ങളിൽ പ്രതിഷേധം നടക്കുമെന്ന് എ.എസ്.ജി.ഐ വ്യക്തമാക്കി.
എൻ്റെ ശരീരം, എൻ്റെ ഇഷ്ടം, ഹിജാബ് വിലക്ക് നീക്കുക, സ്ത്രീകൾ എന്തു ചെയ്യണമെന്ന് പറയുന്നത് നിർത്തുക, ഹിജാബ് എൻ്റെ അവകാശം, ഹിജാബ് വിലക്ക് വംശവിവേചനം തുടങ്ങിയ മുദ്രാവാക്യങ്ങളടങ്ങിയ പ്ലക്കാർഡുകൾ ഉയർത്തിയാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്.
ഇസ് ലാം എൻ്റെ ഇഷ്ടമാണ്. ഹിജാബ് ധരിക്കൽ എൻ്റെ അവകാശമാണ്- ന്യൂജഴ്സി ഓൾഡ് ബ്രിഡ്ജിലെ പ്രകടനക്കാർ പറഞ്ഞു. നേരത്തെ ഹൂസ്റ്റണിലും ടെക്സസിലും ഹിജാബ് ധരിക്കുന്ന പെൺകുട്ടികളെ പിന്തുണച്ച് നൂറിലേറെ സ്ത്രീകൾ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."