മനംനിറഞ്ഞ് മുസാബഖ കലാമേളയ്ക്ക് സമാപ്തി
പെരിന്തൽമണ്ണ
മാപ്പിളപ്പാട്ടിന്റെ ഇശലും പ്രവാചക പ്രകീർത്തനങ്ങളും പെയ്തിറങ്ങിയ ജംഇയ്യത്തുൽ മുഅല്ലിമീൻ മുസാബഖ സംസ്ഥാന ഇസ് ലാമിക കലാമേളയിൽ മലപ്പുറം വെസ്റ്റ് ജില്ലയ്ക്കു കലാകിരീടം. കേരളത്തിൽനിന്നും പുറത്തു നിന്നുമായി 20 ജില്ലകളിലെ 1,650 ഓളം കലാപ്രതിഭകളാണു സംസ്ഥാന തലത്തിൽ മാറ്റുരച്ചത്. രണ്ടു ദിവസങ്ങളായി നടന്ന കലാമേളയിൽ തുടക്കം മുതൽ കുതിപ്പ് തുടർന്ന മലപ്പുറം വെസ്റ്റ് ജില്ല 149 പോയിന്റ് നേടിയാണു പുതുചരിത്രം കുറിച്ചത്. ആദ്യമായാണു ഇസ് ലാമിക കലാ വേദിയിൽ മലപ്പുറം വെസ്റ്റ്ജില്ല കിരീടം ചൂടുന്നത്. 128 പോയിന്റ് നേടി കോഴിക്കോട് ജില്ല രണ്ടും 121 പോയിന്റ് നേടി ആതിഥേയരായ മലപ്പുറം ഈസ്റ്റ് ജില്ല മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
കന്നട വിഭാഗത്തിൽ 69 പോയിന്റ് നേടി ദക്ഷിണ കന്നട ഒന്നും 53പോയിന്റ് നേടി കുടക് ജില്ല രണ്ടാം സ്ഥാനത്തുമെത്തി. ജനറൽ വിഭാഗത്തിൽ 20 പോയിന്റോടെ ദക്ഷിണ കന്നട ഒന്നാം സ്ഥാനവും 18 പോയിന്റോടെ കോഴിക്കോടും മലപ്പുറം ഈസ്റ്റ് ജില്ലയും രണ്ടാംസ്ഥാനവും പങ്കിട്ടു. 15 പോയിന്റ് നേടിയ കണ്ണൂർ ജില്ലയാണ് മൂന്നാം സ്ഥാനത്ത്.
സൂപ്പർ സീനിയർ വിഭാഗത്തിൽ മലപ്പുറം വെസ്റ്റ് ജില്ല 49 പോയിന്റ് നേടി ഒന്നാം സ്ഥാനവും 37 പോയിന്റോടെ കണ്ണൂർ ജില്ല രണ്ടാംസ്ഥാനവും കര സ്ഥമാക്കി. കോഴിക്കോട് ജില്ല 32 പോയിന്റോടെ മൂന്നാംസ്ഥാനം നേടി. സീനിയർ വിഭാഗത്തിൽ കാസർകോട് ജില്ല 51 പോയിന്റോടെ ഒന്നാംസ്ഥാനവും 42 പോയിന്റോടെ മലപ്പുറം ഈസ്റ്റ് ജില്ല രണ്ടാംസ്ഥാനവും 41 പോയിന്റോടെ മലപ്പുറം വെസ്റ്റ് ജില്ല മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
ജൂനിയർ വിഭാഗത്തിൽ 46 പോയിന്റു നേടി മലപ്പുറം വെസ്റ്റ് ജില്ല ഒന്നാം സ്ഥാനം നേടിയപ്പോൾ 40 പോയിന്റോടെ കോഴിക്കോട് ജില്ലക്കാണ് രണ്ടാം സ്ഥാനം. 36പോയിന്റോടെ മലപ്പുറം ഈസ്റ്റ് ജില്ല മൂന്നാം സ്ഥാനവും നേടി.
ഓവറോൾ ചാംപ്യൻഷിപ്പ് നേടിയ മലപ്പുറം വെസ്റ്റ് ജില്ലക്കുള്ള കിരീടം ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിയും രണ്ടാം സ്ഥാനം നേടിയ കോഴിക്കോട് ജില്ലക്കുള്ള കിരീടം വാക്കോട് മൊയ്തീൻകുട്ടി ഫൈസിയും മൂന്നാംസ്ഥാനം നേടിയ മലപ്പുറം ഈസ്റ്റ് ജില്ലക്കുള്ള കിരീടം കൊട്ടപ്പുറം അബ്ദുല്ല മാസ്റ്ററും കൈമാറി. മുഅല്ലിം വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ മലപ്പുറം വെസ്റ്റ് ജില്ലക്ക് കൊടക് അബ്ദുറഹിമാൻ മുസ് ലിയാരും രണ്ടാംസ്ഥാനം നേടിയ കാസർകോട് ജില്ലക്ക് അബ്ദുൽ ഖാദിർ അൽ ഖാസിയും, മൂന്നാം സ്ഥാനം നേടിയ കണ്ണൂർ ജില്ലക്കു കെ.ടി ഹുസൈൻ കുട്ടി മൗലവിയും സമ്മാനങ്ങൾ നൽകി.
സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ് ലിയാർ ഉദ്ഘാടനം ചെയ്തു. എസ്.കെ ജെ.എം.സി.സി പ്രസിഡന്റ് ഡോ. ബഹാഉദ്ദീൻ മുമ്മദ് നദ്‌വി അധ്യക്ഷനായി.
സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ് ലായാർ മുഖ്യപ്രഭാഷണം നടത്തി. വാക്കോട് മൊയ്തീൻകുട്ടി ഫൈസി, സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, കൊടക് അബ്ദുറഹിമാൻ മുസ് ലിയാർ, നിയാസലി ശിഹാബ് തങ്ങൾ, പി. അബ്ദുൽഹമീദ് എം.എൽ.എ, ഡോ. എൻ.എ.എം അബ്ദുൽ ഖാദർ, കൊട്ടപ്പുറം അബ്ദുല്ല മാസ്റ്റർ, എം.എ ചേളാരി,കെ.കെ ഇബ്രാഹീം മുസ് ലിയാർ, ബി.എസ്.കെ തങ്ങൾ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."