ദീപുവിന്റെ കുടുംബത്തെ ട്വന്റി20 ഏറ്റെടുക്കും: സാബു എം. ജേക്കബ്
കിഴക്കമ്പലം
സി.പി.എം പ്രവർത്തകരുടെ മർദനത്തെ തുടർന്ന് മരിച്ച ദിപുവിന്റെ കുടുംബത്തെ ട്വന്റി-20 ഏറ്റെടുക്കുമെന്ന് ചീഫ് കോഡിനേറ്റർ സാബു എം. ജേക്കബ്. ദീപുവിൻ്റെ വീട് സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദീപുവിൻ്റെ സംസ്കാരവുമായി ബന്ധപ്പെട്ട് കൊവിഡ് മാനദണ്ഡം ലംഘിച്ചെന്ന കേസ് ഗൂഢാലോചനയുടെ ഭാഗമാണ്. മൃതദേഹം കോട്ടയത്തുനിന്നു പൊലിസ് അകമ്പടിയോടെയാണ് എത്തിച്ചത്. പൊലിസിൻ്റെ നിർദേശമനുസരിച്ചായിരുന്നു അവിടെ പ്രവർത്തനങ്ങൾ നടന്നത്. വീട്ടിലെ പൊതുദർശനത്തിൽ കേസെടുക്കാത്തത് പ്രതിപക്ഷനേതാവ് വി.ഡി സതീശനെയും കെ.പി.സി.സി വൈസ് പ്രസിഡൻ്റിനെയും സംരക്ഷിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.
കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിച്ചാൽ ആശുപത്രിയിൽ ഉൾപ്പെടെ നടത്തിയ ഗൂഢാലോചന പുറത്തുവരും. കേരളാ പൊലിസ് അന്വേഷിച്ചാൽ ഒരു പ്രതി പോലും ശിക്ഷിക്കപ്പെടില്ല. ദീപു യഥാർഥത്തിൽ ചൊവ്വാഴ്ച മരിച്ചിരുന്നു. എന്നാൽ, ഗൂഢാലോചനയുടെ ഭാഗമായാണ് വെള്ളിയാഴ്ച വരെ വെൻ്റിലേറ്ററിൽ കിടത്തിയതെന്നും വരും ദിവസങ്ങളിൽ തെളിവുകൾ ശേഖരിച്ച് വീണ്ടും മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."