നിയമസഭയ്ക്ക് വേണം അധികാരം; ഗവർണറെ പുറത്താക്കാൻ
തിരുവനന്തപുരം
നേരിട്ടുള്ള ഏറ്റുമുട്ടൽ തുടരുന്നതിനിടെ, ഗവർണറെ പുറത്താക്കാൻ അധികാരം വേണമെന്ന ആവശ്യവുമായി കേന്ദ്രത്തിന് മുന്നിൽ കേരളം. ഭരണഘടനാ ലംഘനമുൾപ്പടെയുള്ള കാര്യങ്ങളുണ്ടായാൽ ഗവർണറെ നീക്കാൻ നിയമസഭയ്ക്ക് അധികാരം നൽകണമെന്ന ആവശ്യം കേന്ദ്രസർക്കാറിന് മുന്നിൽ ഉന്നയിച്ചാണ് കേരളം പുതിയ പോർമുഖം തുറന്നത്.
കേന്ദ്ര- സംസ്ഥാന ബന്ധങ്ങളിൽ വരേണ്ട മാറ്റങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് നൽകാനായി കേന്ദ്രസർക്കാർ നിയോഗിച്ച റിട്ട. ജസ്റ്റിസ് മദൻ മോഹൻ പൂഞ്ചി കമ്മിഷൻ സമർപ്പിച്ച ശുപാർശകൾക്കുള്ള മറുപടിയിലാണ് കേരളം ഈ ആവശ്യം ഉന്നയിച്ചത്. നിയമസെക്രട്ടറി തയാറാക്കിയ റിപ്പോർട്ടിന് കഴിഞ്ഞയാഴ്ച മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. റിപ്പോർട്ട് ഉടൻ കേന്ദ്രസർക്കാരിന് സമർപ്പിക്കും.
ഭരണഘടനാ ലംഘനം കണ്ടെത്തിയാൽ ഗവർണറെ ഇംപീച്ച് ചെയ്യാൻ കഴിയണമെന്ന കമ്മിഷൻ നിലപാടിനെ ശക്തമായി പിന്തുണച്ചാണ് സർക്കാർ ഈ വിഷയത്തിൽ സുപ്രധാന ആവശ്യങ്ങൾ മുന്നോട്ടുവച്ചത്.
ഭരണഘടനാ ലംഘനം കണ്ടെത്തുമ്പോഴോ ചാൻസലർ പദവിയിൽ വീഴ്ച വരുത്തുമ്പോഴോ ക്രിമിനൽ പ്രോസിക്യൂഷൻ നടപടികളിൽ വീഴ്ച വന്നാലോ സംസ്ഥാന നിയമ സഭയ്ക്ക് ഗവർണറെ പുറത്താക്കാൻ അധികാരം വേണമെന്നാണ് കേരളം ആവശ്യപ്പെട്ടിട്ടുള്ളത്.
ഗവർണറുടെ നിയമനം സംസ്ഥാനസർക്കാരുകളുമായി ആലോചിച്ചുവേണമെന്നും ഇതിനാവശ്യമായ ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്ന ആവശ്യവും സംസ്ഥാനം ഉന്നയിച്ചിട്ടുണ്ട്.
മറ്റു ഭരണഘടനാ ചുമതലകളുള്ളതിനാൽ ഗവർണറെ ചാൻസലർ സ്ഥാനത്തിരുത്തേണ്ട കാര്യമില്ല. ഗവർണറെ പദവിയിൽനിന്നു തിരിച്ചുവിളിക്കാനുള്ള അവസരം ഉണ്ടാകണം. ക്രമസമാധാന പ്രശ്‌നമുണ്ടാകുമ്പോൾ കേന്ദ്ര സേനയെ വിന്യസിക്കാൻ സംസ്ഥാനത്തിന്റെ അനുമതിയും കൂടിയാലോചനയും വേണമെന്നുൾപ്പെടെയുള്ള നിർദേശവും കേരളം മുന്നോട്ടുവച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."