കെ.എം.എം.എല്ലില്‍ മോക്ഡ്രില്‍ നടത്തി
കൊല്ലം: ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ചവറ കെ.എം.എം.എല്‍ പരിസരത്ത് മോക്ഡ്രില്‍ നടത്തി. രാസവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന അപകടസാധ്യത കൂടിയ ഫാക്ടറികളില്‍ അടിയന്തര സാഹചര്യം നേരിടുന്നതിന് വകുപ്പുതല സംവിധാനങ്ങളുടെ കാര്യക്ഷമത പരിശോധിക്കുന്നതിനായിരുന്നു മോക്ഡ്രില്‍ സംഘടിപ്പിച്ചത്.
പതിനൊന്നിന് ഫാക്ടറിയില്‍ അപകട സൈറന്‍ മുഴക്കുകയും ഫാക്ടറി സുരക്ഷാ ഉദ്യോഗസ്ഥര്‍ വാതകം ചോര്‍ന്നതായി കലക്‌ട്രേറ്റ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചറിയിക്കുകയും ചെയ്തു. ഉടന്‍ ഫയര്‍ഫോഴ്‌സ് യൂനിറ്റ് ഫാക്ടറിയിലെത്തി വാതകം കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിക്കാതിരിക്കാന്‍ വാട്ടര്‍ കര്‍ട്ടന്‍ സംവിധാനം ഒരുക്കി. തുടര്‍ന്ന് സമീപത്തെ ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂളില്‍നിന്നും ഗേള്‍സ് ഹൈസ്‌കൂളില്‍നിന്നും 50 കുട്ടികളെ വീതം ചവറ ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ഓഡിറ്റോറിയത്തിലേക്ക് മാറ്റി. അവര്‍ക്ക് ആരോഗ്യ വകുപ്പ് അടിയന്തര ചികിത്സയും ലഭ്യമാക്കി.
മോക്ഡ്രിലില്‍ പങ്കെടുക്കുന്ന മറ്റു വാഹനങ്ങളുടെ സൗകര്യാര്‍ഥം പൊലിസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വാര്‍ത്താസംവിധാനം തകരാറായാല്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ക്യുക്ക് ഡിപ്ലോയബിള്‍ ആന്റിന (ക്യു.ഡി.എ) സംവിധാനം ദേശീയ ദുരന്തനിവാരണ സേന ഒരുക്കിയിരുന്നു. എ.ഡി.എം ഐ അബ്ദുല്‍ സലാം, കെ.എം.എല്‍.എല്‍ എം.ഡി ഡോ. ഫെബി വര്‍ഗീസ്, ഫാക്ടറീസ് ആന്‍ഡ് ബോയ്‌ലേഴസ് ഡയരക്ടര്‍ പി. പ്രമോദ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."