'ജനകീയാസൂത്രണത്തോടു പൂര്‍ണ്ണമായും സഹകരിക്കുന്ന നിലപാടാണ് അദ്ദേഹം കൈക്കൊണ്ടത്': കുഞ്ഞാലിക്കുട്ടിയെ പ്രശംസിച്ച് തോമസ് ഐസക്
കോഴിക്കോട്: മുസ് ലിം ലീഗ് നേതാവന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് മുന്‍മന്ത്രി തോമസ് ഐസക്. കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ ജീവിതം സമഗ്രമായി പരാമര്‍ശിച്ചാണ് തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ജനകീയാസൂത്രത്തിന്റെ പരിശീലനത്തിനുള്ള കൈപ്പുസ്തകത്തിലെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും എന്ന ഭാഗം വിവാദമായപ്പോള്‍ കൈവിട്ടു പോകാതിരിക്കാന്‍ സഹായിച്ചത് പി.കെ. കുഞ്ഞാലിക്കുട്ടിയാണെന്ന് തോമസ് ഐസക് കുറിച്ചു. ജനകീയാസൂത്രണത്തോടു ലീഗ് നല്ല രീതിയില്‍ സഹകരിച്ചിരുന്നുവെന്നും അതിന്റെ മുഖ്യകാരണം കുഞ്ഞാലിക്കുട്ടി ആണെന്നുമാണ് തോമസ് ഐസക് കുറിച്ചത്. നിയമസഭയിലും പുറത്തും ഒരു കടലാസ് പോലും ഇല്ലാതെ പ്രസംഗിക്കാനും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും പി.കെ കുഞ്ഞാലിക്കുട്ടിക്ക് കഴിയുമെന്നും തോമസ് ഐസക് കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മുസ്ലിംലീഗ് പൊതുവില്‍ ജനകീയാസൂത്രണത്തോടു നല്ലരീതിയില്‍ സഹകരിച്ചിരുന്നു. ഇതിന്റെ മുഖ്യകാരണം ശ്രീ. പി.കെ. കുഞ്ഞാലിക്കുട്ടി സ്വീകരിച്ച സമീപനമാണ്. 29-ാം വയസ്സില്‍ 1980-ല്‍ അദ്ദേഹം മലപ്പുറം മുനിസിപ്പാലിറ്റിയുടെ ചെയര്‍മാനായി. 1982-ല്‍ എംഎല്‍എ ആയെങ്കിലും ചെയര്‍മാന്‍ സ്ഥാനവും തുടര്‍ന്നു. ഈ രണ്ട് പദവികളും മലപ്പുറം നഗരത്തിന്റെ വികസനത്തിനായി ഉപയോഗപ്പെടുത്തി ഗവണ്‍മെന്റ് കോളേജില്‍ പ്രവര്‍ത്തിച്ചിരുന്ന മലപ്പുറം കളക്ട്രേറ്റ് ഇന്നത്തെ സ്ഥാനത്തേയ്ക്കു മാറ്റിസ്ഥാപിച്ചത് അക്കാലത്താണ്. വനിതാ കോളേജ്, കോട്ടമൈതാന നവീകരണം, ഷോപ്പിംഗ് കോംപ്ലക്‌സ്, പല പ്രധാനപ്പെട്ട റോഡുകള്‍ തുടങ്ങിയവയിലെല്ലാം ചെറുപ്പക്കാരനായ അദ്ദേഹത്തിന്റെ കൈയ്യൊപ്പുണ്ടായിരുന്നു.
എംഎസ്എഫിന്റെ പ്രവര്‍ത്തകനായിട്ടാണു രാഷ്ട്രീയ രംഗപ്രവേശനം. സംസ്ഥാന ട്രഷറര്‍ ആയി. ഫറൂഖ് കോളേജ് യൂണിയന്‍ സെക്രട്ടറിയായി. എങ്കിലും രാഷ്ട്രീയ മേഖലയില്‍ അറിയപ്പെടുന്ന വ്യക്തിത്വമായി മാറിയത് മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ എന്ന നിലയിലാണ്.
ജനകീയാസൂത്രണം മലപ്പുറത്തെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമണ്ഡലത്തില്‍ വരുത്താവുന്ന നാടകീയ മാറ്റത്തെക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നു. ആദ്യമായിട്ടാണു ജില്ലയ്ക്ക് ജനസംഖ്യാനുപാതികമായ സാമ്പത്തിക സഹായം സംസ്ഥാന സര്‍ക്കാരില്‍ നിന്നും ലഭിക്കുന്നത്. ഇതു സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നതുകൊണ്ട് രാഷ്ട്രീയ അഭിപ്രായവ്യത്യാസമെല്ലാം ഉണ്ടായിരുന്നുവെങ്കിലും ജനകീയാസൂത്രണത്തോടു പൂര്‍ണ്ണമായും സഹകരിക്കുന്ന നിലപാടാണ് അദ്ദേഹം കൈക്കൊണ്ടത്. മലപ്പുറം ജില്ലയിലെ ജനകീയാസൂത്രണ നടത്തിപ്പു സംബന്ധിച്ച് പലവട്ടം ഞങ്ങള്‍ അദ്ദേഹവുമായി കൂടിയാലോചിച്ചിട്ടുണ്ട്.
ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യരായിട്ടുള്ള യുവരാഷ്ട്രീയ പ്രവര്‍ത്തകരെ കെആര്‍പിമാരായി അദ്ദേഹം തെരഞ്ഞെടുത്തു. ഞങ്ങള്‍ പ്ലാനിംഗ് ബോര്‍ഡില്‍ നിന്നും തെരഞ്ഞെടുത്തതാകട്ടെ ഒട്ടുമിക്കപേരും പരിഷത്ത് പ്രവര്‍ത്തകരായിരുന്നു. അതില്‍ ഒരു അലോഹ്യവും അദ്ദേഹം പ്രകടിപ്പിച്ചില്ല. മലപ്പുറം ജില്ലയില്‍ നിന്നുള്ള കെആര്‍പിമാര്‍ ഒരു ടീമായിതന്നെ പ്രവര്‍ത്തിച്ചു. ഇത് ഫലപ്രദമായ ആസൂത്രണത്തിനും പദ്ധതി നിര്‍വ്വഹണത്തിനും വഴിയൊരുക്കി.
രണ്ടാംഘട്ട പരിശീലനവേളയില്‍ കൈപ്പുസ്തകത്തില്‍ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പരാമര്‍ശിക്കുന്ന ഒരു ഭാഗമുണ്ടായിരുന്നു. അതു വിവാദമായി. കാര്യങ്ങള്‍ കൈവിട്ടു പോകാതിരിക്കാന്‍ ഞാന്‍ ആദ്യം ചെയ്തത് ശ്രീ. കുഞ്ഞാലിക്കുട്ടി സാഹിബിനെ ഫോണ്‍ ചെയ്യുകയായിരുന്നു. ഇനി കൈപ്പുസ്തകം അച്ചടിക്കുകയാണെങ്കില്‍ വിവാദഭാഗങ്ങള്‍ ഒഴിവാക്കണമെന്ന ധാരണയില്‍ പ്രശ്‌നം തീര്‍ത്തു. ഒരു പത്രത്തിലും ഇതു വാര്‍ത്തയുമായില്ല.
ജനകീയാസൂത്രണത്തിനു തൊട്ടുമുമ്പ് അദ്ദേഹമായിരുന്നു മുനിസിപ്പല്‍ മന്ത്രി. 8 തവണ നിയമസഭാ അംഗമായി. ഒരു തവണ പാര്‍ലമെന്റ് അംഗവും. 5 മന്ത്രിസഭകളില്‍ അംഗമായി. ഏറ്റവും കൂടുതല്‍കാലം വ്യവസായ മന്ത്രിയായി ഇരുന്നിട്ടുള്ളത് ശ്രീ. കുഞ്ഞാലിക്കുട്ടിയാണ്. 2001-06 കാലത്ത് വ്യവസായ വകുപ്പിനോടൊപ്പം ഐറ്റി വകുപ്പും അദ്ദേഹത്തിനായിരുന്നു. അക്കാലത്താണ് അക്ഷയ പ്രസ്ഥാനം ആരംഭിക്കുന്നത്.
ഇക്കഴിഞ്ഞ 18-ന് പഞ്ചായത്ത് ദിനാഘോഷവുമായി ബന്ധപ്പെട്ട് ജനകീയാസൂത്രണത്തിന്റെ 25-ാം വാര്‍ഷികാഘോഷങ്ങള്‍ മലപ്പുറത്ത് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം തുറന്നു സമ്മതിച്ചു.
''കേരളത്തിലെ സാധാരണ ജനജീവിതത്തെ മുന്നോട്ടുനയിക്കുന്നതില്‍ ശക്തമായ ഇടപെടല്‍ നടത്തിയ പദ്ധതിയാണ് ജനകീയാസൂത്രണം.'' തദ്ദേശഭരണ വകുപ്പിന്റെ ഏകീകരണവും കോമണ്‍ കേഡറിന്റെ രൂപീകരണവും അദ്ദേഹം സ്വാഗതം ചെയ്തു. സാധാരണ ജനങ്ങളുടെ സേവനാവകാശങ്ങള്‍ വേഗതയില്‍ ലഭ്യമാക്കാന്‍ ഈ മാറ്റം സഹായിക്കും. എന്നാല്‍ ഉദ്യോഗസ്ഥരുടെ മനോഭാവത്തില്‍ ആവശ്യമായ മാറ്റം വരുത്താനുള്ള ഇടപെടല്‍ വേണമെന്നും അദ്ദേഹം സൂചിപ്പിച്ചു. നിയമസഭയില്‍ ആയാലും പുറത്തായാലും തല്‍സമയ പ്രസംഗമാണു ശൈലി. നിയസഭയില്‍ ചോദ്യങ്ങള്‍ക്കു മറുപടി പറയുമ്പോഴും അങ്ങനെ തന്നെ. ഒരു കടലാസും കൈയ്യില്‍ ഉണ്ടാവില്ല. പക്ഷെ കൃത്യമായി ചോദ്യങ്ങളോടു പ്രതികരിക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."